ഒരു സ്ത്രീയുടെ ശരീരത്തിന്റെ രൂപഭംഗി നിശ്ചയിക്കുന്നതിലും വൈവിധ്യമാര്‍ന്ന സാംസ്‌കാരങ്ങളിലും സ്തനങ്ങള്‍ക്ക് സവിശേഷമായ സ്ഥാനമുണ്ട്. ഭാരതത്തിലെ സ്ത്രീകള്‍ പൊതുവെ തങ്ങളുടെ ശരീരത്തേക്കുറിച്ച് സംസാരിക്കാന്‍ വിമുഖത കാണിക്കുന്നവരാണ്. സ്തനാര്‍ബുദത്തിന്റെ നീണ്ടുനില്‍ക്കുന്ന ശാരീരികവും മാനസികവുമായ ആഘാതത്തിനുശേഷം അവര്‍ തങ്ങളെത്തന്നെ വിട്ടുകളയുന്നു.

സ്തനാര്‍ബുദത്തിനുള്ള ചികിത്സാവിധിയായി ശസ്ത്രക്രിയ ചെയ്യുന്നത് വടുക്കളുണ്ടാകുന്നതിനും വൈരൂപ്യമുണ്ടാകുന്നതിനും ഇടയാക്കുന്നു. സ്തനാര്‍ബുദ ശസ്ത്രകിയയേക്കുറിച്ചും അതിനുശേഷം സ്തനങ്ങളുടെ രൂപഭംഗി വീണ്ടെടുക്കുന്നതും എങ്ങനെയാണെന്ന് നോക്കാം

സ്തനാര്‍ബുദത്തേക്കുറിച്ചും അതിനുള്ള ചികിത്സാരീതികളേക്കുറിച്ചും ഇന്നത്തെ സ്ത്രീകള്‍ക്ക് എന്തുമാത്രം അവബോധമുണ്ട്?

അനേകം അര്‍ബുദ ബോധവത്കരണ പരിപാടികളിലൂടെയും സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് എന്നിവ യിലൂടെയും സ്ത്രീകള്‍ സ്തനാര്‍ബുദത്തേക്കുറിച്ച് അവബോധമുള്ളവരാണ്. നേരത്തെ അര്‍ബുദം തിരിച്ചറിയുന്നതിനായി സ്തനങ്ങളുടെ കൃത്യമായി പരിശോധന, സംശയകരമായി എന്തെങ്കിലും കണ്ടാല്‍ അര്‍ബുദരോഗവിദഗ്ദ്ധന്റെ സഹായം തേടേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവര്‍ക്ക് അറിയാം.

സ്തനങ്ങളുടെ രൂപഭംഗി വീണ്ടെടുക്കുന്ന ശസ്ത്രക്രിയ
യേക്കുറിച്ച് സ്ത്രീകള്‍ക്ക് ബോധ്യമുണ്ടോ?

മിക്ക സ്ത്രീകളും ഇക്കാര്യത്തേക്കുറിച്ച് അവബോധമുള്ളവരല്ല. സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്, റീകണ്‍സ്ട്രക്ടീവ് പ്ലാസ്റ്റിക് സര്‍ജന്‍, മെഡിക്കല്‍ & റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്, പതോളജിസ്റ്റ്, സ്‌പെഷലിസ്റ്റ് ബ്രസ്റ്റ് കെയര്‍ നഴ്‌സസുമാര്‍, പിന്തുണ നല്കുന്ന മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍, കൗണ്‍സിലര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ചേര്‍ന്നാണ് സ്തനാര്‍ബുദം കൈകാര്യം ചെയ്യുന്നത്. ഗ്രീക്ക് വാക്കായ ഓങ്കോ (ട്യൂമര്‍ അഥ വാ മുഴ), പ്ലാസ്റ്റിക്‌സ് (രൂപപ്പെടുത്തുക) എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ഓങ്കോപ്ലാസ്റ്റിക്‌സ് എന്ന വാക്ക് ഉണ്ടായിരിക്കുന്നത്. രോഗസൗഖ്യം പൂര്‍ണമായും സാധ്യമാകുന്ന രീതിയില്‍ മുഴകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് പ്ലാസ്റ്റിക്‌ സര്‍ജറി സങ്കേതങ്ങള്‍ ഉപയോഗിച്ച് സൗന്ദര്യം വീണ്ടെടുക്കുന്നതിനാണ് ഇതില്‍ പ്രാധാന്യം നല്‍കുന്നത്.

സ്തനാര്‍ബുദ ശസ്ത്രകിയ കഴിഞ്ഞുള്ള പുനര്‍നിര്‍മ്മാണ രീതികള്‍ എന്തൊക്കെയാണ്?

ഇംപ്ലാന്റ് അധിഷ്ഠിത പുനര്‍നിര്‍മ്മാണം, ഓട്ടോലോഗസ് ടിഷ്യു (ഫ്‌ളാപ്ത) അധിഷ്ഠിത പുനര്‍നിര്‍മ്മാണം, രണ്ടുംകൂടി ഒരുമിച്ചുള്ളത് എന്നിവയാണ് പുനര്‍നിര്‍മ്മാണ രീതികള്‍. ഇംപ്ലാന്റ് വച്ചുള്ള പുനര്‍നിര്‍മ്മാണത്തില്‍ ഇംപ്ലാന്റുകള്‍ മാത്രം ഉപയോഗിക്കുന്നതാണ് ഒരുരീതി. മുഴ നീക്കം ചെയ്തതിന് ശേഷമുള്ള ചര്‍മ്മത്തിനുള്ളിലേയ്ക്ക് ഇംപ്ലാന്റ് സ്ഥാപിച്ചതിനുശേഷം സ്തനത്തിന്റെ ആകൃതി വീണ്ടെടുക്കുന്നതാണ് മറ്റൊരു രീതി. കോശങ്ങള്‍ നീക്കം ചെയ്ത സ്തനത്തിലെ മുഴകള്‍ നീക്കം ചെയ്തശേഷം ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളില്‍നിന്നും എടുക്കുന്ന യോജിക്കുന്ന കോശങ്ങള്‍ക്കാണ് ഓട്ടോലോഗസ് ടിഷ്യു എന്നു പറയുന്നത്. വയര്‍, തുടകളുടെ ഉള്‍വശം, സ്തനത്തിനോട് ചേര്‍ന്നുള്ള പിന്‍ഭാഗം എന്നിങ്ങനെ കൂടുതല്‍ ചര്‍മ്മവും കൊഴുപ്പും എടുക്കാന്‍ പറ്റുന്ന ഭാഗമാണ് സാധാരണയായി ഉപയോഗിക്കുന്നത്. ധാരാളം സ്ത്രീകളില്‍ ഇന്ന് സ്തനാര്‍ബുദം നേരത്തെതന്നെ കണ്ടുപിടിക്കപ്പെടുന്നുണ്ട്. ഇവരില്‍ പലരും സ്‌കിന്‍ സ്‌പെയറിംഗ് മാസ്‌ടെക്ടമിക്ക് വിധേയരാവുന്നു. ശസ്ത്രക്രിയയില്‍നിന്ന് ഉണരുമ്പോഴേക്കും ഇംപ്ലാന്റ്/കോശങ്ങള്‍ വച്ച സ്തനം പുനര്‍നിര്‍മ്മിക്കുക എന്നത് മികച്ച രീതിയാണ്.

സ്തനാര്‍ബുദ ശസ്ത്രക്രിയയ്ക്കുശേഷം സ്തനം വച്ചുപിടിപ്പിക്കുന്നതിന് ഒരാള്‍ കാത്തിരിക്കണമോ?

വേണ്ട. രണ്ടുതരത്തിലുള്ള പുനര്‍നിര്‍മ്മാണ രീതികളുണ്ട്. മുഴകള്‍ നീക്കം ചെയ്യുമ്പോള്‍ത്തന്നെയുള്ള പുനര്‍നിര്‍മാണം നടത്തുന്നതാണ് ഒരു രീതി. രണ്ടാമത്തേത് ശസ്ത്രക്രിയയ്ക്ക് ശേഷം കീമോതെറാപ്പി, റേഡിയോതെറാപ്പി തുടങ്ങിയവയ്ക്ക് ശേഷം പുനര്‍നിര്‍മ്മാണ ശസ്ത്രക്രിയ നടത്തുക എന്നതാണ്.  ഓങ്കോസര്‍ജനും പ്ലാസ്റ്റിക്‌സ് സര്‍ജനും ശസ്ത്രക്രിയയ്ക്ക് മുമ്പായി എത്രമാത്രം സ്തനകലകള്‍ നീക്കം ചെയ്യണം, എങ്ങനെയാണ് പുതിയതായി സ്തനത്തിന്റെ പുനര്‍നിര്‍മിതി നടത്തേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച പദ്ധതി തയാറാക്കും. അവസാന ഘട്ടത്തില്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ മുലഞെട്ടും ഏരിയോളയും തയാറാക്കുന്നു. 

എല്ലാത്തരം സ്തനാര്‍ബുദ ശസ്ത്രക്രിയയിലും സ്തനങ്ങളുടെ പുനര്‍നിര്‍മിതി ആവശ്യമാണോ?

അതെ, സ്തനാര്‍ബുദ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന എല്ലാ സ്ത്രീകള്‍ക്കും സ്തനങ്ങളുടെ പുനര്‍ നിര്‍മിതി സ്വീകരിക്കാവുന്നതാണ്. സ്തനാര്‍ബുദ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവരുടെ മാനസികമായ പുനരധിവാസത്തിന് സ്തനങ്ങളുടെ പുനര്‍നിര്‍മിതി സവിശേഷമായ പങ്ക് വഹിക്കുന്നുണ്ട്. രോഗിക്ക് മുന്നോട്ടുള്ള ജീവിതത്തില്‍ വൈകാരികമായും ശാരീരികമായും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കും.

ആസ്റ്റര്‍ മിംസിലെ പ്ലാസ്റ്റിക്‌സ്, വാസ്‌കൂലര്‍ & റീകണ്‍സ്‌ട്രേറ്റീവ് സര്‍ജറി വിഭാഗം
സീനിയര്‍ കണ്‍സള്‍ട്ടന്റ് & എച്ച്ഒഡി ആണ് ലേഖകന്‍