സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കിൽ പന്നിപ്പനി അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ടു ചെയ്തിട്ടുള്ളതാണ്. ഈ അസുഖത്തെക്കുറിച്ച് കൂടുതൽ അറിയാം. 

H1 N1 വൈറസ് എങ്ങനെ പകരുന്നു?

RNA വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ  വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു. 

പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് ഇതു പകരുന്നത്. അസുഖബാധിതനായ ആളിൽനിന്നും രണ്ടുമുതൽ ഏഴുദിവസം വരെ ഇതു പകർന്നേക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്കു പകരുന്നു. 
 

ആർക്കൊക്കെ അസുഖം വരാം?
0-4 വയസ്സ്, 65 വയസ്സിനുമുകളിൽ പ്രായമുള്ളവർ,
ഗർഭിണികൾ,
പ്രമേഹംപോലുള്ള അസുഖങ്ങളുള്ളവർ,
ആസ്ത്‌മ പോലെയുള്ള ശ്വാസകോശരോഗങ്ങളുള്ളവർ,
ഹൃദ്രോഗം, വൃക്കരോഗങ്ങൾ തുടങ്ങിയവയുള്ളവർ,
രോഗപ്രതിരോധശേഷി കുറഞ്ഞവർ,
എയ്ഡ്‌സ് പോലെയുള്ള രോഗങ്ങളുള്ളവർ

രോഗലക്ഷണങ്ങൾ
ആദ്യത്തെ 18-72 മണിക്കൂറുകളിൽ:
പനി, തൊണ്ടവേദന, ജലദോഷം, ശരീരവേദന, തലവേദന, ക്ഷീണം, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ കാണാം. അതോടൊപ്പം ചുമയും ചെറിയ രീതിയിലുള്ള കഫവും ശ്വാസംമുട്ടലും അനുഭവപ്പെടാം. വയറിളക്കവും ഛർദ്ദിയും പോലെയുള്ള ലക്ഷണങ്ങളും കണ്ടേക്കാം. 

രോഗബാധ സ്ഥിരീകരിക്കുന്നതെങ്ങനെ?
ശ്വാസകോശസ്രവത്തിൽനിന്ന്‌ വൈറസിന്റെ ജനിതകഘടന വേർതിരിച്ചെടുത്താണ് രോഗബാധയുണ്ടെന്നു സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങൾ കണ്ട് അഞ്ചുദിവസത്തിനകം ഇതു ചെയ്യാം. 

ചികിത്സാരീതികൾ
രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിലും വൈറസിനെതിേരയും മരുന്നുകൾ നൽകും. ശ്വാസകോശത്തിന്റെ പ്രവർത്തനത്തിനു വിഷമം നേരിടുന്നവർക്ക് (ശ്വാസംമുട്ടൽ, രക്തത്തിൽ ഓക്സിജന്റെ അളവു കുറയുക, ശ്വാസഗതി ക്രമാതീതമായി കൂടുക തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്ക്) ശ്വസനസഹായി(വെന്റിലേറ്റർ)യുടെ ആവശ്യം വേണ്ടിവന്നേക്കാം. ബാക്ടീരിയ തടയുന്നതിന് ആന്റിബയോട്ടിക്കുകളും ചിലപ്പോൾ ആവശ്യമായി വന്നേക്കാം.

 രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവർക്ക് ആന്റിവൈറൽ മരുന്നുകൾ നൽകാം. രോഗബാധിതരായവരെ മറ്റുള്ളവരിൽനിന്നു മാറ്റിനിർത്തുകയും ശ്വാസകോശസ്രവങ്ങൾ മറ്റുള്ളവരിലേക്കു പകരാതിരിക്കാനായി പ്രത്യേക തരം മാസ്ക് ഉപയോഗിക്കുകയും വേണം. 
ഇൻഫ്ളുവൻസ വാക്സിനേഷൻ ഈ രോഗത്തിന്റെ പ്രതിരോധമാർഗമാണ്.