ഞങ്ങളുടെ നാട്ടിലേക്ക് ഡോക്ടർ വരുന്നുണ്ട് അല്ലേ...?’’ഒരു പരിപാടിയിൽ പങ്കെടുക്കാനായി മഞ്ചേരിയിൽ പോകാനിരിക്കുകയായിരുന്നു. തലേന്നാണ് ഈ ഫോൺകോൾ. വിളിക്കുന്നത് സൈറാ ബാനു. ഇപ്പോൾ മഞ്ചേരിയിലെ കൊരമ്പയിൽ ഹോസ്പിറ്റലിൽ മുതിർന്ന നഴ്‌സിങ് സ്റ്റാഫാണ്.

സൈറാ ബാനുവിനെ പരിചയപ്പെടുന്നത് 25 കൊല്ലം മുമ്പാണ്. തിരുവനന്തപുരത്ത് ആർ.സി.സി. യിൽ കാൻസർ ചികിത്സയ്ക്കു വന്നതാണ് അന്ന് സൈറ. കാലിലെ അസ്ഥിയിലായിരുന്നു രോഗബാധ. അതിനിടെ കാലിൽ പൊട്ടൽ വന്നു. നഴ്‌സിങ് പഠനം പൂർത്തിയാക്കി ഫലം വരുന്നതിനു മുമ്പാണ് സൈറ ആശുപത്രിയിൽ വന്നത് എന്നാണ് ഓർമ. ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്നു പറയാറുണ്ടല്ലോ. ശരിക്കും അതായിരുന്നു അന്ന് സൈറാ ബാനു.

25 കൊല്ലം മുമ്പ് കാൻസർ ചികിത്സയുടെ സ്ഥിതി ഇന്നത്തേതിനെ അപേക്ഷിച്ചു വളരെ വളരെ പിന്നിലായിരുന്നു. ഞങ്ങൾക്കൊക്കെ വിഷമമുണ്ടായിരുന്നു. പക്ഷേ, ജീവനെക്കാൾ വലുതല്ലല്ലോ കാൽ. സൈറാ ബാനുവിന്റെ ഒരു കാൽ ഓപ്പറേഷനിലൂടെ നീക്കി. അതോടെ രോഗത്തിൽ നിന്ന് അവർ പൂർണമുക്തിയും നേടി. പക്ഷേ, ജീവിതത്തിന്റെ ഏറ്റവും പ്രഭാപൂർണമായ നല്ല സമയത്ത് ഒരു കാൽ നഷ്ടപ്പെടുന്നത് അത്രയെളുപ്പം സഹിക്കാനാവുന്ന വേദനയല്ലല്ലോ... അതും ഒരു പെൺകുട്ടിക്ക്.

പക്ഷേ, രോഗം കൊണ്ടുവന്ന ദുരിതങ്ങൾ സൈറാ ബാനുവിന്റെ പ്രകാശത്തിന് മങ്ങലേല്പിച്ചില്ല. കോളേജിൽ ഏറ്റവും കൂടുതൽ മാർക്കോടെ നഴ്‌സിങ് പാസ്സായ സൈറ, വേദനകളെ തോല്പിച്ച് പുഞ്ചിരിയോടെ, ജീവിതത്തിലേക്കു ജാഗ്രതയോടെ നടന്നുകയറി. പൊയ്‌പ്പോയ കാലിനു പകരം കൃത്രിമക്കാൽ വെച്ചു.

പിന്നീട് പലപ്പോഴും സൈറാ ബാനുവുമായി പല തരത്തിൽ ബന്ധമുണ്ടാകാറുണ്ടായിരുന്നു. ഒരിക്കൽ അവരെക്കുറിച്ച് എഴുതിയപ്പോൾ പേരു മാറ്റിയിട്ടാണ് എഴുതിയത്. അന്ന് സൈറ വിളിച്ചിട്ടു പറഞ്ഞു: ‘‘അയ്യോ! സാറേ. അതെന്തിനാണ് എന്റെ പേര് മാറ്റി എഴുതിയത്. രോഗം വന്നു, ഭേദമായി, അതുകൊണ്ടു ചില ബുദ്ധിമുട്ടുകളൊക്കെയുണ്ട്... ശരിയാണ്. പക്ഷേ, അതിൽ മറച്ചുവയ്ക്കേണ്ടതായി ഒന്നുമില്ല. എനിക്കും ഞങ്ങളെല്ലാവർക്കും എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതിൽ ഒരു വിഷമവുമില്ല.’’

അനുമതി ചോദിക്കാതെ സൈറയുടെ കാര്യം പറയേണ്ടിവന്നതു കൊണ്ടാണ് അന്ന് പേരു മാറ്റിപ്പറഞ്ഞത്. ഇത്തരം കാര്യങ്ങൾ വരുമ്പോൾ സധൈര്യം മുന്നോട്ടുവന്ന് സ്വന്തം അനുഭവവും കാര്യങ്ങളും പറയുന്നവർ ഇപ്പോഴും അത്രയധികമൊന്നുമില്ല. കുറേക്കാലത്തിനു ശേഷമാണ് ഇപ്പോൾ സൈറാ ബാനു വീണ്ടും വിളിച്ചത്.

മഞ്ചേരിയിൽ ചെന്ന് പരിപാടി കഴിഞ്ഞപ്പോൾ, സുഹൃത്ത് റിയാസിനൊപ്പം കൊരമ്പയിൽ ആശുപത്രിയിൽ ചെന്ന് സൈറാ ബാനുവിനെ കണ്ടു. അവിടെ നല്ല തിരക്കുള്ള ഒരു ഐ.സി. യൂണിറ്റിന്റെ ചാർജുള്ള മുതിർന്ന നഴ്‌സാണ് അവർ. വളരെ സന്തോഷത്തോടെ സൈറ കുടുംബജീവിതം നയിക്കുന്നു. ഭർത്താവ് നൗഫൽ എല്ലാ കാര്യങ്ങളിലും ഒപ്പം നിൽക്കുന്നു.

 ‘‘സാറേ... എല്ലാവരും ഓരോ കാര്യങ്ങളുടെ വാർഷികവും ജൂബിലിയും ഒക്കെ ആഘോഷിക്കാറില്ലേ! എനിക്ക് കാൻസർ വന്നതിന്റെ  25-ാം വാർഷികമാണ് ഇപ്പോൾ! അതിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ സാറ് വന്നതിൽ സന്തോഷം...’’സൈറ പറഞ്ഞതു കേട്ടുനിന്ന ഞങ്ങളെല്ലാവരും ചിരിച്ചു. കാൻസർ ബാധയുടെ സിൽവർ ജൂബിലി ആഘോഷിക്കാനുള്ള ധൈര്യവും മനസ്സും ഒരാൾക്കുണ്ടാകുന്നത് അത്യപൂർവ കാര്യമാണ്.

പറയുന്നതു തമാശയിലാണെങ്കിൽപ്പോലും അങ്ങനെയൊന്നിൽ ഒപ്പം നിൽക്കാൻ കഴിയുന്നത്, ഒരു ഡോക്ടർക്ക് ജീവിതത്തിൽ കിട്ടുന്ന വലിയ സന്തോഷങ്ങളിലൊന്നാണ്.  അവിടെ സൈറാ ബാനുവിനു ചുറ്റും അവരുടെ സഹപ്രവർത്തകർ നിറയെ ഉണ്ടായിരുന്നു. ‘‘സാറേ... ഇവരൊക്കെ എന്റെ കുട്ടികളാണ്...’’ -സൈറ അവരെ പരിചയപ്പെടുത്തി. ദീപനാളം മറ്റുള്ളവയിലേക്ക് പ്രകാശം പകരുന്നതു പോലെ സൈറയുടെ പ്രകാശം അവരിലേക്കു പകർന്നു കിട്ടിയിട്ടുണ്ടായിരുന്നു.വാക്കുകൾ വന്നു വിങ്ങി സൈറയ്ക്ക് സംസാരിക്കാൻ വിഷമമായി. അവരുടെ കണ്ണുകളിൽ നീർക്കണങ്ങൾ പൊടിഞ്ഞു.

ഞാൻ സൈറയുടെ കൈകളിൽ പിടിച്ചു. എനിക്കും വാക്കുകൾ മുറിഞ്ഞു. 25 കൊല്ലം മുമ്പ് ഇത്തരമൊരവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് സധൈര്യം നടന്നുകയറുക അത്രയെളുപ്പമായിരുന്നില്ല. നല്ലൊരു കൗൺസിലിങ് നൽകാനുള്ള സൗകര്യംപോലും അന്നുണ്ടായിരുന്നില്ല.

‘‘ഇതിനൊക്കെ സാറിനോട് കടപ്പാടുണ്ട്...’’ -എന്ന് മുറിഞ്ഞ വാക്കുകൾ കൊണ്ടാണ് സൈറ പറഞ്ഞത്. ‘‘ഒരു ചികിത്സകൻ എന്ന നിലയിൽ എനിക്ക് സൈറയോടാണ് കടപ്പാടുള്ളത്. സൈറയുടെ അനുഭവവും മനോഭാവവും ഓരോ രോഗിയുടെ ചികിത്സാവേളയിലും ഞങ്ങൾക്കു തരുന്നത് വലിയ പ്രചോദനമാണ്...’’

jeevithakazhchakalമടങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്ന റിയാസ് പറഞ്ഞു: ‘‘ഡോക്ടറേ നമ്മൾ പോന്നതു നന്നായി. അവർ വിങ്ങി വിങ്ങി പൊട്ടിപ്പോകുമെന്ന അവസ്ഥയിലായിരുന്നു. തിരികെ തീവണ്ടിയിലിരിക്കുമ്പോൾ അടുത്തിരുന്ന രണ്ടുപേരിലൊരാൾ പരിചയപ്പെട്ടു: ‘‘ഡോക്ടർ ഗംഗാധരനല്ലേ...?’’
‘‘അതെ...’’

ഞങ്ങൾ ചെറിയ വാക്കുകളിൽ സംസാരിക്കുന്നതിനിടെ അടുത്തിരുന്നയാൾ ചോദിച്ചു: ‘‘ഡോക്ടർ ഏതാണ് സ്പെഷ്യാലിറ്റി...?
‘‘ഞാൻ ഓങ്കോളജിസ്റ്റാണ്. കാൻസർ ചികിത്സ.’’
 ‘‘ഓ! പാലിയേറ്റീവ് കെയർ അല്ലേ...? അദ്ദേഹത്തോടു കൂടുതൽ വിശദീകരണത്തിനു മുതിർന്നില്ല. കാൻസർ ചികിത്സ എന്നാൽ ‘പാലിയേറ്റീവ് കെയർ’ ആണെന്നു കരുതുന്നവരും അങ്ങനെ പ്രചരിപ്പിക്കുന്നവരും കൂടിക്കൂടി വരുന്നുണ്ടെന്നു തോന്നുന്നു. രോഗം പൂർണമായി ഭേദമായ ഒരാളുടെ സിൽവർ ജൂബിലിയിൽ പങ്കെടുത്തിട്ടു വരികയാണെന്നു പറഞ്ഞാലും അദ്ദേഹത്തിന് കാൻസർ ചികിത്സയെക്കുറിച്ചുള്ള അഭിപ്രായം മാറാനിടയില്ല.

രോഗത്തിന്റെയും ചികിത്സയുടെയും അതിജീവനത്തിന്റെയും കാര്യത്തിൽ സൈറാ ബാനുവിന് ഇതു സിൽവർ ജൂബിലിയാണെങ്കിൽ, അതു നൽകുന്ന സന്ദേശം മാസങ്ങളും വർഷങ്ങളും കൊണ്ട് എണ്ണിയൊതുക്കാനാവാത്തതാണ്...