ചിത്രശലഭത്തിന്റെ ആകൃതിയില്‍ കഴുത്തിന് താഴെയായി സ്ഥിതിചെയ്യുന്ന ചെറിയ ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. ഈ ഗ്രന്ഥിയാണ് തൈറോയിഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. ഹൃദയമിടിപ്പിന്റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങി ശരീരത്തിന്റെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് തൈറോയിഡ് ഹോര്‍മോണ്‍ ആണ്. 

തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയിഡ് ഹോര്‍മോണിലെ ഈ ഏറ്റക്കുറച്ചിലുകള്‍ സങ്കീര്‍ണമായി പല ശാരീരികപ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു. 

ഹൈപ്പോതൈറോയ്ഡിസം

തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി-3, ടി-4 ഹോര്‍മോണുകളുടെ അളവ് രക്തത്തില്‍ ഗണ്യമായി കുറയുന്ന അവസ്ഥയാണ് ഇത്. 40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ഈ രോഗം കൂടുതല്‍ കാണപ്പെടുന്നത്. ഹോര്‍മോണിന്റെ തോത് കുറയുന്നതിന്റെ ഫലമായി ആളുകളില്‍ അമിതമായി ക്ഷീണം, ഭക്ഷണം കഴിക്കുന്നില്ലെങ്കിലും അമിതവണ്ണം ഉണ്ടാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു.  

ടി-3,ടി-4 ഹോര്‍മോണുകള്‍ കുറയുന്നതിലൂടെ സ്ത്രീകളില്‍ ആര്‍ത്തവം ക്രമം തെറ്റാനും ആര്‍ത്തവ ദിവസങ്ങളില്‍ അമിതരക്തസ്രാവം ഉണ്ടാവാനും വഴിയൊരുക്കും. വന്ധ്യതയ്ക്കുള്ള വലിയ സാധ്യതയും ഈ അവസ്ഥയില്‍ ഉണ്ടാവുന്നുണ്ട്.  മലബന്ധം, ശബ്ദത്തിന് പതര്‍ച്ച, അമിത തണുപ്പ്, മുഖത്തും കാലിനും നീരുകെട്ടുക, മുടികൊഴിയുക തുടങ്ങിയവ ഹൈപ്പോ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാവാം. 

ചെറുപ്പക്കാരായ സ്ത്രീകളില്‍ ഈ രോഗം വന്ധ്യതയ്ക്കും ഗര്‍ഭച്ഛിദ്രത്തിനും കാരണമാവാറുണ്ട്. ഈ രോഗം കുട്ടികളില്‍ ചിലപ്പോള്‍ ജന്മനാ കാണപ്പെടാറുണ്ട്. അങ്ങനെയുള്ള കുട്ടികളില്‍ മലബന്ധമാവും പ്രധാനലക്ഷണം. കൂടാതെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്കുറവ് എന്നിവയും പ്രകടമായേക്കാം. 

ഹൈപ്പര്‍തൈറോയ്ഡിസം

തൈറോയ്ഡ് ഹോര്‍മോണ്‍ അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഇരുപത് വയസ് മുതല്‍ അമ്പത് വയസുവരെയുള്ള  സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇതിന് പ്രധാന കാരണം ഓട്ടോ ഇമ്യൂണ്‍ രോഗമായ ഗ്രേവ്‌സ് ആണ്. പാരമ്പര്യമായും രോഗം  വരാം. അമിതക്ഷീണം, അതിയായ വിശപ്പ്, ആഹാരം കൂടുതല്‍ കഴിച്ചിട്ടും തൂക്കം കുറയുക, അമിത ഹൃദയമിടിപ്പ്, വിറയല്‍, അധിക വിയര്‍പ്പ്, ഉഷ്ണം സഹിക്കാന്‍ ത്രാണിയില്ലായ്മ, ആകാംക്ഷ, ഉറക്കക്കുറവ്, വയറിളക്കം, മാസമുറക്രമക്കേടുകള്‍, കണ്ണ് പുറത്തേക്ക് തള്ളിവരുന്ന അവസ്ഥ (എകേ്‌സാല്‍ഫ്താല്‍മോസ്) എന്നിവയാണ് ലക്ഷണങ്ങള്‍.

ഗോയിറ്റര്‍

തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കത്തിനെയാണ് ഗോയിറ്റര്‍ എന്ന് പറയുന്നത്. കഴുത്തിനു മുന്‍വശത്ത് ഉമിനീരിറക്കുകയോ വിഴുങ്ങുകയോ ചെയ്യുമ്പോള്‍ മുകളിലോട്ടും താഴോട്ടും നീങ്ങുന്ന മുഴയായിട്ടാണ് ഗോയിറ്റര്‍ പ്രത്യക്ഷപ്പെടുന്നത്. തുടക്കത്തില്‍ കാഴ്ചയ്ക്ക് അഭംഗി മാത്രമേ കാണുകയുള്ളൂ എങ്കിലും വലിയ മുഴകള്‍ കാലക്രമേണ ശ്വാസതടസ്സം, ആഹാരമിറക്കാന്‍ വിഷമം, ശബ്ദത്തിന് പതര്‍ച്ച എന്നിവയും ഉണ്ടാകാം. അയഡിന്റെ കുറവാണ് ഗോയിറ്ററിന്റെ പ്രധാന കാരണം. ഹൈപ്പോ തൈറോയ്ഡിസവും ഹൈപ്പര്‍ തൈറോയ്ഡിസവും മൂലം ഗോയിറ്റര്‍ ഉണ്ടാവാം. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന കാന്‍സര്‍ ആണ് മറ്റൊരു കാരണം.

രക്തപരിശോധന കൂടാതെ മുഴയില്‍ നിന്ന് കുത്തിയെടുത്ത് പരിശോധനയും വേണ്ടിവരും. ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍മൂലമുള്ള മുഴകള്‍ മരുന്നുകള്‍കൊണ്ട് ചികിത്സിക്കാമെങ്കിലും പലപ്പോഴും വലിയ മുഴകള്‍ ശസ്ത്രക്രിയ വഴി നീക്കം ചെയ്യേണ്ടിവരാം. കാന്‍സര്‍ മൂലമാണ് മുഴയെങ്കില്‍ റേഡിയേഷന്‍ ചികിത്സയും വേണ്ടിവരാം.

കുറച്ച് കാലത്തേക്ക് തൈറോയ്ഡ് ഗുളിക സ്ഥിരമായി കഴിക്കേണ്ടി വരുമെങ്കിലും ഒന്നോ രണ്ടോ ദിവസം അത് വിട്ട് പോയാല്‍ പ്രശ്‌നങ്ങളുണ്ടാകുന്ന തരത്തിലുള്ളതല്ല തൈറോയ്ഡ് ഗുളികകള്‍. പക്ഷെ പരമാവധി മറക്കാതെ കഴിക്കുകയെന്നത് തന്നെയാണ് ഇതിന്റെ പ്രധാന പ്രതിരോധ മാര്‍ഗം.

ഹോര്‍മോണ്‍ വ്യതിയാനം എന്തുകൊണ്ട്? 

അയഡിന്റെ കുറവായിരുന്നു തൈറോയിഡ് ഹോര്‍മോണുകളില്‍ വ്യതിയാനം ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം. എന്നാല്‍ ഇപ്പോള്‍ ഭക്ഷണം പാകം ചെയ്യാനാടക്കം അയോഡൈസ്ഡ് ഉപ്പ് ഉപയോഗിച്ചു തുടങ്ങിയതോടെ അയഡിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടുള്ള തൈറോയിഡ് രോഗങ്ങള്‍ നിയന്ത്രണവിധേയമായി. ഇതിനു പുറമെ തൈറോയ്ഡ് ശസ്ത്രക്രിയയെത്തുടര്‍ന്നും ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ചികിത്സയ്ക്കായി റേഡിയോ ആക്ടീവ് അയഡിന്‍ ഉപയോഗിക്കുമ്പോഴും ഹോര്‍മോണ്‍ അളവ് കുറഞ്ഞ് ഹൈപ്പോ തൈറോയിഡിസം ഉണ്ടാവാം.

ശരീരത്തിലെ കോശങ്ങള്‍ക്കെതിരെ ശരീരം തന്നെ പ്രതിരോധം തീര്‍ക്കുന്ന ഓട്ടോ ആന്റി ബോഡിയിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ ഗോയിറ്ററിനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തൈറോയിഡ് പ്രശ്‌നങ്ങള്‍ക്കോ കാരണമായേക്കാം. ഇപ്പോള്‍ തൈറോയിഡ് പ്രശ്‌നങ്ങളുടെ പ്രധാനകാരണമായി വിലയിരുത്തുന്നതും ഈ വ്യതിയാനത്തെയാണ്. 

തൈറോയിഡ് രോഗങ്ങള്‍ കണ്ടെത്താം, ചികിത്സിക്കാം 

രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണ്‍ അളക്കുന്നതുവഴി രോഗനിര്‍ണയം നടത്താവുന്നതാണ്. കൃത്രിമ തൈറോയ്ഡ് ഹോര്‍മോണ്‍ ഉപയോഗിച്ചാണ് ഹൈപ്പോ തൈറോയ്ഡിസം ചികിത്സിക്കേണ്ടത്. ഈ മരുന്ന് ദീര്‍ഘകാലം ഉപയോഗിക്കേണ്ടിവരും. ഇടയ്ക്കിടെ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണ്‍നില പരിശോധിച്ച് മരുന്നിന്റെ ഡോസ് ക്രമപ്പെടത്തുകയും വേണ്ടിവരും.

ഹൈപ്പര്‍ തൈറോയിഡ് ചികിത്സയില്‍ ടി.എസ്.എച്ച് ( തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍) അളവ് കുറഞ്ഞിരിക്കും. ബീറ്റാബ്ലോക്കര്‍, മെതിമാസോള്‍, കാര്‍ബിമാസോള്‍ എന്നീ ഔഷധങ്ങള്‍ ഉപയോഗിച്ചാണ് ചികിത്സ. കൂടാതെ ശസ്ത്രക്രിയ വഴിയോ റേഡിയോ ആക്ടീവ് അയഡിന്‍ ഉപയോഗിച്ചോ തൈറോയ്ഡ് കോശങ്ങള്‍ നശിപ്പിക്കുന്നതും ചികിത്സയുടെ ഭാഗമാണ്.

തൈറോയിഡ് ഹോര്‍മോണ്‍ ഭക്ഷണത്തിലൂടെ നിയന്ത്രിക്കാം

അയഡിന്റെ കുറവാണ് തൈറോയിഡ് രോഗങ്ങളുടെ മുഖ്യകാരണമെന്നിരിക്കെ ഈ കുറവ് നികത്തലാണ് ഭക്ഷണശീലങ്ങളില്‍ വരുത്തേണ്ട പ്രധാനമാറ്റം. ഉപ്പ്, കടല്‍മത്സ്യം എന്നിവ അയഡിന്റെ നല്ല സ്രോതസ്സുകളാണ്. അയഡിന്റെ കുറവുമൂലമുള്ള തൈറോയ്ഡ് രോഗങ്ങള്‍ ഒരു പരിധിവരെ അയഡിന്‍ ചേര്‍ന്ന ഉപ്പ് ഉപയോഗിക്കുന്നതുവഴി തടയാം. കാബേജ്, കോളിഫ്‌ളവര്‍ എന്നീ പച്ചക്കറികള്‍ അമിതമായി കഴിക്കുന്നതും അയഡിന്റെ കുറവിന് കാരണമാവാം. ഗര്‍ഭിണികളിലെ അയഡിന്റെ കുറവ് കുട്ടിയുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തവിട് കളയാതെ ധാന്യങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, ചെറുമത്സ്യങ്ങള്‍ ഇവ ഭക്ഷണത്തില്‍ പെടുത്തണം. കഞ്ഞി, വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളം, കരിക്കിന്‍ വെള്ളം ഇവയും ഉള്‍പ്പെടുത്താം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ: നിഷാന്ത് ഡേവിഡ് തോമസ്, കിംസ് ഹോസ്പിറ്റല്‍ കൊല്ലം

Content Highlight: Thyroid, Thyroid Treatment,