ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ മരിക്കുന്നതിന് കാരണമാകുന്ന രോഗങ്ങളിലൊന്നാണ് ഹൃദയാഘാതം. ഹൃദയത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിന് നിലയ്ക്കാത്ത രക്തപ്രവാഹം ആവശ്യമാണ്. ചിലപ്പോള്‍ കൊഴുപ്പ് കാത്സ്യം മുതലായവ ഹൃദയ ദമനികളുടെ ഭിത്തികളില്‍ അടിഞ്ഞ് കൂടി രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. ഒപ്പം രക്തവും കട്ടപിടിക്കുന്നതലൂടെ രക്തയോട്ടം നിലയ്ക്കുകയും ചെയ്യുന്നു. രക്തയോട്ടം നിലയ്ക്കുന്നതോടെ ഹൃദയത്തിലേക്കുള്ള ഓക്സിജന്റെയും പോഷക വസ്തുക്കളുടെയും വിതരണം സ്തംഭിക്കുന്നതാണ് ഹൃദയാഘാതത്തിന്റെ പ്രധാന കാരണം. 

നെഞ്ചുവേദന പ്രധാന ലക്ഷണം
നെഞ്ച് വേദനയാണ് ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണം. ഹൃദയാഘാതത്തിന്റെ വേദന പല രോഗികളിലും പല രീതിയിലാണ് അനുഭവപ്പെടുന്നത്. നെഞ്ചിന്റെ നടുവിലോ ഇടത് ഭാഗത്തോ ശക്തമായി അമര്‍ത്തുന്ന അനുഭവമാണ് ചിലര്‍ക്കുണ്ടാവുക. മറ്റ് ചിലര്‍ക്ക് നെഞ്ചില്‍ കനത്ത ഭാരം കയറ്റി വെച്ചത് പോലെ അസഹ്യമായ വിമ്മിഷ്ടം അനുഭവപ്പെടും. 
വേദന ചിലപ്പോള്‍ ഇടത് കയ്യിലേക്കും കഴുത്തിലേക്കും വ്യാപിക്കും. എന്നാല്‍ ഒട്ടും വേദനയില്ലാതെയും ഹൃദയാഘാതം ഉണ്ടാവാം. ചിലരില്‍ വേദന കഴുത്തിലോ, താടിയിലോ, വയറിലോ, ഇരുകൈകളിലോ, വിരലിലോ, പുറത്തോ വ്യാപിക്കുന്നതായി പറയാറുണ്ട്.

ചില സന്ദര്‍ഭങ്ങളില്‍ മേല്‍പറഞ്ഞ ഭാഗങ്ങളില്‍ മാത്രം വേദന അനുഭവപ്പെടുകയും ചെയ്യും. ഇത്തരക്കാരില്‍ ഹൃദ്രോഗവും ഹൃദയാഘാതവും കണ്ടുപിടിക്കാന്‍ പലപ്പോഴും താമസിക്കുകയും ചെയ്യും.

ഹൃദയാഘാതമുണ്ടാവുന്നവരില്‍ 75 ശതമാനവും നെഞ്ച് വേദന അനുഭവപ്പെടും. എന്നാല്‍ 25 ശതമാനം രോഗികള്‍ക്ക് യാതൊരു വിധത്തിലുമുള്ള നെഞ്ച് വേദനയോ വിമ്മിഷ്ടമോ മറ്റ് രോഗ ലക്ഷണങ്ങളോ അനുഭവപ്പെടുന്നില്ല. ഇങ്ങനെയുണ്ടാകുന്ന ഹൃദയാഘാതത്തെ സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് എന്ന് പറയുന്നു.

ഹൃദ്രോഗമുണ്ടെന്നറിയാതെ മറ്റ് രോഗങ്ങളുടെ പരിശോധനയ്ക്കിടയില്‍  ഇ.സി.ജി എടുക്കേണ്ടി വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായിരുന്നതായി രോഗി അറിയുന്നത്. പടികള്‍ കയറുമ്പോള്‍, ആയാസമുള്ള ജോലികള്‍ ചെയ്യുമ്പോള്‍, ദേഷ്യം, പേടി തുടങ്ങി മാനസിക പിരിമുറക്കമുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍, ഈ ഘട്ടങ്ങളില്‍ നെഞ്ചുവേദയുണ്ടായാല്‍ അത് ഹൃദയാഘാതത്തിന്റെ മുന്നോടിയാവാം.
 
ശ്വാസ തടസ്സം
ഹൃദയാഘാതം സംഭവിക്കുമ്പോള്‍ ശ്വാസോച്ഛ്വാസം സാധാരണ രീതിയില്‍ ചെയ്യാന്‍ കഴിയാതെ രോഗി ബുദ്ധിമുട്ടുന്നു. ഹൃദയത്തിന് ശക്തിക്ഷയം സംഭവിക്കുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത്തരക്കാരില്‍ ഈ ശ്വാസ തടസ്സം തന്നെയാണ് ഹൃദയാഘാതത്തിന്റെയും ലക്ഷണം. പ്രമേഹ രോഗികളില്‍ ഇത്തരത്തില്‍ വേദനയില്ലാത്ത ഹൃദയാഘാതമാണ് സംഭവിക്കുന്നത്.
 
തളര്‍ച്ച
ഹൃദയാഘാതം സംഭവിക്കുന്നവര്‍ക്ക് വളരെയേറെ തളര്‍ച്ച അനുഭവപ്പെടുന്നതായി കാണുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തന ക്ഷമത കുറയന്നതാണ് പ്രധാന കാരണം. ഹൃദയത്തില്‍ നിന്നും ശുദ്ധരക്തം വളരെ കുറഞ്ഞ തോതില്‍ മാത്രം ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ എത്തുന്നത് കൊണ്ടാണത്.
 
അമിത വിയര്‍പ്പ്

പെട്ടെന്നുണ്ടാകുന്ന അസാധാരണവും അമിതവുമായ വിയര്‍ക്കല്‍ ഹൃദയാഘാതത്തിന്റെയോ, ഹൃദ്രോഹത്തിന്റെയോ ലക്ഷണമാവാം. ഹൃദയാഘാതം മൂലമുണ്ടാകുന്ന ഞെട്ടല്‍ കൊണ്ടാണ് ഇപ്രകാരം രോഗി വിയര്‍ക്കുന്നത്.
 
ഛര്‍ദിയും കാലില്‍ നീരും
നെഞ്ച് വേദന കൂടുമ്പോള്‍ ഛര്‍ദിയും മനംപുരട്ടലും അനുഭവപ്പെടും. കൂടാതെ രോഗിക്ക് മാനസിക പിരിമുറക്കവും അനുഭവപ്പെടാം. ഇക്കാരണത്താല്‍ രോഗി ബോധം നഷ്ടപ്പെട്ടു വീണെന്ന് തന്നെ വരാം. ഹൃദയാഘാതം സംഭവിക്കുന്ന ചിലരില്‍ രക്തസമ്മര്‍ദം വളരെ ഉയര്‍ന്ന് കാണുന്നു. എന്നാല്‍ കടുത്ത ഹൃദയാഘാതമുണ്ടാകുമ്പോള്‍ രക്ത സമ്മര്‍ദം താണുപോവുകയും മരണം സംഭവിക്കുകയും ചെയ്യാം. നാഡിമിടിപ്പിന്റെ എണ്ണം വര്‍ധിക്കുകയും അതേസമയം ശക്തി കുറത്തുവരികയും ചെയ്യുന്നു.

രോഗ കാരണം
പ്രായം,അമിത വണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതമായ കൊളസ്ട്രോള്‍ അളവുകള്‍, പുകവലി, പുകയില ഉപയോഗം, ഹൃദ്രോഗ പാരമ്പര്യം, പ്രമേഹം, തെറ്റായ ജീവിത രീതി, സമ്മര്‍ദവും മറ്റ് മാനസിക പ്രശ്നവും ഹൃദയാഘാതത്തിന്റെ പ്രധാന കാരണമാണ്. ഹൃദ്രോഗം അമ്പത് വയസ്സു കഴിഞ്ഞ വരില്‍ കാണുന്ന രോഗമാണെന്ന് ധാരണ തെറ്റാണ്. പതിനെട്ടുകാരില്‍ പോലും ഹൃദ്രോഗബാധ കാണുന്നു. 40 വയസ്സിനോടടുപ്പിച്ച്  ഹൃദയത്തിന്റെ പ്രവര്‍ത്തനം, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് എന്നിവ പരിശോധിക്കേണ്ടതാണ്. 

കേരളവും ഹൃദ്രോഗവും
കേരളത്തിലുള്ള ആകെയുള്ള മരണ സംഖ്യയില്‍ 14 ശതമാനത്തിലേറെയും ഹൃദ്രോഗത്തെ തുടര്‍ന്നാണ്. ഒരു ലക്ഷം കേരളീയരില്‍ 382 പുരുഷന്‍മാരും 128 സ്ത്രീകളും ഹൃദ്രോഗത്തിനടിമപ്പെട്ടിരിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. ഈ സംഘ്യ മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ മൂന്ന്, ആറ് മടങ്ങ് വലുതാണ്.

ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ കേരളം ഇന്ത്യയുടെ ഹൃദ്രോഗ തലസ്ഥാനമാണ്. ഹൃദ്രോഗാനന്തരം പുരുഷന്‍മാരിലെ അറുപത് ശതമാനവും സ്ത്രീകളിലെ നാല്‍പത് ശതമാനവും ഇവിടെ 65 വയസ്സിന് മുമ്പെ മരിക്കുന്നു. 1960-70 വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ നാല്‍പത് വയസിന് മുമ്പ് കേരളത്തില്‍ ഹാര്‍ട്ട് അറ്റാക്ക് വിരളമായിരുന്നു. എന്നാല്‍ 1990 ആയപ്പോള്‍ ഹാര്‍ട്ട്അറ്റാക്ക് ഉണ്ടാക്കുന്ന പുരുഷന്‍മാരുടെ സംഖ്യ നാല്‍പത് മടങ്ങായി വര്‍ധിച്ചു. കേരളത്തില്‍ ഇരുപത് ശതമാനം ഹാര്‍ട്ട് അറ്റാക്കും 50 വയസ്സിന് താഴെയുള്ളവരില്‍ സംഭവിക്കുന്നു.

വര്‍ധിച്ച ഹൃദ്രോഗ പരിശോധനാ ചികിത്സാ ചെലവുകള്‍ കേരളത്തിന്റെ ഗാര്‍ഹിക വരുമാനത്തിന്റെ 20 ശതമാനത്തിലേറെ വരും. ഹാര്‍ട്ട് അറ്റാക്കിന് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന അറുപത് ശതമാനം സമ്പന്നര്‍ക്കും 80 ശതമാനം ഇടത്തരക്കാര്‍ക്കും ഭീമമായ തുക ചെലവാക്കേണ്ടി വരുന്നു. കേരളത്തിലെ ഗ്രാവാസികളില്‍പോലും ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന അപകട ഘടകങ്ങള്‍ കുമിഞ്ഞ് കൂടുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ പ്രധാന കാരണം തെറ്റായ ജീവിത ശൈലിയും ഭക്ഷണ ശീലവും തന്നെ.