വിദ്യാലയങ്ങൾ തുറക്കുമ്പോൾ ചെറിയ കുട്ടികൾ അവരുടെ ശരീരഭാഗങ്ങൾ താരതമ്യം ചെയ്യുന്നതൊരു സാധാരണസംഭവമാണ്‌. ആൺകുട്ടികളിൽ ഈ പ്രവണത കൂടുതലായി കാണാം. ചില വൈകല്യങ്ങൾ കാണുമ്പോൾ അവർ അസ്വസ്ഥരാവും. കളിയാക്കും. ചില പദങ്ങൾ ഉപയോഗിക്കും. ഒറ്റ മണിയൻ, പൊക്കിൾ ഉന്തി എന്നിവ ഒക്കെ അതിൽപ്പെടും. അതുകൊണ്ട്‌ കുട്ടികളിൽ കാണുന്ന വൈകല്യങ്ങൾ കഴിവതും വിദ്യാലയത്തിൽ പോകുന്നതിനുമുമ്പ്‌ ശരിയാക്കണം. മേൽപ്പറഞ്ഞപോലെ ഉണ്ടാവുന്ന കളിയാക്കലുകൾ അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

വൃഷണങ്ങൾ താഴെ വൃഷണസഞ്ചിയിലേക്ക്‌ ഇറങ്ങാത്തതാണ്‌ ഒരു വൈകല്യം. സാധാരണയായി ഒരെണ്ണം ഇറങ്ങുകയും ഒന്ന്‌ ഇറങ്ങാതിരിക്കുകയും ചെയ്യും. വളരെ വിരളമായി രണ്ടും ഇറങ്ങില്ല. ഭ്രൂണാവസ്ഥയിൽ വൃക്കകളോട്‌ ചേർന്നുകിടക്കുന്ന വൃഷണങ്ങൾ മൂന്നാംമാസത്തിൽ അടിവയറ്റിൽ എത്തുകയും ഏഴാംമാസത്തിൽ വൃഷണസഞ്ചിയിലേക്ക്‌ ഇറങ്ങുകയും ചെയ്യും. ഇതിനെന്തെങ്കിലും വിഘ്നം വന്നാൽ വൃഷണസഞ്ചിയിലേക്ക്‌ വൃഷണം ഇറങ്ങില്ല. സാധാരണഗതിയിൽ രണ്ടരമൂന്നുവയസ്സിനുള്ളിൽ വൃഷണം വൃഷണസഞ്ചിയിലേക്കെത്തിക്കണം. ശസ്ത്രക്രിയ വഴി ഇറങ്ങാത്ത വൃഷണത്തിന്റെ ബീജോത്‌പാദന കഴിവ്‌ കുറയും. വിരളമായി ചില അർബുദങ്ങൾ വരാനുള്ള സാധ്യതയുണ്ട്‌.

അടിവയറിനും വൃഷണസഞ്ചിക്കും ഇടയിലുള്ള ഭാഗത്താണ്‌ ഇറങ്ങാത്ത വൃഷണം അധികവും കാണാറ്. ഇതിന്റെകൂടെ ചെറിയ ഒരു കുടലിറക്കവും ഉണ്ടാവും. വൃഷണം സഞ്ചിയിൽ സ്ഥാപിച്ച്‌ കുടലിറക്കം ശരിയാക്കുകയാണ്‌ സാധാരണ ചെയ്യാറ്‌. ചിലപ്പോൾ വൃഷണം അടിവയറ്റിൽ സ്ഥിതിചെയ്യും. ഇത്‌ വൃഷണസഞ്ചിയിൽ കൊണ്ടുവരാൻ രണ്ടുഘട്ടങ്ങളായി ശസ്ത്രക്രിയ ചെയ്യേണ്ടിവരും. എല്ലായ്‌പ്പോഴും വൃഷണം വൃഷണസഞ്ചിയിൽ താഴെയെത്തിക്കാൻ പറ്റില്ല. അങ്ങനെവരുമ്പോൾ വൃഷണസഞ്ചിയുടെ തുടക്കത്തിൽ ​വെക്കേണ്ടിവരും. ചില കുട്ടികളിൽ വൃഷണം സ്ഥിതിചെയ്യുന്നത്‌ എവിടെയെന്ന്‌ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാവും. സാധാരണ സ്കാൻചെയ്ത്‌ നോക്കിയാൽ കാണണമെന്നില്ല.

അതുകൊണ്ട്‌ എം.ആർ.ഐ. തുടങ്ങിയ പരിശോധനകൾ വേണ്ടിവരും. ചിലപ്പോൾ നേരിട്ട്‌ ഉള്ളിൽ നോക്കേണ്ടിവരും. ലാപ്രോസ്കോപ്പിയാണ്‌ ഇപ്പോൾ ചെയ്യാറ‌്. ഇങ്ങനെയും കണ്ടുപിടിച്ചില്ലെങ്കിൽ മറ്റൊന്നും ചെയ്യാനില്ല. മറ്റൊരു വൈകല്യം കരുവീക്കമാണ്‌. നന്നേ ചെറിയ കുട്ടികളിൽ കരുവീക്കത്തിന്റെ കൂടെ ചിലപ്പോൾ കുടലിറക്കവും കാണാം. വൃഷണം ഇറങ്ങിവരുന്ന വഴി മുഴുവൻ അടഞ്ഞുപോകാത്തതുകൊണ്ടാണ്‌ ഇത്‌ ഉണ്ടാവുന്നത്‌. കുടലിറക്കം ഉണ്ടെങ്കിൽ അത്‌ ശസ്ത്രക്രിയവഴി ശരിയാക്കണം. വെറും കരുവീക്കമാണെങ്കിൽ കുറച്ചു സമയം നോക്കിയിട്ട്‌ കുറയുന്നില്ലെങ്കിൽ ശരിയാക്കണം.

ചില ആൺകുട്ടികളിൽ ലിംഗത്തിന്റെ അറ്റത്ത്‌ മൂത്രദ്വാരം ഉണ്ടാവില്ല. പകരം ലിംഗത്തിന്റെ താഴെ കാണാം. ഒരു വളവും ലിംഗത്തിന്‌ ഉണ്ടാവാം. ഹൈപോസ്പേഡിയാസ്‌ എന്ന്‌ ആദ്യത്തെ വൈകല്യത്തിനും കോർഡീ എന്ന്‌ രണ്ടാമത്തേതിനും പേരിട്ടിരിക്കുന്നു. ഇതും വിദ്യാലയ പ്രവേശനത്തിനു മുമ്പ്‌ ശരിയാക്കുന്നതാണ്‌ നല്ലത്‌. പക്ഷേ, ഇതിന്റെ ശസ്ത്രക്രിയ രണ്ടുമൂന്നു ഘട്ടങ്ങളായി ചെയ്യേണ്ടിവരും. ശസ്ത്രക്രിയ മുഴുവൻ വിജയിക്കാൻ ചിലപ്പോൾ നാലഞ്ചു പ്രാവശ്യം ചെയ്യേണ്ടിയും വരും.

പൊക്കിളിന്റെ ഭാഗത്ത്‌ വീർത്തുവരുന്ന അംമ്പലിക്കൽ ഹെർണിയ എന്നു പറയുന്ന ഒരു അസുഖം കാണാം. ഇതിനും ശസ്ത്രക്രിയ വേണം. മുമ്പ്‌ എല്ലാം ചിലപ്പോൾ പൊക്കിൾ എടുത്തുമാറ്റി ശസ്ത്രക്രിയ ചെയ്യുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നത്‌ കുട്ടികളെ മാനസികമായി ബാധിക്കാം. മറ്റുള്ളവർക്ക്‌ പൊക്കിൾ കാണുന്നു. എനിക്കില്ല എന്ന ചിന്ത അവരെ അലട്ടാം. അതുകൊണ്ട്‌ പൊക്കിൾ കേടുവരുത്താതെ ശസ്ത്രക്രിയ ചെയ്തു ഇത്‌ ശരിയാക്കണം.

ചില ആൺകുട്ടികൾക്ക്‌ പ്രത്യേകിച്ച്‌ തടികൂടുതൽ ഉള്ളവർക്ക്‌ ലിംഗം ചെറുതായി തോന്നാം. പലപ്പോഴും തടി കൂടുതൽ കൊണ്ടാണ്‌ ഇത്‌ തോന്നുന്നത്‌. തടി കുറയ്ക്കുക, ആഹാരരീതിയിൽ മാറ്റം, ജീവിതശൈലിയിൽ മാറ്റം എന്നിവ മതിയാവും. പലപ്പോഴും വിരളമായി ഹോർമോൺ പരിശോധന നടത്തണം.