Home>Diseases>Kidney Stone
FONT SIZE:AA

മൂത്രാശയ കല്ലുകളും ഭക്ഷണവും

ഡോ. ശ്രീദേവി ജയരാജ്‌


മനുഷ്യശരീരത്തിലെ ചയാപചയ പ്രവര്‍ത്തനങ്ങളുടെ അവസാനം ഉണ്ടാകുന്ന പദാര്‍ഥങ്ങളാണ് യൂറിക് ആസിഡ്, ഫോസ്‌ഫേറ്റ്, ഓക്‌സലേറ്റ് മുതലായവ. സാധാരണയായി ഇവ സോഡിയം, കാല്‍സ്യം, മഗ്‌നീഷ്യം മുതലായ മൂലകങ്ങളോടൊപ്പം വൃക്കവഴി വിസര്‍ജിക്കപ്പെടുന്നു. എന്നാല്‍ മൂത്രത്തിന്റെ അളവ് കുറയുകയോ ഗാഢത കൂടുകയോ ചെയ്യുന്നതനുസരിച്ച് ഈ ക്രിസ്റ്റലുകള്‍ അടിഞ്ഞുകൂടുന്നു. ഒരു ഓര്‍ഗാനിക് ആവരണം ഉണ്ടാവുകയുംകൂടി ചെയ്യുമ്പോള്‍ ഇവ കല്ലുകളായി രൂപാന്തരം പ്രാപിക്കുന്നു. ഈ കല്ലുകള്‍ വൃക്കകളിലോ മൂത്രാശയത്തിലോ മൂത്രക്കുഴലുകളിലോ കാണപ്പെടാം.


പാരമ്പര്യം, കാലാവസ്ഥ, ശരീരത്തിലെ ജലനഷ്ടം, ചിലതരം വൈറ്റമിനുകളുടെ അഭാവമോ അമിത ഉപയോഗമോ, ദീര്‍ഘകാലം ശയ്യാവലംബികളായ രോഗികള്‍ എന്നീ ഘടകങ്ങളെല്ലാം മൂത്രാശയക്കല്ലുകള്‍ക്ക് കാരണമാകാം. ചൂട് കൂടുതലുള്ള കാലാവസ്ഥയിലും സൂര്യന് നേര്‍ക്ക് നിന്ന് ജോലി ചെയ്യുന്നവരിലും വിയര്‍പ്പ് കൂടുന്നതിനനുസരിച്ച് മൂത്രത്തിന്റെ അളവ് കുറയുകയും അവ കാല്‍സ്യം, യൂറേറ്റ്, ഓക്‌സലേറ്റ് ലവണങ്ങളാല്‍ ഗാഢമാക്കപ്പെടുകയും ചെയ്യുന്നു. ഈ ലവണങ്ങള്‍ പരല്‍രൂപത്തില്‍ അടിയാന്‍ ഇതു കാരണമാകുന്നു. ഗോതമ്പിനേക്കാള്‍ അരി പ്രധാനഭക്ഷണമായി ഉപയോഗിക്കുന്നവരിലും വാളന്‍പുളി ഉപയോഗിക്കുന്നവരിലും കല്ല് രൂപപ്പെടുന്നത് താരതമ്യേന കുറവാണ്. വാളന്‍പുളിയിലെ ടാര്‍ടാറിക് അമ്ലം കല്ല് രൂപീകരണം തടയാന്‍ സഹായിക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഈ രോഗത്തിന് സാധ്യതയുള്ളവര്‍ ദിവസത്തില്‍ ഏകദേശം 2-2.5 ലിറ്റര്‍ മൂത്രം ഉറപ്പുവരുത്തേണ്ടതാണ്. പ്രത്യേകിച്ച് രാത്രിയില്‍ ധാരാളം വെള്ളം കുടിക്കണം. ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് ദിവസത്തില്‍ രണ്ട് ഗ്രാമില്‍ താഴെയായി പരിമിതപ്പെടുത്തുക.
മാംസാഹാരത്തിലെ പ്രോട്ടീന്‍, കാത്സ്യം യൂറേറ്റ് കല്ലുകളുടെ നിര്‍മാണം ത്വരപ്പെടുത്തുന്നു എന്നതിനാല്‍ പ്രോട്ടീന്‍ അളവ് ദിവസത്തില്‍ 0.8-1.0 ഗ്രാം/കി.ഗ്രാം ശരീരഭാരം എന്ന രീതിയില്‍ പരിമിതപ്പെടുത്തുവാനും മാംസാഹാരങ്ങള്‍ പരമാവധി കുറയ്ക്കുവാനും ശ്രദ്ധിക്കണം.
ഭക്ഷണത്തില്‍ കാത്സ്യത്തിന്റെ അളവ് തീരെ കുറയുന്നതും വളരെ അധികം കൂടുന്നതും കല്ലുകള്‍ക്ക് കാരണമാവുന്നുണ്ട്. പ്രായത്തിനനുസരിച്ച് ആവശ്യമുള്ള അളവില്‍ കാല്‍സ്യം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. 19-50 വയസ്സ് വരെയുള്ള സ്ത്രീ-പുരുഷന്മാര്‍ക്ക് 1000 മി.ഗ്രാമും അതിനുശേഷം 1200 മി.ഗ്രാമും ദിവസത്തില്‍ ആകാം.

കല്ലുകള്‍ക്ക് കാരണമായേക്കാവുന്ന ഘടകങ്ങള്‍ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍:

കാല്‍സ്യം:
ഇലക്കറികള്‍, പാലും പാലുത്പന്നങ്ങളും മുള്ളോടുകൂടിയ ചെറുമീനുകള്‍, ചെമ്മീന്‍, ഞണ്ട്, റാഗി.
ഫോസ്‌ഫേറ്റ്: മുഴുധാന്യങ്ങള്‍, തവിട്, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, വാഴപ്പഴം, മാംസം, മത്സ്യം, പാല്‍, മുട്ട, ചീസ്, മധുരപാനീയങ്ങള്‍.

ഓക്‌സലേറ്റ്: ഇലക്കറികള്‍, മുന്തിരി, ചായ, ചോക്ലേറ്റ്, കൊക്കോ, കാപ്പി, കോള, ബീഫ്, അണ്ടിപ്പരിപ്പ്, ചേന.
പ്യൂരിനുകള്‍: ചുവന്ന മാംസം, മത്സ്യം, മാംസഭക്ഷണത്തിലെ കരള്‍, വൃക്ക, തലച്ചോര്‍ മുതലായവ.

കല്ലുകള്‍ക്ക് കാരണമായേക്കാവുന്ന ഭക്ഷണം കഴിച്ചതുകൊണ്ടുമാത്രം മറ്റു രോഗസാധ്യതാഘടകങ്ങള്‍ ഇല്ലാത്ത ഒരാള്‍ക്ക് കല്ലുകള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ മറ്റു ഘടകങ്ങളോടൊപ്പം ഇത്തരം ഭക്ഷണങ്ങള്‍ അളവില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് കല്ലുകള്‍ക്ക് കാരണമായേക്കാം.
View Slideshow