സാധാരണക്കാരുടെ ആരോഗ്യ ചിന്തകളെ ഏറ്റവുമധികം  ഭയപ്പെടുത്തുന്ന ഒരു വാക്കാണ് ഇന്ന് ക്യാന്‍സര്‍ എന്നത്.  മരണകാരണമായേക്കാവുന്ന ഈ രോഗത്തെ ആരംഭ ദശയില്‍ തന്നെ കണ്ടെത്തി ചികില്‍സിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാക്കാൻ സാധിക്കുന്നതാണ്.   പലപ്പോഴും ആവശ്യമായ പ്രതിരോധം സ്വീകരിക്കാത്തതും  രോഗലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയുന്നതുമാണ് ക്യാൻസര്‍ മരണങ്ങളുടെ കാരണം. സ്‌ത്രീകളിൽ  ഏറ്റവും അധികം കാണപ്പെടുന്ന കാൻസറുകളിൽ ഒന്നാണ്  സർവിക്കൽ കാൻസർ.

ലോകത്ത് ഏറ്റവുമധികം കണ്ടുവരുന്ന ക്യാൻസറുകളിൽ അഞ്ചാംസ്ഥാനത്താണ് സർവിക്കൽ ക്യാൻസറിൻ്റെ സ്ഥാനം. ഗാർഭാശയമുഖ ക്യാൻസറിനാണ് സർവിക്കൽ കാൻസർ എന്ന് പറയുന്നത്. ഇന്ത്യയിൽ ബ്രെസ്റ്റ് കാൻസർ കഴിഞ്ഞാൽ സ്ത്രീകളിൽ ഏറ്റവുമധികമായി കണ്ടുവരുന്ന കാൻസറാണ് സർവിക്കൽ കാൻസർ.

ലോകത്ത് പ്രതിവർഷം 3 ലക്ഷം സ്ത്രീകൾ സർവിക്കൽ കാൻസർ വന്നു മരിക്കുന്നു എന്നാണ് കണക്കുകൾ. ഒരോ വര്‍ഷവും 5 ലക്ഷത്തോളം  കേസുകളാണ്  റിപ്പോർട്ട് ചെയ്യപെടുന്നത്.

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമൻ പാപിലോമ വൈറസാണ്  സർവിക്കൽ കാൻസറിന് കാരണം. 80% സ്ത്രീകളിലും 50 വയസ്സാകുമ്പോൾ ഹ്യൂമൻ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്നാണ് പറയപ്പെടുന്നത്. 70 ശതമാനം സര്‍വിക്കൽ ക്യാൻസറു ഉണ്ടാകുന്നത് ഹ്യൂമൻ പാപിലോമ വൈറസ് 16, ഹ്യൂമൻ പാപിലോമ വൈറസ് 18 എന്നയിനം വൈറസ് മൂലമാണ്  ഉണ്ടാകുന്നത്.

ഹ്യൂമൻ പാപിലോമ വൈറസ്  സർവിക്കൽ കാൻസറിന് പുറമേ മലദ്വാരത്തിലും, വായിലും,തൊണ്ടയിലും, പുരുഷലിംഗത്തിലും, യോനിയിലും ക്യാൻസറിന് കാരണമാകുന്നു.  

പാപ്പ് സ്മാര്‍ എന്ന വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ടെസ്റ്റിലൂടെ  ഗർഭാശയമുഖത്തെ കോശങ്ങൾക്കു എന്തെങ്കിലും മാറ്റമുണ്ടോ   എന്ന് അറിയുവാൻ സാധിക്കും.  സർവിക്കൽ ക്യാൻസറും ഇതിലൂടെ കണ്ടെത്താം. സ്ത്രീകൾ എല്ലാവരും നിര്‍ബന്ധമായും ചെയ്യേണ്ട   ടെസ്റ്റാണ്  പാപ്പ് സ്മാര്‍ .21 വയസ്സ് മുതൽ  ഈ ടെസ്റ്റ് ചെയ്യണമെന്നാണ് പറയുന്നത്. മൂന്ന്  വർഷമെങ്കിലും കൂടുമ്പോൾ  ടെസ്റ്റ്  ചെയ്യേണ്ടതാണ്.

ആൻ്റി  ഹ്യൂമൻ പാപിലോമ വൈറസ് വാക്സിൽ   എന്ന പ്രതിരോധ കുത്തിവെപ്പിലൂടെയും ക്യാൻസര്‍ തടയാനാകും. രണ്ട് തരത്തിലുള്ള പ്രതിരോധ കുത്തിവെപ്പുകൾ ഇന്ത്യയിൽ ലഭ്യമാണ്. സെര്‍വാറിക്സ്, ഗാര്‍ഡസിൽ എന്നിങ്ങനെയുള്ള കുത്തിവെപ്പുകൾ  സർവിക്കൽ ക്യാൻസറ്‍ വരാതെയിരിക്കുവാൻ വളരെ ഫലപ്രദമാണ്. എന്നാൽ കാൻസർ ഉള്ളവർ ഈ കുത്തിവെപ്പ് എടുത്തിട്ട് പ്രയോജനമില്ല.

കൃത്യമായ ഇടവേളകളിൽ മൂന്ന് കുത്തിവെപ്പായിട്ടാണ് ഇവ എടുക്കുന്നത്. ഒമ്പത് വയസ്സ് മുതൽ പതിനെട്ട്  വയസ്സ് വരെയുള്ളവരിലാണ് പ്രധാനമായും കുത്തിവെപ്പ് എടുക്കുന്നത്. ഇരുപത്തിയാറ് വയസ്സ് വരെ കുത്തിവെപ്പ് എടുക്കാവുന്നതാണ്. പക്ഷേ നിലവിൽ സർക്കാർ ആശുപത്രികളിൽ ഈ കുത്തിവെപ്പ് ലഭ്യമല്ല.
അതിന്  വില വളരെ കൂടുതലാണ്  എന്നത് തന്നെയാണ് കാരണം.

ഡൽഹി ഗവണ്മെന്റ് 2016 മുതൽ  13 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യമായി വാക്‌സിൻ കൊടുക്കുന്നുണ്ട്. ഇത്തരത്തിൽ  സൗജന്യമായി വാക്‌സിൻ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് ഡൽഹി. 

ഈ കുത്തുവയ്പിന് വില വളരെ കൂടുതലാണ് എന്നതിനാൽ സ്വകാര്യ ആശുപത്രികളിൽ നിന്നും ഈ കുത്തിവെയ്പ്പെടുക്കുവാൻ സാധാരണകാരായ സ്ത്രീകൾക്ക് സാധിക്കാറില്ല.  2800 രൂപ മുതൽ മുതൽ 3300 രൂപ വരെയാണ്  ആശുപത്രികൾ ഇടാക്കുന്ന വില. സർവിക്കൽ ക്യാൻസറിന് ഇത്രയും ഫലപ്രദമായ ഈ കുത്തിവെപ്പ്   മറ്റു സംസ്ഥാനങ്ങളും ഉടനെ സൗജന്യമായി നൽകുമെന്നു കരുതാം.