Home>Diseases>Mumps
FONT SIZE:AA

രോഗപകര്‍ച്ചയും രോഗലക്ഷണങ്ങളും

അഞ്ചുവയസ്സിനും പതിനഞ്ചു വയസ്സിനും ഇടയ്ക്കുള്ള കുട്ടികളിലാണ് ഈ രോഗം അധികവും കണ്ടുവരുന്നത്. ചൂടുപനി (Measels)ചിക്കന്‍പോക്‌സ്, കൊക്കക്കുര എന്നീ രോഗങ്ങളെക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഈ രോഗം ബാധിക്കുന്നുണ്ടെങ്കിലും ഇവരില്‍ മുപ്പതു മുതല്‍ നാല്പതു ശതമാനം പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെന്നുവരില്ല. പ്രായം ചെന്നവരിലാണ് കുട്ടികളെക്കാള്‍ കൂടുതല്‍ ഗൗരവമായി രോഗലക്ഷണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും കാണപ്പെടുന്നത്.

രോഗലക്ഷണങ്ങള്‍ കാണുന്നതിന് നാലു മുതല്‍ ആറുദിവസംതൊട്ട് രോഗം മാറി ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന സമയപരിധിക്കുള്ളില്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേയ്ക്ക് രോഗം പകരാം. ആറു മാസത്തിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ ഈ രോഗം കണ്ടെന്നുവരില്ല. അമ്മയില്‍നിന്ന് രോഗപ്രതിരോധ വസ്തുക്കള്‍ (Antibodies) കുഞ്ഞിലേക്ക് പ്രവഹിക്കുന്നതുകൊണ്ടാണിത്.


ഒരു പ്രാവശ്യം ഈ രോഗം ബാധിച്ചാല്‍ രണ്ടാമതൊരു പ്രാവശ്യം ഈ രോഗം വരാനുള്ള സാധ്യത കുറവാണ്. ഉമിനീരില്‍ കൂടിയോ നേരിട്ടുള്ള സ്​പര്‍ശനം (Close Contact) വഴിയോ ഈ രോഗം ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് വ്യാപിക്കാം. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ കാണുന്നതുവരെയുള്ള കാലഘട്ടത്തിനാണല്ലോ നാം ഇന്‍കുബേഷന്‍ പീരീഡ് (Incubation Period) എന്നു പറയുന്നത്. മുണ്ടിനീരിനെ സംബന്ധിച്ചിടത്തോളം ഇന്‍കുബേഷന്‍ പീരീഡ് പതിനെട്ട് ദിവസത്തോളമാണ്.

സാധാരണയായി ഉമിനീര്‍ ഗ്രന്ഥികള്‍ മൂന്നു തരത്തിലാണുള്ളത്
1. പരോട്ടിഡ് ഗ്ലാന്‍ഡ്‌സ് (Parotic Glands) ഇവ ഇരുചെവികള്‍ക്കു താഴെയും മുന്‍വശത്തുമായി കാണപ്പെടുന്നു.

2. സബ്‌ലിന്‍ഗ്വല്‍ ഗ്ലാന്‍ഡ്‌സ് (Sublingval Glands) നാവിനടിയില്‍ ഇരുവശത്തുമായി ഇവ കാണപ്പെടുന്നു.

3. സബ്മാന്‍ഡിബുലാര്‍ ഗ്ലാന്‍ഡ്‌സ് (Sub mandibular Glands)രണ്ടുതാടിയെല്ലിന്റെയും മധ്യഭാഗത്തായി താഴെ എല്ലിനോട് ചേര്‍ന്ന് കാണപ്പെടുന്നു.

ഒന്നാമത്തെ ഗ്രൂപ്പില്‍പ്പെട്ടവയെയാണ് മുണ്ടിനീര്‍ സാധാരണ ബാധിക്കുന്നതെങ്കിലും മറ്റു ഗ്രന്ഥികളെയും അപൂര്‍വമായി ഇത് ബാധിക്കാം. സാധാരണയായി ചെവിവേദനയായിട്ടായിരിക്കാം രോഗി ഡോക്ടറെ സമീപിക്കുന്നത്. മുണ്ടിനീരിന്റെ ആദ്യഘട്ടത്തില്‍ ഇത് വെറും ചെവിവേദനയായി കരുതി ചികിത്സിച്ചെന്ന് വരാം. ഒന്നുരണ്ട് ദിവസം കഴിഞ്ഞിട്ടായിരിക്കും ഗ്രന്ഥിവീക്കം പ്രത്യപ്പെടുന്നത്.
Tags- Mumps