കോഴിക്കോട്:  സംസ്ഥാനത്തെ നിലവിലുള്ള കാരുണ്യഫാര്‍മസികള്‍ അവശ്യമരുന്നുകളില്ലാതെ രോഗികളെ മടക്കുന്നതിനിടയ്ക്ക് പത്ത് പുതിയ കാരുണ്യഫാര്‍മസികള്‍ കൂടെ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഫാര്‍മസികള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. 

കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കാരുണ്യഫാര്‍മസികള്‍ പുതുതായി വരുന്നത്. തലശ്ശേരി ജനറല്‍ ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പാനൂര്‍ താലൂക്ക് ആശുപത്രി എന്നിവടങ്ങളിലാണ് പുതിയ ഫാര്‍മസികള്‍ ആരംഭിക്കുക. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, നെടുങ്കോലം താലൂക്ക് ആശുപത്രി, കോട്ടയം വൈക്കം താലൂക്ക് ആശുപത്രി, തൃശ്ശൂര്‍ ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, പാലക്കാട് താലൂക്ക് ആശുപത്രി എന്നിവടങ്ങളിലാണ് പുതുതായി തുടങ്ങുന്ന മറ്റ് കാരുണ്യ ഫാര്‍മസികള്‍.

സംസ്ഥാനത്ത പല കാരുണ്യ ഫര്‍മസികളിലും ആവശ്യത്തിന് മരുന്നുകളെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. അതിനിടെയാണ്‌ മറ്റ് പത്ത് ഫാര്‍മസികള്‍ കൂടി തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.  മരുന്ന് കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തീര്‍ത്തുനല്‍കാത്തതിനാല്‍ കമ്പനികള്‍ ഫാര്‍മസികളിലേക്ക് മരുന്ന് വിതരണം ചെയ്യാത്താതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. ഇതോടെ ഹൃദയാഘാതത്തിന് ഉടന്‍ നല്‍കേണ്ട സ്‌ട്രെപ്‌റ്റോകൈനേസ് മരുന്നടക്കമുള്ളവ പ്രധാന കേന്ദ്രങ്ങളിലടക്കം തീര്‍ന്നിട്ട് മാസങ്ങളായിരിക്കുകയാണ്. മരുന്നിന്റെ സ്റ്റോക്ക് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് കൊടുത്തുവെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കാരുണ്യഫാര്‍മസി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ അവസ്ഥയാണ് മറ്റ് ഫാര്‍മസികളിലുമുള്ളത്. 

ഒരു കുപ്പി സ്‌ടെപ്‌റ്റോകൈനസ് മരുന്ന് 890 രൂപയ്ക്ക് കാരുണ്യയില്‍ രോഗികള്‍ക്ക് ലഭ്യമാക്കിയിരുന്നുവെങ്കിലും മരുന്ന് തീര്‍ന്നതോടെ വലിയ വിലകൊടുത്ത് പുറത്ത് നിന്ന് വാങ്ങിക്കേണ്ട ഗതികേടിലാണ് പാവപ്പെട്ട രോഗികള്‍. സ്‌ട്രേപ്‌റ്റോകൈനസിന് പുറമെ സ്തനാര്‍ബുദം, വൃക്കരോഗം എന്നിവയ്‌ക്കെല്ലാം അടിയന്തരമായി നല്‍കേണ്ട മരുന്നുകളും പ്രധാന ഫാര്‍മസികളിലൊന്നും  സ്റ്റോക്കില്ല.