ഇന്ത്യന്‍ നഗരങ്ങളിലെ പതിനാല് ശതമാനം പേരും മലബന്ധത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെന്നാണ് ഈയിടെ നടത്തിയ ഒരു സര്‍വ്വെ വ്യക്തമാക്കുന്നത്. ആഗോള ശരാശരിയായ 10 ശതമാനത്തേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. മാറിയ ജീവിത സാഹചര്യവും ആഹാര രീതിയിലെ മാറ്റവുമാണ് മലബന്ധത്തിന് പ്രധാന കാരണമായി വിദഗ്ധര്‍ പറയുന്നതെങ്കിലും ഇതിനെ അത്ര നിസാരമായി കാണരുത്. കാരണം മലബന്ധം ഹാര്‍ട്ട് അറ്റാക്കിനും സ്‌ട്രോക്കിനും വരെ കാരണമാവുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അസ്വസ്ഥത, എരിച്ചില്‍, പരിഭ്രമം, മനംപിരട്ടല്‍, ഛര്‍ദ്ദിക്കാനുള്ള തോന്നല്‍, വയറു വീര്‍ത്തിരിക്കുക, വയറു വേദന എന്നിവയാണ് മലബന്ധത്തിന്റെ പ്രധാന ലക്ഷ്ണമായി പറയുന്നത്.

മൂന്ന് ദിവസത്തില്‍ കൂടുതല്‍ മലശോധനം നടന്നിട്ടില്ലാത്തയാളെ മലബന്ധ രോഗിയായി കണക്കാക്കാം. അഞ്ചില്‍ മൂന്നു പേരും മലബന്ധത്തിന്റെ ബുദ്ധിമുട്ട് ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളവരാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തില്‍ ആവശ്യത്തിന് ജലാംശമില്ലാത്തതും ഫൈബറിന്റെ അഭാവവുമാണ് മലബന്ധത്തിന് വഴിയൊരുക്കുന്നത്. വ്യായാമത്തിന്റെ കുറവും ഏതെങ്കിലും മരുന്നുകളുടെ പാര്‍ശ്വഫലമായും  ഇത് സംഭവിക്കാം. മലബന്ധം പലവിധമുണ്ട്. വല്ലപ്പോഴും സംഭവിക്കുന്നതും യാത്ര സംബന്ധമായുണ്ടാകുന്നതും വിട്ടുമാറാത്തതുമുണ്ട്. 

പുരുഷന്മാരേക്കാള്‍  മലബന്ധ സാധ്യത കൂടുതല്‍ സ്ത്രീകള്‍കളിലാണ്. വിട്ടുമാറാത്ത മലബന്ധമുള്ളവരില്‍ ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കുകളും സാധാരണമാണ്. മലബന്ധമുള്ളവര്‍ക്ക് ശോധനയ്ക്ക് ആവശ്യത്തിലധികം ബലം നല്‍കണം. രക്ത ഓട്ടം കുറയുന്നതിനും ഇത് കാരണമായേക്കാം. ഇത് രക്തം കട്ടയാകുന്നതിന് സാധ്യത കൂട്ടുന്നു. ചില സാഹചര്യങ്ങളില്‍ ഹൃദയാഗാധത്തിനും ഇത് കാരണമാകുന്നു. 

മലബന്ധം തടയുന്നതിന് സ്വീകരിക്കാവുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം

കൂടുതല്‍ വെള്ളം കുടിക്കുക: ശരിയായ മലശോധനയ്ക്കു വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. ഭക്ഷണത്തില്‍ കൂടുതല്‍ ഫൈബറടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ആവശ്യത്തിന് ജലാംശം അകത്തു ചെല്ലുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഭക്ഷണത്തില്‍ കൂടുതലും ദ്രാവക രൂപത്തിലുള്ളത് ഉള്‍പ്പെടുത്തുന്നതാണ് ഉത്തമം.

മലബന്ധത്തിന് അയവുവരുത്താന്‍ ഫൈബര്‍ ഉത്തമമാണ്. അതുകൊണ്ടു തന്നെ നാരുകള്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ കഴിക്കണം. ഭക്ഷണ രീതിയില്‍ അടിക്കടി മാറ്റം വരുത്തരുത്. അത് ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇല പച്ചക്കറികല്‍, ബീന്‍സ്, നട്ട്സുകള്‍ തുടങ്ങിയവയെല്ലാം നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ്. ഡയറി ഉല്‍പ്പന്നങ്ങളായ കട്ടിതൈര്, പാല്‍, ചീസ് തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. ഉദരം വീര്‍ക്കല്‍, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഇത് വഴിയൊരുക്കും. ഇതില്‍ ദഹനത്തിന് വഴിയൊരുക്കുമെന്നതിനാല്‍ കട്ടി തൈര് മാത്രം വേണമെങ്കില്‍ പരിഗണിക്കാം. പതിവായി തൈര് ഉപയോഗിക്കുന്നത് മലശോധന എളുപ്പമാക്കും.

സസ്യഹാരം ശീലമാക്കുക: ധാരാളം ഫൈബര്‍ ഉളള സസ്യഹാരം ശീലമാക്കുക. നാരുകള്‍ കൂടുതലുള്ള ഭക്ഷണം ജലാംശം ശേഖരിച്ച് ശോധനയില്‍ അയവുവരുത്തും. ഇത് സിന്തറ്റിക്കും സ്റ്റിമുലേറ്റീവുമായ ലാക്സേറ്റീവ്സിനേക്കാള്‍ സുരക്ഷിതവും ഫലപ്രദവുമാണ്. ഫലൂദ തൊണ്ടുകള്‍, ഉലുവ എന്നിവയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ലാക്സേറ്റീവുകളാണ് ഇവ. മലശോധനം ഫലപ്രദമാക്കാനും ഇവവേള വര്‍ധിപ്പിക്കാനും ഇവ ഉപകാരപ്രദമാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്. 

മാഗ്‌നീഷ്യം കൂടുതലുള്ള ഭക്ഷണം ഉള്‍പ്പെടുത്തുക: മലബന്ധത്തിന് അയവുവരുത്തുന്നതില്‍ മാഗ്‌നീഷ്യം വളരെയധികം ഉപകാരപ്രദമാണ്. അനുബന്ധമായാണ് മാഗ്‌നീഷ്യം കഴിക്കുന്നതെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.

കൃത്രിമ ഭക്ഷണം ഒഴിവാക്കുക: വറുത്തതും പൊരിച്ചതുമായ ചിക്കന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. സംസ്‌കരിച്ച ഭക്ഷണം പതിവായി ഉപയോഗിക്കുന്നത് മലബന്ധത്തിന് കാരണമാകും. ധാന്യങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൊഴുപ്പേറിയ ജങ്ക് ഫുഡ് ഒഴിവാക്കണം. കൊഴുപ്പ് കുറഞ്ഞ ചിക്കന്‍, ടര്‍ക്കി, മല്‍സ്യം എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

വ്യായാമം: വ്യായാമത്തേക്കാള്‍ ഉത്തമമായി മറ്റൊന്നില്ല. അരമണിക്കൂറെങ്കിലും ദിവസവും നടക്കുകയോ ജോഗിങോ ചെയ്യുക. കഴിക്കുന്ന ആഹാരം നല്ലതായാലും ജീവിത ശൈലിയുടെ ഭാഗമായി ദഹനത്തെ ബാധിക്കാം. ഇത് മലബന്ധത്തിന് വഴിയൊരുക്കും. 

(സാമി ലാബ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് ലേഖകന്‍)