ഭാര്യയ്ക്ക് കാന്‍സറാണെന്നറിയുമ്പോള്‍ മക്കളെയടക്കം ഉപേക്ഷിച്ചുകളയുന്ന പുരുഷന്മാരെ കാണാറുണ്ട്. അത് അത്ര വിരളമൊന്നുമല്ല. തിരിച്ച് ഭര്‍ത്താവിനെ ഉപേക്ഷിച്ച് പൊയ്ക്കളയുന്ന ഭാര്യമാരും ഇല്ലാതില്ല. പ്രത്യേകിച്ച് അങ്ങനയൊന്നും ഒരു കാരണവുമില്ലാതെ പരസ്പരം ഉപേക്ഷിച്ചു പോകുന്നവര്‍ എല്ലാ വിഭാഗത്തിലുമുണ്ടല്ലോ.എന്തൊക്കെയായാലും അമ്മയ്ക്ക് സ്വന്തം മക്കളെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നാണല്ലോ. എന്നാല്‍, അങ്ങനെയുള്ള അമ്മയെയും ഈ രോഗം കാണിച്ചു തന്നിട്ടുണ്ട്. അതേസമയം തന്നെ, ഗുരുതരമായ രോഗം മൂലം ചികിത്സയിലായ കൂട്ടുകാരിക്ക് മരണത്തോളവും കൂട്ടിരുന്ന പ്രിയപ്പെട്ട സുഹൃത്തിനെയും കണ്ടിട്ടുണ്ട്.
 
ഒരിറ്റെങ്കിലും നന്മ ഉള്ളിലുള്ളവരെ കൂടുതല്‍ വലിയ നന്മയിലേക്കു നയിക്കുകയേയുള്ളു രോഗം എന്നു തോന്നുന്നു. ചിലര്‍ കല്യാണം ക്ഷണിക്കാനായി വരും. എന്നിട്ട് പറയും: ''ഡോക്ടറേ, രോഗവിവരം അവരുടെ വീട്ടുകാരെ അറിയിച്ചിട്ടില്ല... ഡോക്ടര്‍ കല്യാണത്തിനു വരണമെന്ന് ഞങ്ങള്‍ക്കുണ്ട്. പക്ഷേ, ഡോക്ടറുമായി എങ്ങനെയാണ് ബന്ധം എന്ന് ചോദിക്കുകയും പറയുകയുമൊക്കെ ചെയ്യുമ്പോള്‍...''
''സാരമില്ല, ഞാന്‍ വരുന്നില്ല... എന്റെ എല്ലാ സ്‌നേഹവും അനുഗ്രവുമൊക്കെയുണ്ടാവും...'' എന്ന് അവരെ ആശ്വസിപ്പിച്ചു വിടേണ്ടിവരുന്ന സന്ദര്‍ഭങ്ങളും ഇടയ്‌ക്കൊക്കെ ഉണ്ടാകാറുണ്ട്. 

രോഗം വന്നിരുന്നു. ചികില്‍സിച്ച് ഭേദമാക്കി. ഇപ്പോള്‍ ഒരു കുഴപ്പവുമില്ല എന്ന് വധുവിന്റെ, അല്ലെങ്കില്‍ വരന്റെ വീട്ടുകാരോട് പറയാന്‍ മടിയുള്ളവരാണ് ഒരു വിഭാഗം. രോഗവിവരം മറച്ചുവെച്ച് കല്യാണം നടത്തിയതിന്റെ പേരില്‍ പിന്നീട് പ്രശ്‌നങ്ങളുണ്ടായിട്ടുള്ളവരുമുണ്ട്. വേറെ ചിലരാകട്ടെ, കല്യാണം കഴിഞ്ഞ് അധികം കഴിയുംമുന്‍പ് ഭാര്യയോട്, അല്ലെങ്കില്‍ ഭര്‍ത്താവിനോട് രോഗവിവരം പറയും. അവര്‍ പരസ്പരം അറിഞ്ഞ്, അത് അവരുടെ മാത്രം കാര്യമായി സൂക്ഷിക്കും. പരസ്പരം സ്‌നേഹവും ധാരണയുമുള്ള നല്ല ദമ്പതിമാര്‍ക്കേ അത് സാധിക്കൂ.

മുമ്പ് ഒരു കുട്ടിയെ ചികിത്സിക്കുന്ന വേളയില്‍, രോഗവിവരം അറിഞ്ഞ് അവളുടെ അമ്മ മകളെ ഉപേക്ഷിച്ചു പോയത് അതിശയവും വലിയ വേദനയുമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം അവളെ വീണ്ടും കണ്ടു. 10, 14 വര്‍ഷം മുമ്പാണ് അവളെ ചികിത്സിച്ചത്. അന്ന് അവള്‍ക്ക് എട്ടോ ഒമ്പതോ വയസ്സേ ഉണ്ടായിരുന്നുള്ളൂ. അമ്മ ഉപേക്ഷിച്ചു പോയതോടെ കുട്ടിയുടെ അച്ഛനും അമ്മയുടെ അച്ഛനും കൂടുതല്‍ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും മോളെ പരിചരിച്ചു. വേഗം തന്നെ അവള്‍ക്ക് അസുഖം ഭേദമാവുകയും ചെയ്തു. പിന്നെയും കുറച്ചുനാളത്തേക്ക് അവര്‍ വല്ലപ്പോഴും വരികയോ ബന്ധപ്പെടുകയോ ചെയ്തിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങളായി ഒരു വിവരവുമുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം അവള്‍ വീണ്ടും വന്നത്. ഇപ്പോള്‍ അവള്‍ ഒരമ്മയായിരിക്കുന്നു. ഏതാനും മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ടാണ് വന്നത്. അവളുടെ കൂടെ ഇപ്പോള്‍ മറ്റൊരമ്മയുണ്ട്. മറ്റാരുമല്ല, ഭര്‍ത്താവിന്റെ അമ്മ. പഴയ രോഗം മടങ്ങിവരുന്നുണ്ടോ എന്ന് അറിയാനും ഉണ്ടെങ്കില്‍ എന്തു ചെയ്യണമെന്ന് ചോദിക്കാനുമാണ് അവര്‍ വന്നത്. 

''കൈക്കുഞ്ഞുമായി വന്നതല്ലേ, നമുക്ക് ഒരു ദിവസം ആശുപത്രിയില്‍ കിടന്ന് വിശദമായ പരിശോധനകള്‍ നടത്താം'' എന്നു പറഞ്ഞു.
''അയ്യോ! അതു വേണ്ട ഡോക്ടര്‍. ആശുപത്രിയില്‍ കിടന്നാല്‍ വിവരം ഭര്‍ത്താവ് അറിയില്ലേ...''
''അറിയുമല്ലോ, അതിനെന്താ. അദ്ദേഹത്തിന് അറിയില്ലേ...?''
''ഇല്ല ഡോക്ടര്‍. മുമ്പ് രോഗമുണ്ടായിരുന്ന കാര്യം ഹസ്ബന്‍ഡിനോട് പറഞ്ഞിട്ടില്ല.''
''അപ്പോള്‍ കൂടെ വന്നത് ഭര്‍ത്താവിന്റെ അമ്മയാണെന്നല്ലേ പറഞ്ഞത്. ആ അമ്മയ്ക്ക് അറിയില്ലേ...''

''അമ്മയ്ക്ക് എല്ലാ വിവരവും അറിയാം ഡോക്ടര്‍. മുമ്പ് രോഗം വന്ന വിവരവും ചികിത്സാ കാര്യങ്ങളുമെല്ലാം അമ്മയോട് പറഞ്ഞിട്ടുണ്ട്. ഹസ്ബന്‍ഡിനോട് പറേയണ്ട കാര്യമില്ലെന്നും എന്തെങ്കിലും സാഹചര്യം വരുമ്പോള്‍ അമ്മതന്നെ പറഞ്ഞോളാം എന്നുമാണ് പറഞ്ഞത്...''

 പ്രായം ചെന്ന ഒരു നാട്ടിന്‍പുറത്തുകാരിയാണ് ആ അമ്മ... നമ്മുടെ പെണ്‍കുട്ടിയുടെ അമ്മായിയമ്മ. നമ്മുടെ കഥകളിലും കേട്ടറിവുകളിലുമൊക്കെ വില്ലന്‍ വേഷമുള്ളയാളാണല്ലോ 'അമ്മായിയമ്മ'. ഇതു പക്ഷേ, സംഭവം വേറെയാണ്. മകന് ഈ അമ്മയെ ഇപ്പോഴും പേടിയും ബഹുമാനവുമൊക്കെയാണ്. അമ്മ പറഞ്ഞാല്‍ മകന്‍ കേള്‍ക്കുമെന്ന കാര്യത്തില്‍ അമ്മയ്ക്കും മരുമകള്‍ക്കും സംശയമേയില്ല. 

 ''ഡോക്ടറേ, കല്യാണം കഴിക്കുന്നതിനു മുമ്പ് അവന് എന്തൊക്കെ അസുഖം വന്നിട്ടുണ്ടെന്നൊന്നും ഞങ്ങള്‍ ആരോടും പറഞ്ഞിരുന്നില്ലല്ലോ. പിന്നെന്തിനാ ഇവളുടെ അസുഖക്കാര്യങ്ങള്‍ അന്വേഷിക്കുന്നത്...? അസുഖം വന്നു, ചികിത്സിച്ചു, അത് ഭേദമായി... അത്രയല്ലേ ഉള്ളൂ. ഇനി ഇവള്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ ഞങ്ങള്‍ ചികിത്സിക്കും... അത്രയല്ലേ ഉള്ളൂ...''
 എനിക്കും അതൊരു പുതിയ തിരിച്ചറിവായിരുന്നു: 'എപ്പോഴോ വന്നുപോയ അസുഖത്തെയൊന്നും അത്ര വലിയ കാര്യമായി കാണേണ്ടതില്ല' എന്ന്.

ഏതോ കാലത്ത് അവളെ ഉപേക്ഷിച്ചുപോയ പെറ്റമ്മയെക്കാള്‍ എത്രയോ നല്ലൊരമ്മയെയാണ് ഇപ്പോള്‍ അവള്‍ക്ക് കിട്ടിയിരിക്കുന്നത്.
''ഡോക്ടറേ... ഇപ്പോള്‍ പരിശോധന നടത്തി പോയിട്ട് കാര്യമായ ചികിത്സ വേണമെങ്കില്‍ ഞാന്‍ തന്നെ മകനോട് പറഞ്ഞ്, ഞങ്ങള്‍ വന്ന് ചികിത്സിച്ചോളാം...''
 നാട്ടിന്‍പുറത്തുകാരിയായ ആ അമ്മയുടെ ഉറച്ച ജീവിതക്കാഴ്ചകള്‍ വലിയൊരു പ്രകാശമായിരുന്നു എനിക്ക്. 

 ഇന്നസെന്റ് പലപ്പോഴും പറയുമായിരുന്നു: ''ഡോക്ടറേ... ഈ രോഗവിവരം നമ്മള്‍ മറച്ചു വയ്ക്കുകയും വേണ്ട, വിളിച്ചുപറയുകയും വേണ്ട. നമ്മളാരുടെയും മുതല്‍ കട്ടെടുത്തതൊന്നുമല്ലല്ലോ... പേടിച്ച് മാറിനില്‍ക്കാന്‍... നമ്മള്‍ കുറ്റം ചെയ്തതൊന്നുമല്ലല്ലോ ഏറ്റുപറയാന്‍...