Filomina‘ഫിലോമിന സിസ്റ്റർ നമ്മളെ വിട്ടുപിരിഞ്ഞു’ -എല്ലാ ചരമ പ്രസംഗങ്ങളിലും യാന്ത്രികമായി ഉരുവിടുന്ന കുറച്ചു വാക്കുകൾ... പക്ഷേ, ഫിലോമിന സിസ്റ്ററിന്റെ കാര്യത്തിൽ ആ യാന്ത്രികതയില്ലായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക്‌ ഒരു മണിയോടു കൂടിയാണ്‌ ഞാൻ സിസ്റ്ററിനോട്‌ അവസാനമായി സംസാരിച്ചത്‌. ഞാനല്ല സംസാരിച്ചത്‌... സിസ്റ്ററാണ്‌ കൂടുതലും സംസാരിച്ചിരുന്നത്‌. എന്റെ വലതു കൈപ്പടം സിസ്റ്ററിന്റെ കണ്ണിനോടു ചേർത്തു വെച്ചു -ചൂടുള്ള ചെറിയ നനവ്‌ എനിക്ക്‌ അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്റെ കൈയിൽ മുത്തം തന്നുകൊണ്ട്‌ സിസ്റ്റർ എന്റെ കൈമുറുകെപ്പിടിച്ചു. ‘എല്ലാത്തിനും നന്ദി സാർ... ഞാൻ പോകുകയാണ്‌. നമ്മുടെ വാർഡിലെ നമ്മുടെ കൂടെ ജോലി ചെയ്യുന്ന എന്റെ കുട്ടികളെ ഞാൻ സാറിനെ ഏല്പിക്കുകയാണ്‌. സിബി, സൗമ്യ, ടിജോ, സബീന...’ സിസ്റ്ററിന്‌ മുഴുമിക്കാൻ കഴിഞ്ഞില്ല. നമ്മുടെ എല്ലാ രോഗികളോടും ‘സാർ എന്റെ അവസാന അന്വേഷണം അറിയിക്കണം. അഷറഫ്‌, ഭരത്‌...’ സിസ്റ്ററിന്റെ നാവ്‌ കുഴയുന്നുണ്ടായിരുന്നു.  ഇനി ഒരു തിരിച്ചുവരവില്ലെന്ന്‌ ഞാൻ മനസ്സിലാക്കുന്നു സാറേ, എനിക്കതിൽ ദുഃഖമില്ല.

അതെ, സിസ്റ്റർ ഒരിക്കലും ദുഃഖിക്കേണ്ടവളല്ല, കാരണം ധന്യമാണ്‌ സിസ്റ്ററിന്റെ ജീവിതം... എന്റ മനസ്സ്‌ മന്ത്രിച്ചു. എത്ര എത്ര ജീവനുകളാണ്‌ സിസ്റ്ററിനോട്‌ കടപ്പെട്ടിരിക്കുന്നത്‌. പതിമൂന്നു വർഷത്തെ നീണ്ട പരിചയം -അതാണ്‌ കണക്കുകളായി എനിക്ക്‌ അവകാശപ്പെടാനുള്ളത്‌. പക്ഷേ, സിസ്റ്ററിന്റെ ഓർമകൾ അയവിറക്കാൻ ഈജന്മം പോര.

 ‘മമ്മി പോയി അല്ലേ സാറേ...’ ഭരതിന്‌ ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരു സത്യമാണതെന്ന്‌ തോന്നി. മൂന്നു വയസ്സിൽ ചികിത്സ കഴിഞ്ഞ ഭരത്‌ ഇന്ന്‌ 12 വയസ്സുകാരനാണ്‌. ഭരതിന്‌ മാത്രമല്ല, ഞങ്ങളുടെ എല്ലാ രോഗികളുടെയും സ്നേഹമയിയായ ‘മമ്മി’യായിരുന്നു ഫിലോമിന സിസ്റ്റർ. ചികിത്സ കഴിഞ്ഞുപോയ എത്ര എത്ര രോഗികൾ... അവരുടെയൊക്കെ മനസ്സിലെ ഒരു  കെടാവിളക്കായിരുന്നു സിസ്റ്റർ. ചിരി മാത്രം വിടരുന്ന ആ മുഖം.

  എന്റെ ഓർമ ഒരുപാട്‌ പിറകോട്ടു പോയി. വർഷങ്ങൾക്കു മുമ്പ്‌ നഴ്‌സുമാരുടെ സമരം ചൂടുപിടിച്ചു നിൽക്കുന്ന കാലം. രോഗികൾ നിറഞ്ഞ വാർഡുകളിൽ നഴ്‌സുമാർ ഇല്ലാത്ത സമയം. ആ രോഗികളെ വിട്ടുപോകാൻ മനസ്സു വരാത്ത ഫിലോമിന സിസ്റ്റർ. ഏകദേശം 10 ദിവസം 24 മണിക്കൂറും രോഗികളുടെ കൂടെത്തന്നെ ജീവിച്ചു. ഡ്യൂട്ടി സമയമോ സ്വന്തം ആരോഗ്യസ്ഥിതിയോ (അപ്പോഴും ഡയാലിസിസിന്‌ വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു) നോക്കാതെ അവരെ ശുശ്രൂഷിക്കാനുള്ള ഹൃദയവിശാലതയും മനസ്സും... ‘അതേ അത്‌... നമ്മുടെ മമ്മിക്ക്‌ മാത്രമേ കഴിയൂ...’ പലരുടെയും വാക്കുകൾ അതുതന്നെയായിരുന്നു.

ഏതു പ്രതിസന്ധിയിലും തളരാത്ത ഒരു മനസ്സ്‌ - ഡോക്ടർ ലിസ്സി പലവട്ടം പറയുമായിരുന്നു: ‘ഫിലോമിന സിസ്റ്റർ കൂടെയുണ്ടെന്നുള്ള ഒരു ധൈര്യം മതി സാറേ ജീവിക്കാൻ’.രോഗിയായിരുന്ന സമയത്ത്‌ ഡോക്ടർ ലിസ്സിക്ക്‌ ഈ ധൈര്യം പകർന്നുകൊടുക്കാൻ സാധിക്കുന്നത്‌ സിസ്റ്ററിന്‌ മാത്രമായിരുന്നു. ‘സിസ്റ്ററിനെപ്പോലെയൊന്നും നമുക്ക്‌ ജീവിക്കാൻ സാധിക്കുകയില്ല സാറേ' -ഡോക്ടർ അനുപമയുടെ വാക്കുകളാണ്‌.

 ശരിയാണ്‌ അക്ഷരാർഥത്തിൽ രോഗികൾക്കു വേണ്ടി മാത്രം, രോഗികൾക്കിടയിൽ ജീവിച്ചു മരിച്ച ഒരു നഴ്‌സ്‌... ഡയാലിസിസിന്‌ വിധേയയായി കട്ടിലിൽ കിടക്കുമ്പോഴും ഓരോരോ രോഗിയെക്കുറിച്ച്‌ അന്വേഷിക്കുകയും കൂടെ ജോലി ചെയ്യുമ്പോൾ  ചികിത്സാ നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന ഒരു വലിയ മനസ്സ്‌... സ്വന്തം ജീവൻ ഒരു ഞാണിന്മേലാണെന്നറിഞ്ഞിട്ടും മറ്റുള്ളവർക്കു വേണ്ടി ജീവിതം മാറ്റിവെച്ച ഒരു ജീവിതം... വിശേഷണങ്ങൾക്കതീതമാണ്‌ ആ മനസ്സ്‌ സുഖമില്ലാതെ ആസ്പത്രിയിൽ കിടക്കുന്ന സമയത്ത്‌ സിസ്റ്റർ ആവശ്യപ്പെടാതെ എത്രയോ രോഗികളും അവരുടെ ബന്ധുക്കളും സാമ്പത്തിക സഹായവുമായി  എത്തിയിരുന്നെങ്കിലും സ്നേഹപൂർവം അതെല്ലാം നിരസിക്കുകയായിരുന്നു പതിവ്‌.

മറ്റുള്ളവർക്കു വേണ്ടി ജീവിക്കാൻ കൊതിച്ച ഒരു മനസ്സായിരുന്നു സിസ്റ്ററിന്റേത്‌. അതുകൊണ്ടുതന്നെ മരണത്തിന്റെ കൈകളിൽ നിന്ന്‌ കുതറിയോടി പലവട്ടം സിസ്റ്റർ തിരികെ വന്നു.

‘ഞാൻ തിരികെ വരും സാറേ...’ ഒരാഴ്ച മുൻപുവരെ സിസ്റ്റർ പറയുമായിരുന്നു. ‘എനിക്കെന്തസുഖമായാലും അവസാനസമയം ഞാൻ സാറിന്റടുക്കലെത്തും...’ എത്ര തവണയാണ്‌ സിസ്റ്റർ ഇങ്ങനെ പറഞ്ഞിട്ടുള്ളത്‌... കുറച്ചൊക്കെ അറം പറ്റിയതുപോലെ അവസാനനാളിൽ കിട്ടിയ ഒരു ചെറിയ കാൻസർ... ആ ആഗ്രഹം സാധൂകരിക്കാൻ കിട്ടിയ അവസരമായി അതിനെ എത്ര ധൈര്യത്തോടെയാണ്‌ നേരിട്ടത്‌.

 കഴിഞ്ഞ മൂന്നു ദിവസമായി എന്റെ ഫോണിൽ ഇടവിടാത്ത കോളുകളായിരുന്നു. മറ്റു രാജ്യങ്ങളിൽ നിന്നടക്കം എല്ലാം ഒരേ ചോദ്യമായിരുന്നു: ‘നമ്മുടെ മമ്മി പോയി, അല്ലേ?’.

 ഇതിൽ കൂടുതൽ എന്തുവേണം ഒരു ജീവിതം ധന്യമാകാൻ. അമ്മമാർ, മമ്മിമാർ... ഒരിക്കലും മരിക്കുന്നില്ല. ഒരിക്കലും മരിക്കാത്ത ആ ഓർമകൾ മതി കുറേ ജീവിതങ്ങൾ മുന്നോട്ടു നയിക്കാൻ... എന്റേതുൾപ്പെടെ...