ബാങ്കോക്ക്: മരുന്നുകളോട് പ്രതിരോധശേഷി ആര്‍ജിച്ച മലമ്പനി രോഗാണുവിന്റെ വ്യാപനം ആഗോളഭീഷണി ഉയര്‍ത്തുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് അപകടകരമായ രീതിയില്‍ പുതിയ ഇനം മലമ്പനി പടരുന്നത്.

ആര്‍ടിമിസിനിന്‍, പൈപ്പറാക്വിന്‍ എന്നീ മരുന്നുകളാണ് മലമ്പനി ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഇതില്‍ ആര്‍ടിമിസിനിന്‍ പുതിയ രോഗാണുവിനെ നേരിടുന്നതില്‍ ഫലപ്രദമാകുന്നില്ല. പൈപ്പറാക്വിനിനെയും പ്രതിരോധിക്കാനുള്ള ശേഷി ഈ സൂപ്പര്‍ രോഗാണു കൈവരിച്ചത് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയതായി ഗവേഷകര്‍ പറയുന്നു.

കംബോഡിയയിലാണ് ഈ രോഗാണു സാന്നിധ്യം ആദ്യം കണ്ടത്. തായ്‌ലന്‍ഡ്, ലാവോസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്കും രോഗം പടരുകയാണ്. കംബോഡിയയില്‍ 60 ശതമാനത്തോളം രോഗികളിലും ചികിത്സ പരാജയമാണ്. മരുന്നുകളുടെ പരാജയം ഇവിടെ വന്‍ദുരന്തം വിതയ്ക്കാനിടയുള്ളതായി ഓക്‌സ്ഫഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ റിസര്‍ച്ച് യൂണിറ്റ് മേധാവി പ്രൊ. അര്‍ജന്‍ ഡോന്‍ഡ്രോപ് പറയുന്നു.

1955-ല്‍ ലോക മലേറിയ നിര്‍മാര്‍ജന യജ്ഞത്തിന് ലോകാരോഗ്യ സംഘടന തുടക്കമിട്ടിട്ടുണ്ടെങ്കിലും രോഗം തുടച്ചുമാറ്റാന്‍ കഴിഞ്ഞിട്ടില്ല. 2015-ല്‍ രോഗബാധിതരായ 29.6 കോടി പേരില്‍ ഏഴ് ലക്ഷത്തോളം പേര്‍ മരണത്തിന് കീഴടങ്ങിയെന്നാണ് കണക്ക്. പ്ലാസ്‌മോഡിയം ജനുസ്സില്‍പ്പെട്ട പരാദങ്ങള്‍ ഉണ്ടാക്കുന്ന രോഗം പരത്തുന്നത് അനോഫലിസ് പെണ്‍കൊതുകുകളാണ്.