ഇന്ന് ലോക കരൾദിനം

 ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരൾ. ശരീരത്തിൽ പ്രവേശിക്കുന്ന വിഷാംശങ്ങൾ നീക്കം ചെയ്യുക, വൈറ്റമിനുകൾ, കൊഴുപ്പ്, ഗ്ലൂക്കോസ് എന്നിവ സംഭരിക്കുക മുതലായവയാണ് കരളിന്റെ പ്രധാന കർത്തവ്യങ്ങൾ. കുടലിൽനിന്നുള്ള രക്തം കരളിൽക്കൂടി സഞ്ചരിച്ചാണ് ശരീരത്തിന്റെ ഇതരഭാഗങ്ങളിലേക്ക്‌ എത്തിച്ചേരുന്നത്.

കരൾവീക്കം രണ്ട് തരമുണ്ട്. മദ്യത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ആണ് ഒന്ന്. എന്നാൽ, മദ്യം ഉപയോഗിക്കാത്തവരിൽ കാണുന്ന കരൾ വീക്കത്തിന് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്നാണ് പറയുന്നത്.

കരളിലുള്ള കൊഴുപ്പ് കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നില്ലെങ്കിൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസിസ് (എൻ.എ.എഫ്.എൽ.ഡി.) എന്നു പറയും. കരളിലുള്ള കൊഴുപ്പ് കരൾ വീക്കവും കോശകലകൾക്ക് നാശവും വരുത്തുന്നുണ്ടെങ്കിൽ നോൺ ആൽക്കഹോളിക് സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ് (എൻ.എ.എസ്.എച്ച്.) എന്നു പറയുന്നു.

 എൻ.എ.എഫ്.എൽ.ഡി. രോഗികളിൽ ഭൂരിപക്ഷത്തിലും പ്രത്യേക അസുഖങ്ങൾ കാണുകയില്ല. എന്നാൽ എൻ.എ.എസ്.എച്ച്. രോഗമുള്ളവരിൽ താഴെപ്പറയുന്ന രോഗലക്ഷണങ്ങൾ കാണാറുണ്ട്.  ഉന്മേഷമില്ലായ്മ, ക്ഷീണം, തൂക്കം കുറയുക, തൊലിക്കും കണ്ണിനും മഞ്ഞനിറം, തൊലിക്കു പുറത്തുള്ള ചെറിയ രക്തധമനികൾ വികസിക്കുക, ദേഹത്ത് ചൊറിച്ചിൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

 ഇരുപത് ശതമാനം എൻ.എ.എസ്.എച്ച്. രോഗവും കാലക്രമേണ സിറോസിസ് എന്ന ഗുരുതര രോഗമായി തീരാം. ഈ അവസ്ഥയിൽ ദേഹത്ത് നീര് വയ്ക്കുക, ആന്തരികാവയവങ്ങളിൽ രക്തസ്രാവം, പേശികൾ ശോഷിക്കുക, മാനസ്സിക വിഭ്രാന്തി എന്നീ ലക്ഷണങ്ങൾ കാണാം. സാധാരണയായി ഇത്തരം രോഗികളിൽ കരളിന്റെ പ്രവർത്തനം പൂർണമായി നിലയ്ക്കുകയും കരൾ മാറ്റിവയ്ക്കൽ ചികിത്സ അനിവാര്യമായിത്തീരുകയും ചെയ്യാം.

 അമിതമായ വണ്ണമാണ് പ്രധാന രോഗകാരണമായി കരുതുന്നത്. രക്തത്തിൽ ട്രൈഗ്ലിസറൈഡ്, ചീത്ത കൊളസ്‌ട്രോളായ എൽ.ഡി.എൽ. എന്നിവ കൂടുതലായി കാണപ്പെടുന്നവർ, പ്രമേഹം, പ്രമേഹത്തിന്റെ മുന്നോടിയായ പ്രീഡയബറ്റിസ്, അമിത രക്തസമ്മർദം എന്നിവ ഉള്ളവരിലും ഈ രോഗം കാണപ്പെടുന്നു. 

രോഗം എങ്ങനെ കണ്ടെത്താം?

അമിത വണ്ണമുള്ളവർ, മദ്യപാനികൾ എന്നിവരിൽ രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താം. അൾട്രാസൗണ്ട് സ്കാനിങ്‌, കരളിന്റ ബയോപ്‌സി എന്നിവയാണ് മറ്റ് മാർഗങ്ങൾ. 

രോഗചികിത്സ

മറ്റുള്ള അസുഖങ്ങൾ ഒന്നുമില്ലെങ്കിൽ എൻ.എ.എഫ്.എൽ.ഡി.ക്ക് ചികിത്സയുടെ ആവശ്യമില്ല. ജീവിതശൈലിയിലുള്ള ചില മാറ്റങ്ങളിലൂടെ കൊഴുപ്പ് കൂടുതൽ അടിയുന്നത് തടയാം. ശരീരഭാരം കുറയ്ക്കുക എന്നതാണ് പ്രധാനം. രക്തത്തിലെ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുക. പ്രമേഹം നിയന്ത്രണവിധേയമാക്കുക. 

രോഗത്തെപ്പറ്റി ശരിയായി പഠിക്കുന്നതും കഴിക്കുന്ന മരുന്നുകളെല്ലാം ഡോക്ടറെ അറിയിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. പോഷകാഹാരം കഴിച്ച് ശീലിക്കുകയും പതിവായി വ്യായാമം ചെയ്യുകയും വേണം.

മദ്യം പൂർണമായി ഉപേക്ഷിക്കണം. കരൾരോഗ വിദഗ്ധനെയാണ് ഇത്തരം രോഗികൾ സമീപിക്കേണ്ടത്. രോഗചികിത്സയ്ക്കായി വിറ്റാമിൻ ഇ, പ്രമേഹ നിയന്ത്രണ മരുന്നുകൾ എന്നിവ നൽകും.


കൺസൾട്ടന്റ് (ഹെപ്പറ്റോളജി ആൻഡ്‌ ലിവർ ട്രാൻസ്‌പ്ളാന്റേഷൻ) ആസ്റ്റർ ഇന്റഗ്രേറ്റഡ് ലിവർ കെയർ, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി