മാതൃഭൂമി ഡോട്ട് കോം ഫെയ്‌സ്ബുക്ക് ലൈവിലൂടെ എ.ആര്‍.എം.സിയിലെ ഐ.വി.എഫ് കണ്‍സള്‍ട്ടന്റ്  ഡോ. കെ.യു. കുഞ്ഞുമൊയ്തീന്‍  വന്ധ്യതയെക്കുറിച്ചുളള വായനക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. വായനക്കാര്‍ ചോദിച്ച ചോദ്യങ്ങളും ഡോക്ടര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും വായിക്കാം .....

എന്താണ് വന്ധ്യത

വിവാഹത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗര്‍ഭധാരണം നടക്കാത്ത അവസ്ഥയാണ് വന്ധ്യത. വന്ധ്യത വര്‍ധിക്കാനുളള ഒരു പ്രധാനകാരണം മാറിയ ജീവിതശൈലിയാണ്.കഴിഞ്ഞ പത്ത് വര്‍ഷത്തിനുളളില്‍ വിവാഹിതരായ അഞ്ച് ദമ്പതിമാരില്‍ ഒരാള്‍ക്ക് വീതം വന്ധ്യതയുണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് 20 ശതമാനത്തോളം പേര്‍ക്ക്  വന്ധ്യതയുണ്ടെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ആകെ ജനസംഖ്യ വെച്ച് നോക്കുമ്പോള്‍ ഇത് വളരെ കൂടിയ ഒരു ശതമാനം തന്നെയാണ്.

വന്ധ്യതയുടെ പ്രധാന കാരണങ്ങള്‍

വ്യായാമില്ലായ്മ, കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍,  മാനസിക സമ്മര്‍ദ്ദം, ജോലി സാഹചര്യങ്ങള്‍, പുകവലി, മദ്യപാനം. സ്ത്രീകളിലെ  ക്രമം തെറ്റിയുളള ആര്‍ത്തവം,  പോളി സിസ്റ്റ് ഓവറി സിന്‍ഡ്രോം(അണ്ഡാശയത്തില്‍ അണ്ഡോല്‍പ്പാദനത്തിന്റെ ക്രമം തെറ്റുന്നു. അണ്ഡാശയത്തിന്റെ ഉപരിതലത്തില്‍ കുമിളകള്‍ കണക്കെ ചെറിയ സിസ്റ്റുകള്‍ രൂപപ്പെടുന്നു,അമിതവണ്ണം, രോമവളര്‍ച്ച) . ഗര്‍ഭപാത്രത്തിലെ മുഴകള്‍, അണ്ഡവാഹിനിക്കുഴലിലെ തടസ്സം, പുരുഷ ബീജാണുക്കളുടെ എണ്ണത്തിലുളള കുറവ്, ചലനശേഷി കുറവ്, 
എന്നിവ . സ്ത്രീകളിലെ വന്ധ്യതയുടെ കാരണങ്ങള്‍ 90 % ചികിത്സിച്ച് ഭേദമാക്കാം. പുരുഷന്മാരില്‍ 50 ശതമാനം മാത്രമേ ഫലപ്രദമാകുന്നുളളൂ. 

വന്ധ്യതയ്ക്കുളള ചികിത്സാ രീതികള്‍

സ്ത്രീകളില്‍ ഏറ്റവും പ്രമുഖമായ ചികിത്സാ രീതി കൂടുതല്‍ അണ്ഡോല്‍പ്പാദനത്തിനും കൃത്യമായ ആര്‍ത്തവത്തിനുമായ മരുന്നുകള്‍ ഉപയോഗിക്കുന്ന ചികിത്സയാണ്. ഇത് പരാജയപ്പെട്ടാല്‍ ടെസ്റ്റ് ട്യൂബ് ചികിത്സയും പരീക്ഷിക്കും.

പുരുഷന്മാരില്‍ ജീവിതശൈലി മാറ്റം നിര്‍ദ്ദേശിച്ച ശേഷം കൗണ്ട് വര്‍ധിപ്പിക്കാനുളള മരുന്ന് നല്‍കും. ഇല്ലെങ്കില്‍ കൃത്രിമ ഗര്‍ഭധാരണം, അതായത് ഭര്‍ത്താവിന്റെ ബീജാണുക്കള്‍ ശുദ്ധീകരിച്ച് ഗര്‍ഭപാത്രത്തില്‍ കുത്തിവെക്കുന്ന ഇന്‍ട്രാ യൂട്രല്‍ ഇന്‍സെമിനേഷന്‍ ഫലപ്രദമായേക്കാം .ഇത് പരാജയപ്പെട്ടാല്‍ മാത്രമേ ടെസ്റ്റ് ട്യൂബ് ചികിത്സയ്ക്ക് നിര്‍ദ്ദേശിക്കൂ.

വന്ധ്യതയ്ക്ക് ചികിത്സ തേടേണ്ടത് എപ്പോഴാണ്

പ്രാഥമിക ഘട്ടത്തില്‍ തന്നെ ചികിത്സ തേടണം. എന്നാല്‍ 30 വയസ്സ് പ്രായമുളള സ്ത്രീകള്‍ വിവാഹം കഴിഞ്ഞ്  ഒരു വര്‍ഷത്തിനുളളിലും 30 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ വിവാഹം കഴിഞ്ഞ് 6 മാസത്തിനുളളിലും 40 വയസ്സിന് മുകളില്‍ പ്രായമുളളവരാണെങ്കില്‍ 1 മാസത്തിനുളളിലും ചികിത്സ തേടണം.

വന്ധ്യത ചികിത്സയില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്

മരുന്നിനൊപ്പം അമിതവണ്ണം നിയന്ത്രിക്കുവാനും ചിട്ടയായ ജീവിതശൈലി പിന്തുടരാനും ദമ്പതികള്‍ ശ്രദ്ധിക്കണം. ഇത്  സ്വാഭാവിക രീതിയിലുളള ഗര്‍ഭധാരണത്തിന് സഹായകമാകും  സ്ത്രീകളില്‍ അമിതവണ്ണവും കൊഴുപ്പും ഗര്‍ഭാശയ മുഴകള്‍ ഉണ്ടാക്കിയേക്കാം. പുരുഷന്മാരിലെ അമിതവണ്ണം വൃഷണത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തേയും ബീജാണുക്കളുടെ ഗുണമേന്മയേയുമ ബാധിക്കും. 
ഒരു ആര്‍ത്തവചക്രത്തില്‍ പത്താം ദിവസത്തെ മുതല്‍ തുടര്‍ന്നുളള പത്ത് ദിവസത്തിലാണ് ഗര്‍ഭധാരണത്തിന് സാധ്യതയുളളത് എന്ന കാര്യവും ദമ്പതികള്‍ അറിഞ്ഞിരിക്കണം. 

വിവാഹപ്രായം കൂടി വരുന്നത് വന്ധ്യതയിലേക്ക് നയിക്കുമോ

അമിതവണ്ണം കഴിഞ്ഞാല്‍ സ്ത്രീകളുടെ പ്രായം വന്ധ്യതയിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണമാണ്. ജോലിയ്ക്കും മറ്റുമായി വിവാഹം നീട്ടിവെയ്ക്കുന്നതും ഫാമിലി പ്ലാനിങും ഗര്‍ഭധാരണം വൈകുന്നതിന് കാരണമാകു. സ്ത്രീകളില്‍ 30 വയസ്സിനുളളില്‍ ആദ്യത്തെ ഗര്‍ഭധാരണം നടക്കണം. ഈ കാലയളവിലാണ് ആരോഗ്യകരമായ ഗര്‍ഭധാരണം നടക്കുക. മൂപ്പത് വയസ്സിന് ശേഷം അണ്ഡത്തിന്റെ ഗുണമേന്മ കുറഞ്ഞ് വരും.മാത്രമല്ല ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍ കൂടാനും കാരണമാകും. 

കാന്‍സര്‍ ചികിത്സ കീമോതെറാപ്പി അണ്ഡോല്‍പ്പാദനത്തെ ബാധിക്കും പുരുഷ്‌നമാരുടെ വൃഷണത്തെ ബാധിക്കും. ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍, ചികിത്സയ്ക്ക് മുന്‍പ് ആരോഗ്യമുളള അണ്ഡങ്ങള്‍ ശേഖരിച്ച് വെക്കാം.

ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് വന്ധ്യതയിലേക്ക് നയിക്കുമോ

ഗര്‍ഭനിരോധനത്തിനായി കഴിക്കുന്ന ഗുളികകള്‍ രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി കഴിക്കുന്നത് വന്ധ്യതയ്ക്ക് കാരണമായേക്കാം. കൂടാതെ  ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അണുബാധ വരാതെ നോക്കാനും ശ്രദ്ധിക്കണം.  

വന്ധ്യത ചികിത്സ ചെലവേറിയതാണോ

ചെലവേറിയതാണ് കാരണം  ഒരു മരുന്നുകൊണ്ടോ ചുരുങ്ങിയ കാലത്തെ ചികിത്സ കൊണ്ടോ മാറുന്ന ഒന്നല്ല വന്ധ്യത. തുടര്‍ച്ചയായ ചികിത്സ വേണമെന്നത് കൊണ്ട് തന്നെ ചികിത്സ അല്‍പ്പം ചെലവേറിയതാണ്.