കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണി... ഞാന്‍ ഹോസ്പിറ്റലില്‍ കിടപ്പു രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്... അവസാനത്തെ രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടികളുടെ വാര്‍ഡില്‍ നിന്ന് രാധ നഴ്‌സിന്റെ ഫോണ്‍ വന്നത്: ''സാറേ, റിജുവിന്റെ കരച്ചിലാണ് സാര്‍ ഫോണിലൂടെ കേള്‍ക്കുന്നത്. സാറുടനെ വന്ന് അവനെ ഒന്നുകൂടി പരിശോധിച്ചാല്‍ മാത്രമേ അവന്‍ കരച്ചില്‍ നിര്‍ത്തി ഉറങ്ങുകയുള്ളൂ.'' 

ഞാന്‍ അവനെ പരിശോധിച്ച് താഴത്തെ വാര്‍ഡിലേക്കിറങ്ങിയതേയുള്ളു. എന്തുപറ്റി ഇത്രപെട്ടെന്ന് ? എന്നു ചിന്തിക്കുന്നതിനിടെ നഴ്‌സ് തുടര്‍ന്നു: ''അവനെ അമ്മ കെട്ടിപ്പിടിച്ച് കിടക്കുന്നതിനിടെ, സാര്‍ അവനെ സ്റ്റെതസ്‌കോപ്പുപയോഗിച്ച് ഒന്നുകൂടി പരിേശാധിക്കണം... അതാണവന്റെ ആവശ്യം. ഭയങ്കര വാശിയാണ് അവന്, സാറേ'' നഴ്‌സ് പറഞ്ഞു നിര്‍ത്തി. 

'ആ വാശിക്ക് കീഴടങ്ങണോ?' മനസ്സില്‍ ഒരു ആശയക്കുഴപ്പം. 

''അല്ലെങ്കില്‍, സാറ്് വരേണ്ട സാറേ, കരഞ്ഞു കരഞ്ഞ് കുറച്ചു കഴിയുമ്പോള്‍ അവന്‍ ഉറങ്ങിക്കൊള്ളും'' നഴ്‌സ് എന്നെ വിളിച്ചതിന്റെ കുറ്റബോധം ഉള്ളിലൊതുക്കുന്നതുപോലെ തോന്നി.ഞാന്‍ വീണ്ടും വാര്‍ഡില്‍ പോയി അവനെ പരിശോധിച്ചു. അമ്മയെ കെട്ടിപ്പിടിച്ച്, കരഞ്ഞുകൊണ്ട് കിടക്കുന്ന നാലു വയസ്സുകാരനായ രക്താര്‍ബുദ രോഗിയാണവന്‍. ഞാന്‍ പരിശോധിച്ചു തുടങ്ങിയതേ അവന്‍ കരച്ചില്‍ നിര്‍ത്തി. കൊച്ചുമനസ്സിലെ ഒരു വലിയ വാശി ജയിച്ചതിന്റെ സന്തോഷത്തിലായിരിക്കും അവന്റെ മനസ്സ്.എന്റെ ഓര്‍മകള്‍ ഒരു 60 വര്‍ഷം പിറകോട്ട് പോയി. ഇതുപോലെ വാശിക്കാരനായിരുന്നു ഈ ഞാനും. ''ചെറിയ കാര്യം മതി ഗംഗയ്ക്ക് മുഖം വീര്‍പ്പിച്ച് പിണങ്ങിയിരിക്കാന്‍'' അമ്മ എന്റെ കുട്ടിക്കാലം ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിക്കുമായിരുന്നു. 

''കര്‍ക്കടകത്തിലെ വിശാഖം നാളല്ലേ, അവന്റെ നക്ഷത്രം... വാശി കൂടും.'' അമ്മുമ്മയുടെ ന്യായമതായിരുന്നു.ദോശയുടെ കൂടെ ചമ്മന്തിയില്ലെങ്കില്‍, സൈക്കിള്‍ വാടക കൊടുക്കാന്‍ പൈസ തന്നില്ലെങ്കില്‍, എന്തിന് ചോറ് വിളമ്പാന്‍ താമസിച്ചുപോയാല്‍... ഗംഗ അമ്മയോട് പിണങ്ങും. അത്താഴം കഴിക്കാതെ കിടന്നുറങ്ങും. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഒരു തണുത്ത കൈസ്പര്‍ശം മുഖത്ത് തലോടുമ്പോളറിയാം, അത് അമ്മയാണെന്ന്. 

''വാ നമുക്ക് ഊണു കഴിക്കാം...'' അമ്മയും ഊണ് കഴിച്ചിട്ടുണ്ടാവില്ല. അമ്മയുടെ മടിയില്‍ എന്റെ വാശി അലിഞ്ഞലിഞ്ഞ് ഇല്ലാതാകും.കുട്ടികളുടെ വാശിക്കു മുന്നില്‍ ഞാന്‍ തോറ്റു കൊടുക്കാറുള്ളത്, ഈ ഓര്‍മകള്‍ അയവിറക്കിക്കൊണ്ടാണ്. ഏകദേശം ഒരുമാസം മുന്‍പാണ് വൈകീട്ട് ആറുമണിയോടെ നാസ്സിമിന്റെ ഉമ്മ എന്റെ മുറിയിലേക്ക് ഓടിവന്നത്: ''നാസ്സിമിന്റെ ശബ്ദം പോയി സാറേ... അവന്‍ പറയുന്നതൊന്നും പുറത്തേക്ക് കേള്‍ക്കുന്നില്ല സാറേ...'' അവര്‍ പൊട്ടിക്കരയുകയാണ്. ഞാനും ലിസ്സി ഡോക്ടറും കൂടി അവന്റെ മുറിയില്‍ ചെന്നു. ചോദ്യങ്ങള്‍ക്ക് ആ അഞ്ചു വയസ്സുകാരന്‍ കൃത്യമായി ഉത്തരും തരും. പക്ഷേ, ശബ്ദമില്ല... നാവിന്റെ ചലനങ്ങള്‍ മാത്രം. 

''ഞാന്‍ അവന് നട്ടെല്ലിലെ കുത്തിവെപ്പ് കൊടുത്ത് പുറത്തേക്കിറങ്ങിയതേയുള്ളു സാറേ...'' ലിസി ഡോക്ടര്‍ അത്ഭുതത്തോടെ അവനെ നോക്കി. 
''അവന്‍ ഇന്ന് ആ കുത്തിവെപ്പ് വേണ്ട എന്നു പറഞ്ഞ് വാശിപിടിച്ചതാണ് സാറേ. ഞാനാണ് അവനെ നിര്‍ബന്ധിച്ച് ഇന്നുതന്നെ കുത്തിവെപ്പ് എടുപ്പിച്ചത്.'' നാസ്സിമിന്റെ ഉമ്മയുടെ സ്വരത്തില്‍ പരിഭവമുണ്ടായിരുന്നു. 
''നിനക്ക് ഏത് ഐസ്‌ക്രീം വേണം...?'' 
ലിസ്സിയുടെ ചോദ്യത്തിന് നാസ്സിമിന്റെ മറുപടി: ''ചോക്കോബാര്‍ മതി.'' കാതടപ്പിക്കുന്ന മറുപടിയായിരുന്നു നാസ്സിമിന്റേത്. 
''വാശിക്കാരനാണ് സാറേ അവന്‍'' നാസ്സിമിന്റെ ഉമ്മ ചിരിച്ചു. ആ കൊച്ചുമനസ്സിലെ ഒരു വലിയ വാശി.ഇത്തരം വാശികളുടെ അനുഭവങ്ങള്‍ ധാരാളമുണ്ട്. രാത്രി 12 മണിക്ക് അവിയല്‍ ആവശ്യപ്പെട്ട് വാശിപിടിച്ച നീരജയുള്‍പ്പെടെ.

സ്‌നേഹക്കൂടുതല്‍ കൊണ്ടാണ് ഈ വാശികള്‍ എന്നു തോന്നാറുണ്ട്. കളിയടുപ്പില്‍ കഞ്ഞിയും കറിയും വെച്ച്, ഓരോ ദിവസവും എനിക്ക് വിളമ്പിത്തരുന്ന അഞ്ചു വയസ്സുകാരി മീരയെ ഞാന്‍ എങ്ങനെ മറക്കും? ഞാന്‍ അതില്‍ പങ്കുചേര്‍ന്നെങ്കില്‍ മാത്രമേ അവള്‍ ആഹാരം കഴിക്കുകയുള്ളു.

ഏത്‌ േഡാക്ടര്‍ പരിശോധിക്കാന്‍ മുറിയില്‍ കടന്നുചെന്നാലും കൃഷ്ണയ്ക്ക് ഒരു വാശിയുണ്ട്, നാലു വയസ്സുകാരനായ കൃഷ്ണ കൊടുക്കുന്ന മിഠായി സ്വീകരിച്ചതിനു ശേഷം മാത്രമേ പരിശോധിക്കാന്‍ സമ്മതിക്കുകയുള്ളു. അത് സ്വീകരിച്ചില്ലെങ്കില്‍ കൃഷ്ണയുടെ വാശി എന്തെന്ന് നമ്മളറിയും.

വിഷ്ണു ആറു വയസ്സുകാരനാണ്... ഒരു തികഞ്ഞ ചിത്രകാരന്‍... വരയാണ് അവന്റെ വാശി... ചുരുട്ടിക്കൂട്ടിയിട്ട കടലാസ്സു കൂമ്പാരങ്ങള്‍ക്കിടയിലിരുന്നാണ് അവന്റെ വാശി. വരച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ ശരിയല്ല, ഇതു പോരാ എന്നു തോന്നിയാല്‍, മറിച്ചൊരു ചിന്തയില്ല. അത് ഈ കൂമ്പാരങ്ങള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ്, അവന്‍ അടുത്ത കടലാസെടുക്കും, വീണ്ടും വര തുടങ്ങും. അവന്റെ മനസ്സിനിഷ്ടപ്പെട്ടാല്‍, പൂര്‍ണം എന്ന് അവനു തോന്നിയാല്‍ മാത്രമേ ആ ചിത്രം വെളിച്ചം കാണുകയുള്ളു... വിഷ്ണുവിന്റെ വാശി.

വാശിയോടെ മരണത്തെ തടഞ്ഞു നിര്‍ത്തിയതാണോ ചന്തു എന്നു തോന്നാറുണ്ട്... അഞ്ചു വയസ്സുകാരന്‍. ഒരു വയസ്സു മുതല്‍ എന്റെ ചികിത്സയിലായിരുന്നു.
 
''അവന്‍ ഡോക്ടറെ കാത്ത് കിടക്കുകയാണെന്നു തോന്നുന്നു...'' ചന്തുവിന്റെ അച്ഛന് വാക്കുകള്‍ മുഴുമിപ്പിക്കാന്‍ സാധിക്കുന്നില്ല. വാടിയ അവന്റെ മുഖത്ത് തലോടി ഞാന്‍ മുറിവിട്ടിറങ്ങേണ്ട താമസമേയുണ്ടായുള്ളു, അവന്‍ ഈ ലോകത്തോട് വിട പറയാന്‍... എന്നെ കാത്തു കിടന്ന അവന്റെ വാശി.
ഈ സ്‌നേഹത്തിന്റെ മുന്നില്‍... വാശിയുടെ മുന്നില്‍...  തോറ്റു കൊടക്കുന്നത് ഒരു സുഖമാണ്. ഗംഗയുടെ വാശിക്കു മുന്നില്‍ അമ്മ എന്നും തോറ്റുകൊടുക്കാറുണ്ടല്ലോ എന്ന ഓര്‍മകള്‍ അയവിറക്കുമ്പോള്‍ ആ സുഖം ഇരട്ടിക്കുക തന്നെയാണ് ചെയ്യുന്നത്.

drvpgangadharan@gmail.com