എന്റെ എല്‍.കെ.ജിയില്‍ പഠിക്കുന്ന മകന്‍ അല്ലെങ്കില്‍ മകള്‍ നൂതന സങ്കേതിക വിദ്യയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ അടക്കം ഉപയോഗിക്കുന്നതില്‍ വിദഗ്ധരാണെന്ന് അഭിമാനം കൊള്ളുന്നവരാണോ നിങ്ങള്‍. കാര്യം നല്ലതാണെങ്കിലും കുഞ്ഞുങ്ങളിലെ അമിത ഡിജിറ്റല്‍ ഉപയോഗങ്ങള്‍ അവരം പ്രമേഹത്തിലേക്ക് തള്ളിവിടുമെന്നാണ് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം കുട്ടികളില്‍ ടൈപ്പ് ടു ഡയബറ്റിക് പിടികൂടാന്‍ ഏറെ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.  

മൂന്ന് മണിക്കൂറില്‍ അധികം കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ്, ടെലിവിഷനര്‍, കമ്പ്യൂട്ടര്‍, വീഡിയോ ഗെയിം എന്നിവയുടെ മുന്നില്‍ സ്ഥിരമായി ഇരിക്കുന്നുണ്ടെങ്കില്‍ ശരീരം പൊണ്ണത്തടിക്കും ഇന്‍സുലിന്റെ അളവ് കൂട്ടുന്നതിനും കാരണമാവുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയുന്നില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ലണ്ടന്‍ സര്‍വകലാശാലയിലെ ഒരുകൂട്ടം ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. 

കുട്ടികളുടെ സ്‌ക്രീന്‍ സമയം സമയം കുറച്ചാല്‍ കുട്ടികളുടെ പ്രമേഹസാധ്യതയും കുറക്കാമെന്നാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെന്ന വ്യത്യാസമില്ലാതെ രോഗം ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും ഏത് സമയത്തുമെത്താമെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

ഒമ്പത്, പത്ത് പ്രായത്തില്‍ പെട്ട 4500 കുട്ടികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതിനായി കുട്ടികളുടെ കൊളസ്‌ട്രോള്‍, ഇന്‍സുലിന്‍ അളവ്, രക്തസമ്മര്‍ദ്ധം, ശരീര തൂക്കം എന്നിവയാണ് പഠന വിധേമാക്കിയത്. പഠന വിധേയമാക്കിയ കുട്ടികളില്‍ നാല് ശതമാനം പേര്‍ മാത്രമാണ് തങ്ങള്‍ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് മറുപടി നല്‍കിയത്. മറ്റുള്ളവരെല്ലാം ഏതെങ്കിലും ഒരു ഉപകരണത്തിന് മുന്നില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്നവരാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇത്തരം കുട്ടികളില്‍ ടൈപ്പ് ടു ഡയബറ്റിസ് ആണ് പ്രധാനമായും കാണപ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിച്ച് വരുന്ന കുട്ടികളെയാണ് ഇത് പിടികൂടുന്നത്.  ഇത് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അന്ധതയിലേക്കും വരെ എത്തിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ലക്ഷണങ്ങള്‍

  • ഇടയ്ക്കിടെ മൂത്രമൊഴിക്കുക
  • അമിത ദാഹം
  • വര്‍ധിച്ച വിശപ്പ്
  • ഭാരക്കുറവ്
  • ക്ഷീണം
  • ഉന്മേഷക്കുറവും ഏകാഗ്രതക്കുറവും
  • കാഴ്ച മങ്ങല്‍
  • ചര്‍ദ്ദിയും വയറുവേദനയും