nurseന്താ മോളേ... എന്താ പ്രശ്‌നം... എന്ന് ചോദിച്ചതും അവൾ കരയാൻ തുടങ്ങി. ആശുപത്രിയിൽ ഞങ്ങളുടെ ടീമിലെ ഒരു നഴ്‌സാണ്. എപ്പോഴും നല്ല പ്രസരിപ്പിൽ നടക്കുന്ന കുട്ടി. കൂടെയുള്ള കൂട്ടുകാരി സിസ്റ്റർമാരാണ് വന്നു പറഞ്ഞത് അവൾ വല്ലാതെ സങ്കടപ്പെട്ടിരിക്കുകയാണെന്ന്. വേഗം തന്നെ അവൾ കരച്ചിലടക്കി സാരമില്ല സാർ.. എന്ന് എന്നെ ആശ്വസിപ്പിക്കാൻ തുടങ്ങി.   അവളെ തോളിൽ ചേർത്ത് പിടിച്ചപ്പോൾ പിന്നെയും അവൾക്ക് കരച്ചിൽ വന്നു. 

അപ്പോൾ കൂട്ടുകാരികളാണ് പറഞ്ഞത് ആശുപത്രിയിലെ മുറിയിൽ ചികിൽസയിൽ കഴിയുന്ന ഒരാൾ അവളെ വല്ലാതെ ഇകഴ്ത്തി സംസാരിച്ച കാര്യം. നീയൊക്കെ വീട്ടിലൊരു ഗതിയുമില്ലാതെ ഈ നഴ്‌സ് പണിക്ക് വന്നതായിരിക്കും അല്ലേ...   കുടുംബത്തിൽ പിറന്നവരാരെങ്കിലും ഈ പണിക്ക് വരുമോ എന്റെ വീട്ടിൽ നിന്നാണെങ്കിൽ ഈ പണിക്ക് ഞാൻ വിടില്ല എന്നൊക്കെ പറഞ്ഞ് അവളെ വല്ലാതെ അവഹേളിച്ചു. കൂടുതലെന്തൊക്കെയാണ് പറഞ്ഞത് അവർ എന്നോട് പറഞ്ഞില്ല. കൂട്ടുകാരികളോടും അവൾ അത്രയൊക്കെയേ പറഞ്ഞുള്ളൂ.
 
ഏതു റൂമിലുള്ളയാളാണ് ഇങ്ങനെ പറഞ്ഞത് എന്ന് ചേദിച്ചപ്പോൾ അവൾ പിന്നെയും പറഞ്ഞു- അത് സാരമില്ല സാർ. അങ്ങേർക്ക് അപ്പോൾ എന്തെങ്കിലും പ്രശ്‌നം വന്നപ്പോൾ ആദ്യം കണ്ടയാളോട് പറഞ്ഞു തീർത്തതായിരിക്കും... ഇതൊക്കെ ഇതിലുള്ളതല്ലേ സാർ...

അവൾ എന്നെ ആശ്വസിപ്പിച്ചപ്പോൾ ശരിക്കും കണ്ണു നിറഞ്ഞുപോയി. വളരെ നിർബന്ധിച്ചിട്ടാണ് ആരാണ് അങ്ങനെ പറഞ്ഞത് എന്ന കാര്യം അവൾ വെളിപ്പെടുത്തിയത്‌. 

നഴ്‌സുമാരെക്കുറിച്ച് കാരുണ്യത്തിന്റെയും സേവനത്തിന്റെയും മാലാഖമാരെന്നൊക്കെ പറയുന്നത് വെറും പറച്ചിലുകളല്ല. അത്രയേറെ ബുദ്ധിമുട്ടിയാണ് രാപകൽ ഭേദമില്ലാതെ അവർ ജോലി ചെയ്യുന്നത്. രോഗദുരിതങ്ങളുടെ വൻകടൽ താണ്ടിപ്പോകുന്ന പലരും ചിലപ്പോഴെങ്കിലും ഡോക്ടർമാരോട് നന്ദി പറയാറുണ്ട്. ഡോക്ടർമാരുടെ സേവനങ്ങളെക്കുറിച്ചും പറയാറുണ്ട്. എന്നാൽ, രോഗികളെ പരിചരിക്കുന്ന കാര്യത്തിൽ ഡോക്ടർമാരെക്കാൾ എത്രയോ വലുതാണ് നഴ്‌സുമാരുടെ സേവനം.

ഏറ്റവും നിരാലംബമായ അവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ഏറ്റവും കാരുണ്യം നിറഞ്ഞ പെരുമാറ്റമാണ് ഒട്ടെല്ലാ നഴ്‌സുമാരും നൽകുന്നത്. പലയാളുകൾ പല തരത്തിലാണെന്നത് സത്യം. എങ്കിൽ പോലും രോഗിക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാവും വിധം പെരുമാറുന്ന നഴ്‌സുമാർ കുറവായിരിക്കും. അങ്ങനെയുണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്. 

മഹത്തായ ഒരു പ്രൊഫഷനാണ് നഴ്‌സിങ്. ഡോക്ടർമാരോടും ലാബിലെ ജീവനക്കാരോടുമൊക്കെ മര്യാദയോടെ പെരുമാറുന്ന രോഗികളും പലപ്പോഴും നഴ്‌സുമാരോട് തട്ടിക്കയറുകയും ആദരവോ സ്‌നേഹമോ ഇല്ലാതെ പെരുമാറുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട്. രോഗിയോ തുണയാളുകളോ വിളിച്ചിട്ട് വരാൻ ഒരല്പം താമസിച്ചാൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെറിയ കാര്യമുണ്ടെങ്കിൽ നീയൊക്കെ എന്തു നോക്കിയിരിക്കുകയായിരുന്നു... നിന്റെ അമ്മയ്ക്ക് ഇങ്ങനെ അസുഖം വരുമ്പൊഴേ അറിയൂ... എന്ന് ഒരു രോഗിയുടെ ശകാരം കേട്ട് ഒരു കൊച്ചു നഴ്‌സ് പെൺകുട്ടി പൊട്ടിക്കരഞ്ഞത് ഓർക്കുമ്പോൾ പോലും സങ്കടം വരും.    

അഥവാ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ആശുപത്രിയിലെ ആരൊടൊക്കെ പരാതിപ്പെടാനാവുമായിരുന്നു. അതിനു പകരം അമ്മയെക്കൂടി ചേർത്ത് ചീത്ത പറയുന്നത് ആരെയാണ് സങ്കടപ്പെടുത്താതിരിക്കുക! ആരോടെങ്കിലും പരാതിപ്പെടാൻ മാത്രം പ്രശ്‌നമൊന്നുമില്ലാത്തതിനാലാണ് വെറുതേ ആ പെൺകുട്ടിയെ ചീത്ത വിളിച്ചതെന്ന് വ്യക്തം. നഴ്‌സുമാരിൽ ഏറെയും പെൺകുട്ടികളാണ്. ആശുപത്രിയിലെ അന്തരീക്ഷവും സാഹചര്യങ്ങളും നൽകുന്ന സുരക്ഷയാണ് ഏഴുദിവസവും 24 മണിക്കൂറും അവരുടെ സേവനം രോഗികൾക്ക് ഉറപ്പാക്കുന്നത്. എന്നാൽ രോഗികളുടെയും തുണയാളുകളുടെയും മനോഭാവത്തിൽ നിന്ന് എങ്ങനെയാണ് സംരക്ഷിക്കാനാവുക!

ആൺനഴ്‌സുമാർക്കുമുണ്ട് ഇത്തരം പല പ്രശ്‌നങ്ങളും. പെൺകുട്ടികളെപ്പോലെ തന്നെയോ അതിലധികമോ മികച്ച സേവന മനോഭാവത്തോടെ ജോലി ചെയ്യുന്നവരാണ് ആൺനഴ്‌സുമാരുടെ കൂട്ടത്തിലും മിക്കയാളുകളും. ഒരു ആൺ നഴ്‌സിനോട് ഇയാൾ മേലിൽ ഞങ്ങളുടെ മുറിയിൽ കയറിപ്പോകരുത് എന്നു പറഞ്ഞ് ബഹളം വെച്ച ഒരു രോഗിയോടും തുണയാളോടും എന്താണ് പ്രശ്‌നം എന്ന് അന്വേഷിച്ചപ്പോൾ ഒന്നുമുണ്ടായിരുന്നില്ല. ഒരു പുരുഷൻ മുറിയിൽ കയറുന്നതായിരുന്നു അവരുടെ പ്രശ്‌നം.
   
അതേ സമയം ഡോക്ടറാണെങ്കിൽ ഏതു പാതിരായ്ക്കും കയറുന്നതിൽ അവർക്കൊരു പ്രശ്‌നവുമില്ല താനും. ആണ് എന്നതല്ല, ആൺ നഴ്‌സ് എന്നതാണ് പ്രശ്‌നം. 
 
കുട്ടികളുടെ വാർഡിലാണ് നഴ്‌സുമാരുടെ വില ശരിക്കറിയുക. സന്ധ്യയായിക്കഴിയുമ്പോൾ പലനഴ്‌സുമാരുടെയും ക്യാബിനിൽ കളിക്കൂട്ടങ്ങളായി കുട്ടികൾ ഒത്തു കൂടുന്നത് കാണാറുണ്ട്.
     
മമ്മി എന്നു വിളിച്ച് സ്വന്തം അമ്മയെപ്പോലെ അവരോട് വല്ലാത്തൊരു ഹൃദയൈക്യത്തോടെ കഴിയുന്ന കുട്ടികളുമുണ്ട്. വിരളമായിട്ടാണെങ്കിലും ചില രോഗികൾ രോഗം ഭേദമായി മടങ്ങി പിന്നീട് വിളിക്കുമ്പോൾ അവരെ പരിചരിച്ച നഴ്‌സുമാരെക്കുറിച്ച് അന്വേഷിക്കാറുണ്ട്. അതു പക്ഷേ, അത്യപൂർവം.

വേദനിക്കുന്നവരെ പരിചരിക്കാൻ കഴിയുന്നത് ഒരുതരത്തിൽ പുണ്യമാണ്. ആ പുണ്യം ഏറെയുള്ളവരാണ് നഴ്‌സുമാർ. അവർക്ക് നൽകുന്ന സ്‌നേഹവും ആദരവും നമ്മുടെ അന്തസ്സിന്റെയും മനുഷ്യത്വത്തിന്റെയും മാത്രം കാര്യം.

drvpgangadharan@gmail.com