ചെന്നൈയിൽ അവളുടെ അമ്മവീട്ടിൽ പോയി വന്നപ്പോൾ പേരക്കുട്ടി ചിത്രാനി ആര്യക്ക് ഒരു പുത്തനുടുപ്പു കിട്ടി. കൊച്ചു കുഞ്ഞുങ്ങൾക്ക് പുത്തനുടുപ്പു കിട്ടുന്നത് അത്ര വലിയ കാര്യമൊന്നുമല്ലല്ലോ എന്ന് തോന്നാം. പുത്തനുടുപ്പ് കിട്ടുന്നത് തിരിച്ചറിഞ്ഞ് ആഹ്ലാദിക്കാൻ മാത്രമായിട്ടുമില്ല കൊച്ചുമോൾ. ഒരു വയസ്സ് കഴിഞ്ഞിട്ടേയുള്ളു. ഈ ഉടുപ്പ് കിട്ടിയതിൽ ആഹ്ലാദം മുഴുവൻ അവളുടെ അമ്മയ്ക്കായിരുന്നു. വലിയൊരു വിശേഷമായിട്ടാണ് ഈ ഉടുപ്പ് കിട്ടിയ കഥ പറഞ്ഞത്.

ചെന്നൈയിലെ വീട്ടിൽ സഹായത്തിനായി നിൽക്കുന്ന അക്കയാണ് ഈ ഉടുപ്പ് നൽകിയത്. കുറേ നാളുകളായി അവിടെ സഹായത്തിനുള്ളയാളാണ് ഈ അക്ക. തമിഴ്‌നാട്ടിൽ സ്ത്രീകളെ ബഹുമാനത്തോടെ വിളിക്കുന്നതാണ് അക്ക എന്ന്.  മേലേപ്പറമ്പിൽ ആൺവീട് എന്ന സിനിമയിൽ ജഗതി തമിഴ് പഠിച്ചു തുടങ്ങുന്നത് അണ്ണൻ.. അക്ക.. തങ്കച്ചി.. നീയെൻ പുന്നകൈ മന്നൻ.. എന്നൊക്കെ പറഞ്ഞാണ്.

തമിഴർ ആദ്യം സ്ഥാനം നൽകി ആദരിക്കുന്ന സ്ഥാനങ്ങളിലൊന്നാണ് അക്കയുടേത്. സ്ത്രീകളെ ആദരിക്കുന്ന കാര്യത്തിൽ തമിഴരെ കണ്ടു പഠിക്കേണ്ടതാണ്. ബസിലൊക്കെയാണെങ്കിലും ഒരു സ്ത്രീ നിൽക്കുന്നതു കണ്ടാൽ എഴുന്നേറ്റ് സീറ്റൊഴിഞ്ഞു കൊടുക്കും. തമിഴ്‌നാട്ടിൽ അത് സാധാരണയാണ്. അത് അവർ പ്രത്യേകം പഠിച്ചോ തീരുമാനിച്ചോ ഒന്നും ചെയ്യുന്നതല്ല. തമിഴ്ജനത ഉള്ളിലുൾക്കൊണ്ടിരിക്കുന്ന ജീവിത സംസ്കാരമാണത്. മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറുന്നതാണ് പൊതുവേ തമിഴരുടെ രീതി. സ്ത്രീകൾക്ക് കൂടുതൽ ആദരവ് നൽകുന്നു അവർ. സ്നേഹത്തിന്റെയും ആത്മാർഥതയുടെയും കാര്യത്തിൽ അവരുടെ രീതി ഒന്നു വേറെയാണ്.

മുമ്പ് ഞങ്ങൾ തിരുപ്പൂരായിരുന്നപ്പോൾ വീടു തോറും പാലും മോരും വെണ്ണയുമൊക്കെ വിൽക്കാനെത്തുന്ന അക്കമാരുണ്ടായിരുന്നു. തൈരുമായി വീട്ടിൽ വന്നിരുന്ന് അത് കടഞ്ഞ് വെണ്ണയെടുത്ത് തരുന്ന ഒരു അക്കയുണ്ടായിരുന്നു. ഞങ്ങൾ ചെറിയ കുട്ടികൾക്കായി പ്രത്യേകം ഒരു മൺകുടുക്കയിൽ മോരു കൊണ്ടുവരുമായിരുന്നു അവർ. അത് വിൽക്കാനുള്ളതല്ല. ഞങ്ങൾ കുട്ടികൾക്കുള്ളതാണ്. അവരുടെ പക്കൽ നിന്ന് പലതും വാങ്ങിയിട്ട് വില കൊടുക്കാതിരുന്നാൽ അമ്മ സമ്മതിക്കുമായിരുന്നില്ല.

അവർ കഷ്ടപ്പെടുന്നതല്ലേ, അതുകൊണ്ട് മോരു വാങ്ങിയാൽ വില കൊടുക്കണം എന്നായിരുന്നു അമ്മയുടെ പക്ഷം. എന്നാൽ, വില വാങ്ങാനല്ല കുട്ടികൾ ഇഷ്ടത്തോടെ മോരു കുടിക്കുന്നതു കണ്ട് മനസ്സു നിറയാനാണ് അവർ വേപ്പിലയും മറ്റു പലതും ചേർത്ത് പ്രത്യേകം തയ്യാറാക്കി കുടുക്കയിലൊഴിച്ച് തണുപ്പിച്ച മോര് കൊണ്ടുവന്നിരുന്നത്. അതിനാൽ, അമ്മ അറിയാതെ ഞങ്ങൾക്കത് തരും. ആ മോരിന് ഒരു പ്രത്യേക രുചിയാണ്. അവരുടെ വലിയ സ്നേഹത്തിന്റെ അമ്മരുചി.

ആ അക്കയ്ക്ക് ഒരു കുഞ്ഞനിയനുണ്ടായിരുന്നു. എന്റെ പ്രായം തന്നെ. അക്കയ്ക്കൊപ്പം വന്ന് ഞങ്ങളുടെ കൂടെ കളിക്കും. പലപ്പോഴും ഞാനുമായി വഴക്കാവും. അപ്പൊഴൊക്കെ അക്ക എന്റെ പക്ഷത്താണ് നിൽക്കുക. അനിയന് ശിക്ഷ കിട്ടും.
മറ്റുള്ളവരുടെ നന്മയ്ക്കും ആഹ്ലാദത്തിനും വേണ്ടി അത്രയും ആത്മാർഥതയോടെ നിൽക്കുന്ന ആ അക്കമാരുടെ സ്നേഹഹൃദയങ്ങളാണ് ഈ ലോകത്തെ നിലനിർത്തുന്നതെന്നു പോലും പലപ്പോഴും തോന്നാറുണ്ട്.

ജോലിക്ക് നിൽക്കുന്ന വീട്ടിൽ ഒരു പൊടിക്കുഞ്ഞ് വന്നപ്പോൾ അവൾക്കൊരു കുഞ്ഞുടുപ്പ് വാങ്ങിക്കൊടുത്തേ തീരൂ എന്ന് തീരുമാനിക്കുന്നത് ആ അക്കയുടെ ഹൃദയനന്മയാണല്ലോ. പണമുണ്ടായിട്ടല്ല അവരതു വാങ്ങിയത്. ആ പണമുണ്ടാക്കാനുള്ള കഷ്ടപ്പാടിനെക്കാൾ എത്രയോ വലുതാണ് കുഞ്ഞിന് അതു നൽകുമ്പോൾ അവർക്കു കിട്ടുന്ന ആഹ്ലാദം. മറ്റുള്ളവർക്ക് നന്മ വരാനായി പ്രവർത്തിക്കാനാവുകയും അതിൽ ആഹ്ലാദിക്കാനുള്ള മനസ്സുണ്ടായിരിക്കുകയും ചെയ്യുക എന്നത് എത്ര വലിയൊരനുഗ്രഹമാണ്.

മറ്റൊരാളെ വേദനിപ്പിക്കാനായി എത്ര നികൃഷ്ടമായാണ് ചില മനുഷ്യർ ഗൂഢാലോചനകളും ക്രിമിനൽ പദ്ധതികളും ഒരുക്കുന്നത് എന്ന് കണ്ണുകൊണ്ടു കണ്ട് അതിശയ സങ്കടങ്ങളോടെ നിൽക്കുന്ന നമുക്ക് ആ അക്കമാരുടെ മനസ്സിലെ നന്മ എന്നാണ് വഴിവെളിച്ചമായിത്തീരുക മറ്റുള്ളവർക്ക് സന്തോഷമുണ്ടാകാൻ വേണ്ടി സ്വയം ബുദ്ധിമുട്ടാൻ കഴിയുമ്പോളേ ഒരാൾ വലിയ മനുഷ്യനായിത്തീരുകയുള്ളു.

അത്തരം വലിയ മനുഷ്യരുടെ നന്മയാണ് ലോകത്തിന്റെ പ്രകാശം. ഞങ്ങളുടെ കൊച്ചു ചിത്രാനിക്കുട്ടിക്ക് കിട്ടിയ ആ കുഞ്ഞുടുപ്പിന് പൊൻതിളക്കമേകുന്നത് ആ പ്രകാശത്തിന്റെ കൊച്ചു കിരണങ്ങളാണ്. ആ തിളക്കം ചിത്രാനിക്കുട്ടിക്ക് ജീവിതമാകെ വെളിച്ചമാകട്ടെ എന്നേയുള്ളൂ പ്രാർഥന...