രോഗവിവരത്തെക്കുറിച്ച് അവളുടെ അച്ഛനമ്മമാരോട് വിശദമായി സംസാരിച്ചിരുന്നു. രോഗത്തിന്റെ ഗൗരവം തത്കാലം അവളോടു പറയേണ്ടെന്നും എല്ലാ കാര്യങ്ങളും നോക്കിക്കൊള്ളാമെന്നും അച്ഛനമ്മമാര്‍ പറഞ്ഞു. അതു ശരിയുമായിരുന്നു. കൃത്യമായ ചികിത്സയില്‍ രോഗം നിയന്ത്രണവിധേയമായി. ഭേദമായിട്ടില്ലെന്നും രോഗം ഫലപ്രദമായി നിയന്ത്രിച്ച് നല്ല ജീവിതം നയിക്കാമെന്നും അവളോടും പറഞ്ഞു.

 ഉയര്‍ന്ന നിലയില്‍ത്തന്നെയാണ് പഠനം പൂര്‍ത്തിയാക്കിയത്. അധികം കഴിയുംമുമ്പ് അവളുടെ ഫോണ്‍ വന്നു: ''ഡോക്ടര്‍, ഗുജറാത്തില്‍ നല്ലൊരു കമ്പനിയില്‍ നിന്ന് കൊള്ളാവുെന്നാരു ജോലി വാഗ്ദാനം വന്നിട്ടുണ്ട്. അങ്ങോട്ടു പോകാമോ?''''ധൈര്യമായി പോകാം. പക്ഷേ, ചികിത്സയും പരിശോധനകളും മുടക്കരുത്...''

ഗുജറാത്തിലെ കമ്പനിയില്‍ ധാരാളം മലയാളികളുമുണ്ടായിരുന്നു. പിന്നീടും അവളോ അച്ഛനമ്മമാരോ പതിവായി വിളിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് കോഴിക്കോടു ഭാഗത്തുനിന്ന് ഒരു ഫോണ്‍കോള്‍ വന്നു... ഒരമ്മയാണ് വിളിക്കുന്നത്. അമ്മയുടെ മകന്‍ ഈ പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരിക്കുന്നു. അവള്‍ തന്നെ അവനോട് രോഗവിവരമെല്ലാം പറഞ്ഞിട്ടുണ്ട്. അവളുടെ വീട്ടുകാരോടും അവന്‍ സംസാരിച്ചു. വീട്ടുകാരാകട്ടെ രോഗവിവരത്തെയും അതിന്റെ ഗൗരവാവസ്ഥയെയും കുറിച്ചൊക്കെ വിശദമായിത്തന്നെ അവനോടു സംസാരിക്കുകയും ചെയ്തു. അതോടെയാണ് അവന്റെ അമ്മയ്ക്ക് ആധിയായത്.

''ഡോക്ടര്‍ കാര്യങ്ങള്‍ പറഞ്ഞ്, എന്റെ മോനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കണം...'' -അതാണ് അമ്മയുടെ ആവശ്യം. അവര്‍ രണ്ടുപേരും നല്ല വിദ്യാഭ്യാസമുള്ളവര്‍. രണ്ടു പേര്‍ക്കും നല്ല ജോലിയുമുണ്ട്. രോഗ വിവരങ്ങളൊക്കെ രണ്ടുപേര്‍ക്കും അറിയാം. അങ്ങനെയുള്ളൊരു ബന്ധം ഞാന്‍ ഇടപെട്ട് ഇല്ലാതാക്കണമെന്നു പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല...''

ആ അമ്മയ്ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. അവന്‍ അവളുടെ വീട്ടില്‍ച്ചെന്ന് അച്ഛനമ്മമാരോട് സംസാരിച്ചു. അപ്പോഴാണ് രോഗത്തിന്റെ ഗൗരവസ്വഭാവം അവനറിയുന്നത്. അവള്‍ക്ക് അക്കാര്യം അറിയില്ലെന്നും അതിനാലാണ് തങ്ങള്‍ ഇക്കാര്യം വിശദമായി പറയുന്നതെന്നും അച്ഛനമ്മമാര്‍ പറഞ്ഞു. ഇത്തവണ പ്രണയത്തിനു മേലുള്ള അവന്റെ ധൈര്യം ഒന്നുലഞ്ഞു.

 ഒരുദിവസം അദ്ദേഹം എന്നെത്തേടി വന്നു. അവളുടെ അച്ഛനമ്മമാര്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് എനിക്കും പറയാനുണ്ടായിരുന്നത്. അവന്‍ ആകെ അങ്കലാപ്പിലും നിരാശയിലുമായി: ''ഞാനെന്തു ചെയ്യണം ഡോക്ടര്‍...?. നിങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കു പറയാനാവില്ല. രോഗത്തിന്റെ നില ഇതാണ്. ഇതുവരെ നമുക്കു കഴിയാവുന്ന മികച്ച ചികിത്സയാണ് നല്‍കിയിട്ടുള്ളത്. രോഗം പൂര്‍ണമായി ഭേദമാകാന്‍ തീരെ സാധ്യതയില്ല. എപ്പോഴെങ്കിലും രോഗം ഗുരുതരമായാല്‍ എന്താവുമെന്ന് പറയാനാവില്ല...''

 കരുതിവെച്ചിരുന്നതാണെന്നു തോന്നിക്കുന്ന ആ ചോദ്യം എടുത്തടിച്ചതുപോലെ അയാള്‍ ചോദിച്ചു: ''എന്റെ ഈ അവസ്ഥയില്‍ ഡോക്ടറാണെങ്കില്‍ എന്തു ചെയ്യുമായിരുന്നു...?'.പെട്ടെന്ന് എനിക്കൊരു ചിരിയാണു വന്നത്. ചിരിച്ചു കൊണ്ടുതന്നെ ഞാന്‍ പറഞ്ഞു: ''ഞാനാണെങ്കില്‍ ഇത്തരം ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുമൊന്നും നില്‍ക്കില്ലായിരുന്നു. വളരെ മുമ്പേ കല്യാണം കഴിഞ്ഞിരുന്നേനെ... പ്രണയം ശരിക്കുമുണ്ടെങ്കില്‍ അവിടെപ്പിന്നെ ഇത്തരം കണക്കുകൂട്ടലുകള്‍ക്കും ലാഭനഷ്ടവിചാരങ്ങള്‍ക്കുമൊന്നും സ്ഥാനമില്ലല്ലോ...''

എന്റെ മറുപടി പക്ഷേ, അവനെ കൂടുതല്‍ കുഴക്കിയതേയുള്ളുവെന്നു തോന്നി. അയാള്‍ പോകാനെഴുന്നേറ്റു. 'രോഗത്തിന്റെ ഗൗരവസ്വഭാവത്തെക്കുറിച്ച് അവള്‍ക്കറിയില്ല. അത് അവളോടു പറയേണ്ട. ചികിത്സാകാര്യങ്ങള്‍ കൃത്യമായി നോക്കാമെന്നുള്ളത് അവളുടെ അച്ഛനമ്മമാരുടെ തീരുമാനമാണ്. അതിനാല്‍, രോഗകാര്യത്തെക്കുറിച്ച് ഞാന്‍ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെന്നും അവളോട് പറയരുത്'' -ഞാന്‍ പറഞ്ഞു.

 ''ഇല്ല ഡോക്ടര്‍... അവളോട് പറയില്ല.'' -വാക്കു തന്നിട്ട് അയാള്‍ പോയി. ഒരാഴ്ച തികഞ്ഞില്ല... അതിനുമുമ്പ് അവളുടെ ഫോണ്‍ വന്നു: ''അവന്‍ എന്നെ ഇട്ടിട്ടുപോയി ഡോക്ടര്‍. എന്റെ രോഗവിവരത്തെക്കുറിച്ച് എനിക്കറിയാവുന്നതിലപ്പുറം അവനറിയാം. ഐ ഫെല്‍റ്റ് വെരി ബാഡ് ഡോക്ടര്‍... എനിക്കു ശരിക്കും സങ്കടം തോന്നി...''

 എനിക്കും ശരിക്കും വല്ലാതെ തോന്നി. ''രോഗത്തിന്റെ ഗൗരവത്തെക്കുറിച്ച് മോളോടു പറയരുത് എന്നത് അച്ഛനമ്മമാരുടെ ആവശ്യമായിരുന്നു. ഇക്കാര്യം മോളോട് പറയില്ല എന്ന് അയാള്‍ എനിക്കു വാക്കു തന്നിരുന്നതുമാണ്. അത്ര പോലും ഇന്റഗ്രിറ്റി ഇല്ലാത്ത ഒരാള്‍ വിട്ടു പോകുന്നതില്‍ ഒട്ടും സങ്കടപ്പെടേണ്ട...''

 അവളെ ആശ്വസിപ്പിച്ചെങ്കിലും എനിക്കു വിഷമം തോന്നി. അവരുടെ പ്രണയനഷ്ടത്തിന്റെ വേദന നമുക്ക് മനസ്സിലാക്കാനാവില്ലല്ലോ.
 അധികം വൈകാതെ ഒരുദിവസം അടുത്ത പരിശോധനകള്‍ക്കു കൂടിയായി അവള്‍ വന്നു. കണ്ടതും അവളുടെ കൈപിടിച്ച് ഞാന്‍ പറഞ്ഞു: ''സോറി മോളേ...'' ശരിക്കും വിഷമത്തോടെയാണ് ഞാനതു പറഞ്ഞത്.

''അയ്യോ! ഡോക്ടര്‍... ഡോക്ടറോട് സോറി പറയനാണ് ഞാന്‍ വന്നത്...''
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവള്‍ കുനിഞ്ഞിരുന്ന് എന്റെ കാലില്‍ തൊട്ടു വണങ്ങി. എനിക്കും കണ്ണുനിറഞ്ഞു... ഒന്നും പറയാന്‍ വാക്കുകളുണ്ടായിരുന്നില്ല. കുറച്ചുനാള്‍ കഴിഞ്ഞ്, പിന്നെ അവള്‍ വിളിച്ചത് ഇറ്റലിയിലേക്കു പോകുന്നു എന്നു പറയാനാണ്. ''നല്ലൊരു കമ്പനിയില്‍ നിന്ന് കൂടുതല്‍ നല്ല ജോലി വാഗ്ദാനം ലഭിച്ചിട്ടുണ്ട്. പോകാമല്ലോ അല്ലേ ഡോക്ടര്‍...''

 ''തീര്‍ച്ചയായും പോകാം...'' -അവള്‍ക്ക് എല്ലാ നന്മകളും നേര്‍ന്നു. പിന്നീടൊരിക്കല്‍ അവള്‍ വന്നത്, നാട്ടില്‍ നിന്നെത്തി ഇറ്റലിയില്‍ത്തന്നെ ജോലിചെയ്യുന്ന ഒരു സുഹൃത്തിനൊപ്പമായിരുന്നു. അന്നു വന്നപ്പോള്‍ ഒരു സര്‍പ്രൈസ് ഗിഫ്റ്റും ഉണ്ടായിരുന്നു അവരുടെ പക്കല്‍... കല്യാണക്കുറി. പഴയ പ്രണയവും പ്രണയ നഷ്ടവും ഉള്‍പ്പെടെ അവളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ടുതന്നെ ജീവിതത്തിലേക്കു കൂട്ടാന്‍ തയ്യാറായ ഒരാള്‍. അയാളുടെ വീട്ടുകാരോട് അവളുടെ വീട്ടുകാര്‍ തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുമുണ്ടായിരുന്നു.

 ഇപ്പോള്‍ കുറേ വര്‍ഷങ്ങളായി. ഇടയ്ക്ക് വല്ലപ്പോഴുമൊക്കെ അവര്‍ വിളിക്കുകയോ ഇ-മെയില്‍ അയയ്ക്കുകയോ ഒക്കെ ചെയ്യാറുണ്ടായിരുന്നു. കഴിഞ്ഞ ഒന്നുരണ്ടാഴ്ചയായി ഏതാണ്ടെല്ലാ ദിവസവും അവളുടെ ഭര്‍ത്താവ് ഇറ്റലിയില്‍ നിന്ന് വിളിക്കാറുണ്ട്. അവളുടെ രോഗം ഗൗരവതരമായിരിക്കുന്നു. അവിടെ ആശുപത്രിയിലാണ്. ഓരോ ദിവസത്തെയും വിവരങ്ങള്‍ വിളിച്ചു പറയും. ''ഒരു ദിവസമെങ്കില്‍ ഒരു ദിവസം അവള്‍ക്ക് സന്തോഷമായി കഴിയാനാവണം... അത്രയേ ഉള്ളൂ ഡോക്ടര്‍...''

 ഇപ്പോള്‍, വനിതാ ദിനത്തെക്കുറിച്ചൊക്കെ പറയുമ്പോള്‍ ധൈര്യവും പ്രസാദവും കൊണ്ട് മരണത്തെപ്പോലും കീഴടക്കിയ അവളെപ്പോലുള്ളവരെയാണ് ആദരിക്കേണ്ടതെന്നു തോന്നാറുണ്ട്. ആശുപത്രിയില്‍ നമ്മള്‍ പലതരം ആളുകളെ കാണാറുണ്ട്. ആളുകള്‍ ആശുപത്രിക്കു പുറത്തും അങ്ങനെ തന്നെയായിരിക്കും. പൊതുവേ രണ്ടു തരത്തിലാണ് ആളുകള്‍ എന്നു തോന്നിയിട്ടുണ്ട്... മരിച്ചുജീവിക്കുന്നവരും ജീവിച്ചുമരിക്കുന്നവരും. ചിലര്‍ ജനിച്ചതുകൊണ്ട് അങ്ങനെയങ്ങനെ അങ്ങു കഴിഞ്ഞു പോകുന്നു എന്നേയുള്ളൂ. ജീവിതത്തോട് അവര്‍ക്കു പ്രത്യേകിച്ച് ഒരു പ്രതിപത്തിയുമില്ല... ഒരു ദിവസം അങ്ങു മരിച്ചുപോകും അത്രതന്നെ. മറ്റു ചിലരുണ്ട്, എത്ര പ്രതിസന്ധികളുണ്ടായാലും ഓരോ ദിവസവും ആസ്വദിച്ചു ജീവിക്കുന്നവര്‍. ഒരു മരണഭീതിക്കും അവരെ തോല്പിക്കാനാവില്ല... അങ്ങനെയുള്ളവരുടെ ജീവിതത്തില്‍ നിന്നാണ് സഹജീവികളുടെ ജീവിതത്തിലേക്കു പ്രകാശം പൊഴിയുന്നത്.

 തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് ഗൗരവാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഒരു ഐ.ടി. എന്‍ജിനീയറുണ്ടായിരുന്നു. ദിവസങ്ങളെണ്ണി കഴിയുന്ന സമയത്തും അദ്ദേഹം തമാശകള്‍ പറഞ്ഞ് ചിരിക്കുമായിരുന്നു. ഫോട്ടോഗ്രാഫിയിലായിരുന്നു അദ്ദേഹത്തിന്റെ കമ്പം. എല്ലാ ദിവസവും ചിത്രങ്ങള്‍ എടുക്കും. അവ ഒട്ടേറെയിടങ്ങളിലേക്ക് അയച്ചു കൊടുക്കും. മത്സരങ്ങള്‍ക്കയച്ച് സമ്മാനങ്ങള്‍ നേടും. ഒരിക്കല്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ രോഗം മൂലം വലതു വശം തളര്‍ന്നനിലയിലായിരുന്നു അദ്ദേഹം. ഒരു ഐ.വി. സ്റ്റാന്‍ഡില്‍ ക്യാമറ കെട്ടിയുറപ്പിച്ച് ഇടതു കൈകൊണ്ട് ക്ലിക്ക് ചെയ്ത് ഫോട്ടോയെടുക്കുകയാണ് അദ്ദേഹം. രണ്ടുദിവസം കഴിഞ്ഞതും ആള്‍ മരിച്ചു. ഒരാഴ്ച കഴിഞ്ഞാണ് അദ്ദേഹമെടുത്ത ചിത്രത്തിന് ഫോട്ടോഗ്രാഫി പുരസ്‌കാരം ലഭിച്ച വാര്‍ത്ത വരുന്നത്. അവസാന നിമിഷംവരെ ആസ്വദിച്ചു ജീവിച്ചാണ് അദ്ദേഹം മരിച്ചത്.

 ലോകാരോഗ്യ സംഘടനയില്‍ ജോലിചെയ്തിരുന്ന ഒരു ഓഫീസറുണ്ട്. രോഗം കലശലായിരിക്കുമ്പോഴും അദ്ദേഹം ജോലിത്തിരക്കുകളില്‍ത്തന്നെ ആയിരുന്നു. ഒരുദിവസം അദ്ദേഹം ചോദിച്ചു: ''മരിക്കാന്‍ പോകുന്ന ആ നിമിഷം... ദാ, അടുത്ത നിമിഷം മരിക്കുകയായി എന്ന് നാം എങ്ങനെയാണ് ഡോക്ടര്‍ തിരിച്ചറിയുന്നത്...?''''അയ്യോ! അതു പറയാന്‍ എനിക്കങ്ങനെ നേരത്തേ മരിച്ചുള്ള പരിചയമില്ലല്ലോ...'' എന്നു പറഞ്ഞ് ഞാന്‍ ചിരിച്ചു. അദ്ദേഹവും നന്നായി ചിരിച്ചു.

 ''മരിക്കുന്ന നിമിഷം ജോലിയില്‍ മുഴുകി മരിക്കണം എന്ന ആഗ്രഹംകൊണ്ടു പറഞ്ഞതാണ് ഡോക്ടറേ...'' -ചിരിച്ചു കൊണ്ടുതന്നെ അദ്ദേഹം പറഞ്ഞു.
ജീവിച്ചു മരിക്കുന്നവര്‍ എപ്പോഴും അങ്ങനെയാണ്... അവസാന നിമിഷം വരെ ജീവിതത്തെ മധുരമായിത്തന്നെ ആസ്വദിക്കും. അവരുടെ ധീരതകള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കേണ്ടത്... അവരുടെ ധീരതയാണ് നമുക്കൊക്കെ ജീവിതത്തെ സ്‌നേഹിക്കാനും കൂടുതല്‍ നന്നായി ജീവിക്കാനും പ്രചോദനമാകുന്നത്.