"എല്ലാമറിയുന്നവന്‍ ജ്ഞാനി,ഒന്നുമറിയാത്തവന്‍ വിഡ്ഢി".....

അറിയില്ലെങ്കിലും അറിയാവുന്നവനെപ്പോലെ നടിക്കുന്നവന്‍, ഭാവിക്കുന്നവന്‍, പ്രസംഗിക്കുന്നവന്‍... നിന്നെ ഞാനെന്തുവിളിക്കും...?

ഈ സംഭവം നടക്കുന്നത് കോഴിക്കോടിനപ്പുറമാണ്. കാന്‍സറിനെ മനസ്സിലാക്കാന്‍, നേരിടാന്‍  മനുഷ്യമനസ്സിനെ സജ്ജമാക്കാന്‍ ഇറങ്ങിത്തിരിച്ച കുറെ നല്ല മനുഷ്യമനസ്സുകള്‍ കലാകാരന്മാര്‍,കലാസ്‌നേഹികള്‍ അവരുടെ കൂട്ടായ്മ ഒരുക്കിയ ഒരു സദസ്സ്. ആ സദസ്സില്‍ ആളെ കൂട്ടാനും  പരിപാടി കുറച്ചുകൂടി പ്രൗഢഗംഭീരമാക്കാനും സാധാരണക്കാരനെ എളുപ്പത്തില്‍ ആകര്‍ഷിക്കാനും ശക്തിയുള്ള കാന്തമേതാണ്.

സംഘാടകര്‍ക്ക് ഒരു സംശയവുമുണ്ടായില്ല. ഒരു തര്‍ക്കവുമുണ്ടായില്ലഅത് ഒരു സിനിമാ നടനോ നടിയോ തന്നെ ആകണം. അവസാനം നറുക്ക് വീണത് ഒരു നടനാണ്.  വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത ഒരു നടന്‍.

കൃത്യസമയത്തു തന്നെ ഉദ്ഘാടകന്റെ വേഷത്തില്‍ ആ നടനെത്തി. ആ മഹാനടന്റെ നാവില്‍ നിന്ന് അടര്‍ന്നുവീഴുന്ന മുത്തുകള്‍ പെറുക്കി എടുക്കാന്‍ തയ്യാറായി ഒരു വലിയ ജനക്കൂട്ടം. കൂട്ടത്തില്‍ 2025 വര്‍ഷം മുന്‍പ് കാന്‍സറിനെ തോല്പിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന ഒരുപറ്റം ആള്‍ക്കാര്‍, അതില്‍ ഒരു തൃശ്ശൂര്‍ക്കാരന്‍ റപ്പായിയും.

നടന്‍ പ്രസംഗിച്ചുതുടങ്ങി 'ഇന്ന് ഇവിടെ നടക്കാന്‍ പോകുന്ന മാമാങ്കം ഒരു ശുദ്ധതട്ടിപ്പാണ്. പരിപാടി നടത്തുന്നത് ഈ കലാകാരന്മാരാണെങ്കിലും ഇതിന്റെ സ്‌പോണ്‍സര്‍മാര്‍ മരുന്നു കമ്പനികളാണെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല. ആ മരുന്നു കമ്പനി ഏതെന്നു കൂടി ജനത്തിനെ അറിയിക്കേണ്ട ധാര്‍മിക ബാധ്യത ഈ സംഘാടകര്‍ക്കുണ്ട്.കാന്‍സറില്‍ മരണം മാത്രമേയുള്ളൂ. കാന്‍സറിന് അലോപ്പതിയില്‍ ചികിത്സയില്ല. അലോപ്പതി ചികിത്സകൊണ്ട് കാന്‍സറില്‍ നിന്ന് ഒരു രോഗിയും രക്ഷപ്പെട്ടിട്ടില്ല. പ്രിയപ്പെട്ടവരെ...' അദ്ദേഹം തുടരുകയാണ്.

എന്തൂട്ടാണ്ടാ ഈ പോത്ത് പറേണത്. അപ്പോ നീയും ഞാനുമൊക്കെ പ്രേതാ... ഒരുസാധാരണ തൃശ്ശൂര്‍ക്കാരനായ റപ്പായിക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു നടന്റെ ഈ കണ്ടെത്തലുകള്‍. തൃശ്ശൂരുകാരന്റെ ശബ്ദം അധികമാരും കേട്ടില്ല. ഉദ്ഘാടന പ്രസംഗത്തിനുള്ള  കൈയടിക്കിടയില്‍ റപ്പായിയുടെ ശബ്ദം ശ്രദ്ധിക്കപ്പെടാതെ പോയി.ഇങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കുറേ ശബ്ദങ്ങളുണ്ട്, കുറെ മനുഷ്യരുണ്ട്. കാന്‍സറിനെ തോല്പിച്ച് തിരികെ ജീവിതത്തിലേക്ക് വന്നവര്‍, അവരെ കണ്ടില്ലെന്ന് നടിക്കരുത്. കാണാന്‍ ശ്രമിക്കണം... കാണണം. കണ്ണ് തുറന്ന് കാണണം. ആ സത്യം അംഗീകരിക്കണം. അതല്ലാതെ ഒരു കവലപ്രസംഗം പോലെ, ലാഘവത്തോടെ?

വായില്‍ തോന്നിയത് കോതക്ക്പാട്ട് എന്ന മട്ടില്‍ എന്തും വിളിച്ചുപറയാനുള്ള ഒരു വേദിയല്ലിത്.ഇത്തരം തെറ്റായ നിഗമനങ്ങള്‍, വാക്കുകള്‍ മൂര്‍ച്ചയോടെയാണ്  ഒരു സാധാരണ മനുഷ്യന്റെ മനസ്സില്‍, ഹൃദയത്തില്‍ തറയ്ക്കുന്നത്.  അതേല്പിക്കുന്ന ക്ഷതവും ചെറുതല്ല.  എത്ര എത്ര കാന്‍സര്‍ രോഗികള്‍ ഇത്തരം വാക്കുകള്‍ വിശ്വസിച്ച് പാതി വഴില്‍ ചികിത്സ ഉപേക്ഷിച്ചുപോയിരിക്കുന്നു. രമയും രാജുവുമൊക്കെ അതില്‍ ചിലര്‍ മാത്രം. അതിനേക്കാള്‍ പതിന്മടങ്ങ് ആള്‍ക്കാര്‍ ഈ വാക്കുകള്‍ വിശ്വസിച്ച് കാന്‍സറിനെ ഭീതിയോടെ, പേടിയോടെ കാണുന്നു. അവരുടെ ഉറക്കം കെടുത്തുന്ന ഒരസുഖമായി, ഒരു ദുഃസ്വപ്നമായി കാന്‍സറിനെ കാണുന്നു. ലക്ഷ്മിതരുവും മുള്ളന്‍ ചക്കയും കറ്റാര്‍ വാഴയും മതി കാന്‍സര്‍ മാറ്റാന്‍ എന്ന് ജനം വിശ്വസിക്കുന്നത് അതുകൊണ്ടാണ്.

 ഇത്തരം അടിസ്ഥാനമില്ലാത്ത, ശാസ്ത്രീയമല്ലാത്ത കണ്ടെത്തലുകള്‍കൊണ്ടും പ്രസംഗങ്ങള്‍ കൊണ്ടും കുറേപ്പേരുടെ ജീവന്‍ നഷ്ടപ്പെടുന്നുണ്ടെന്ന് ഒരുപക്ഷേ ഇവരാരും തിരിച്ചറിയുന്നില്ല.മാപ്പര്‍ഹിക്കാത്ത അപരാധമാണ് ഇവര്‍ ചെയ്യുന്നത്. അത് ഒറ്റപ്പെട്ട അനുഭവങ്ങളല്ല. ഒരു കാന്‍സര്‍ രോഗിയെ ചികിത്സിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ അവന്റെ മനസ്സില്‍ കുത്തിവയ്ക്കാന്‍ സാധിക്കും.

 മരുന്നിനേക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍ അത് അവന്റെ ശരീരത്തിലും മനസ്സിലും പടരുകയും ചെയ്യും. കാന്‍സറിനേക്കാള്‍ വേഗത്തില്‍  അത്തരം വിശ്വാസങ്ങള്‍ സമൂഹത്തില്‍ കത്തിക്കയറും.  ഇതിനെല്ലാം ഉത്തരവാദി ആരാണ്? ഇതിന് ഒരൊറ്റ ഉത്തരമേയുള്ളൂനീനീ തന്നെയാണ് ഇതിന് ഉത്തരവാദി. ഇത്തരം പ്രാസംഗികര്‍ക്കു നേരെ കൈ ചൂണ്ടി ചോദിക്കേണ്ടിവരും. 'നിന്നെ ഞാനെന്തു വിളിക്കും...? എടാ ഇവനെന്തൂട്ടാടാ... ഈ പന്നി കീറണത്... ഒരു വീക്കാ വെച്ചുകൊടുക്കാരുന്നു.' റപ്പായിയുടെ ശബ്ദം വീണ്ടും... എല്ലാമറിയുന്നവന്‍ ജ്ഞാനിയാണ്. ഒന്നുമറിയാത്തവന്‍ വിഡ്ഢി.
'ഇവനൊരു പടക്കാടാ... അമിട്ട്പൊട്ടന്‍ ഒന്നുമറിയാതെ എല്ലാം  പറേന്നവന്‍'റപ്പായിയുടെ ഈ ശബ്ദം  എല്ലാവരും കേട്ടു.

ഈ ശബ്ദം എല്ലാവരും കേള്‍ക്കണം. ഈ വിളി അവര്‍ കേള്‍ക്കണം. 'മൗനം വിദ്വാന് ഭൂഷണം' പരിചയമുള്ള  ഒരു ശബ്ദം.  തിരിഞ്ഞുനോക്കിയപ്പോളറിഞ്ഞു...ഞാന്‍ ചികിത്സിച്ച ഒരു കലാകാരന്റെ ഉറച്ച ശബ്ദം. ആത്മവിശ്വാസത്തിന്റെ വാക്കുകള്‍.