ശബ്ദം വെച്ച് കരയുന്നില്ലെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അവരുടെ മുഖത്തും ഭാവങ്ങളിലും സംസാരത്തിലുമൊക്കെ കരച്ചിലിന്റെ ഈണമുണ്ടായിരുന്നു. കുറേ രോഗലക്ഷണങ്ങളാണ് അവര്‍ പറഞ്ഞത്. ഈ ലക്ഷണങ്ങളുള്ളതിനാല്‍ ചികിത്സ തേടാനായി സൗദിയില്‍ നിന്ന് നാട്ടിലേക്ക് വന്നതാണ്. ഭര്‍ത്താവുമൊത്ത് കുറച്ചായി സൗദിയില്‍ കഴിയുകയാണ് അവര്‍.

തലച്ചോറില്‍ ട്യൂമറുണ്ടോ എന്നതാണ് സംശയം. മിക്കപ്പോഴുമുള്ള തലവേദന. പലപ്പോഴും ഛര്‍ദിക്കാന്‍ തോന്നല്‍. തല വിങ്ങുന്നതായി അനുഭവം. ട്യൂമറിന്റേതായി പറഞ്ഞു കേട്ടിട്ടുള്ള ഇത്തരം ചില പ്രാഥമിക ലക്ഷണങ്ങളാണ് അവര്‍ക്കുണ്ടായിരുന്നത്. അടുത്ത ബന്ധുക്കളിലൊരാള്‍ ട്യൂമര്‍ വന്ന് മരിച്ചിട്ടുമുണ്ടായിരുന്നു. അവര്‍ക്ക് പേടി പിടിപെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അതായിരുന്നു. 

എന്നാല്‍, വിശദമായ പരിശോധനകളിലും അത്തരം ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. രോഗഭീതിയും മറ്റ് ടെന്‍ഷനുകളുമൊക്കെയാണ് പ്രശ്‌നമെന്നും തല്‍ക്കാലം ട്യൂമറിന്റെയോ മറ്റ് കാന്‍സറുകളുടെയോ സാധ്യതകളൊന്നും കാണുന്നില്ലെന്നും പറഞ്ഞു. അപ്പോഴും പക്ഷേ, അവരുടെ വിഷാദ ഭാവത്തിന് വലിയ മാറ്റങ്ങളൊന്നുമില്ലായിരുന്നു. മറ്റെന്തൊക്കെയോ നിങ്ങളെ അലട്ടുന്നുണ്ടല്ലോ.. എന്താണ് പ്രശ്‌നം പറയൂ... എന്ന് പറഞ്ഞപ്പോഴും അവര്‍ കാര്യമായൊന്നും പറഞ്ഞില്ല. ഭര്‍ത്താവ് എവിടെയാണ്, വീട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ...

ഭര്‍ത്താവും ഇവര്‍ക്കൊപ്പം സൗദിയിലാണ്. സന്തുഷ്ട കുടുംബം. പിന്നെ... പഠിക്കുന്ന കാലത്ത് ഇവര്‍ നല്ല വിദ്യാര്‍ഥിയായിരുന്നു. മൈക്രോബയോളജിയില്‍ എം.എസ്‌സി. നല്ല നിലയില്‍ പാസ്സായി. ഗവേഷണവും തുടര്‍ പഠനങ്ങളുമായിരുന്നു സ്വപ്നം. എന്നാല്‍ അതിനു കഴിഞ്ഞില്ല. കല്യാണവും കുടുംബവും ഒക്കെയായി. സൗദിയിലേക്ക് പോകുകയും ചെയ്തു. ഇതൊക്കെ പറയുമ്പോള്‍ അവര്‍ കരയാന്‍ തുടങ്ങിയിരുന്നു. 

രസകരമായി എനിക്ക് തോന്നിയത് അവര്‍ക്ക് 30 വയസ്സു പോലും ആയിട്ടില്ല എന്നതാണ്. ഗവേഷണം പോലുള്ള കാര്യങ്ങളില്‍ അതൊന്നും ഒരു പ്രായാധിക്യമേ അല്ലല്ലോ. പഠനം കഴിഞ്ഞിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. താത്പര്യമുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ക്ക് ഇനിയും എത്രയോ സാധ്യതകള്‍ കിടക്കുന്നു. പഠനനേട്ടങ്ങളും പ്രൊഫഷനുമൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് അവരോട് വീണ്ടും വീണ്ടും പറഞ്ഞു. ജീവിതത്തിലുണ്ടാകുന്ന ഏതു നേട്ടത്തെക്കാളും എത്രയോ മഹത്തായതാണ് ജീവിതം.   ചില സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ ഒരിത്തിരി വൈകുന്നു എന്നത് ജീവിതത്തെ വിഷാദ ഭരിതമാക്കുന്നുവെങ്കില്‍ ആര്‍ക്കാണ് ജീവിതത്തില്‍ സന്തോഷമുണ്ടാവുക.

ജീവിതാഹ്ലാദം നമ്മുടെ മനോഭാവത്തിനനുസരിച്ചാണ്. കുറച്ച് സമയമെടുത്തെങ്കിലും അവരോടു സംസാരിക്കുന്നത് രസകരമായിരുന്നു. മഴക്കാറ് നീങ്ങി ആകാശം തെളിയുന്നതു പോലെ അവര്‍ പതുക്കെ തെളിഞ്ഞു വന്നു. മനസ്സു തുറന്ന് ആരോടെങ്കിലുമൊന്നു സംസാരിക്കാത്തതായിരുന്നിരിക്കണം അവരുടെ അടിസ്ഥാന പ്രശ്‌നം. അത് പക്ഷേ അവര്‍ക്കു തന്നെ അനുഭവപ്പെട്ടത് ട്യൂമര്‍ എന്ന പേടിയായിട്ടായിരുന്നു എന്നു മാത്രം.

എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി നടത്തുന്ന കമ്യൂണിയനില്‍ വരാന്‍ പറഞ്ഞു അവരോട്. എത്രയെത്ര വൈവിധ്യ പൂര്‍ണമായ ജീവിത സാഹചര്യങ്ങളിലായിരുന്നവരാണ് കാന്‍സറിനെ തോല്പിച്ച് ജീവിതത്തെ പുതിയൊരു മഹത്ത്വത്തിലേക്ക് ഉയര്‍ത്തിയതെന്ന് നേരിട്ടു കാണാമെന്ന് പറഞ്ഞു. തീര്‍ച്ചയായും വരും ഡോക്ടര്‍ എന്ന് ചിരിച്ചു കൊണ്ടാണ് അവര്‍ പറഞ്ഞത്.കുറച്ചു നാള്‍ മുമ്പ് ഒരു കുട്ടി ചികിത്സയിലുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി. ഒരു കൊച്ചു മിടുക്കി. അവളുടെ ഒപ്പമുണ്ടായിരുന്നത് അമ്മയായിരുന്നു.

അമ്മയ്ക്ക് വേവലാതി മകളുടെ അസുഖത്തെക്കുറിച്ചായിരുന്നില്ല. ആ അമ്മയ്‌ക്കൊപ്പം ജോലി ചെയ്യുന്ന ഒരു സഹപ്രവര്‍ത്തകയുടെ മകന്‍ മകളുടെ സഹപാഠിയാണ്. ക്ലാസ്സില്‍ മാര്‍ക്ക് വാങ്ങുന്ന കാര്യത്തില്‍ മത്സരം ഈ സഹപ്രവര്‍ത്തകരുടെ മക്കള്‍ തമ്മിലാണ്. ചികിത്സ മൂലം മകളുടെ ക്ലാസ് നഷ്ടപ്പെട്ടാല്‍ അവള്‍ക്ക് മാര്‍ക്ക് കുറഞ്ഞു പോകുമല്ലോ എന്നതായിരുന്നു അവരുടെ വേവലാതി. അമ്മയുടെ ഈ വേവലാതി ആ പാവം മകള്‍ക്കുണ്ടാക്കിയിരുന്ന ടെന്‍ഷന്‍ എത്ര വലുതായിരുന്നെന്നോ! 
അച്ഛനമ്മമാര്‍ തന്നെയാണ് മക്കളിലേക്ക് ഇത്തരം ടെന്‍ഷനുകള്‍ കുത്തിവെയ്ക്കുന്നത്. അടുത്തിടെ പൂര്‍ത്തിയായ സംസ്ഥാന സ്‌കൂള്‍ കലോത്സവം പോലുള്ള വേദികളില്‍ നിന്നു വന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ അച്ഛനമ്മമാരുണ്ടാക്കുന്ന ഈ അമിതഭാരത്തെക്കുറിച്ച് ഓര്‍ത്തിരുന്നു. കലാ സാംസ്‌കാരിക പരിപാടികളൊക്കെ മനസ്സില്‍ സ്വസ്ഥതയും സമാധാനവുമാണ് ഉണ്ടാക്കുന്നത്. എന്നാല്‍, കലോത്സവവേദികള്‍ ഒട്ടു മിക്കപ്പോഴും കടുത്ത മത്സര മനോഭാവത്തിന്റെ വേദികളാണല്ലോ.

ആദ്യം പറഞ്ഞ സൗദിക്കാരി വന്നു പോയി അര മണിക്കൂറിനകം മറ്റൊരു സ്ത്രീ വന്നു. ഒരു രോഗിയോടൊപ്പം വന്ന് പോയ അവര്‍ വീണ്ടും കയറി വരികയായിരുന്നു. അവരും ഒരുതരം വിഷാദത്തിലായിരുന്നു. 
 ദുഃഖവും സങ്കടങ്ങളും നിറഞ്ഞ മുഖങ്ങളാണ് മിക്കപ്പോഴും ഡോക്ടര്‍മാര്‍ക്കു മുന്നിലെത്താറുള്ളത്. അവിടെ പ്രകാശത്തിന്റെ ഒരു കൈത്തിരി കൊളുത്താനാണ് കിണഞ്ഞു ശ്രമിക്കാറുള്ളത്. ഒരു നേരിയ തെളിച്ചം കണ്ടാല്‍ പോലും നമുക്ക് മനസ്സില്‍ വലിയൊരു സന്തോഷമുണരും. എന്താണ് വീണ്ടും വന്നത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ഞാന്‍ ഡോക്ടറോട് ഒരു കടപ്പാടും നന്ദിയും പറയാന്‍ വന്നതാണ്. അവരെ പക്ഷേ, ഞാന്‍ ചികിത്സിച്ചിട്ടില്ലല്ലോ...

ഇല്ല ഡോക്ടര്‍. ചികിത്സയിലായിരുന്നിട്ടില്ല. എന്റെ ഭര്‍ത്താവ് നല്ലൊരു മദ്യപനായിരുന്നു. പല തരം ചികിത്സകളൊക്കെ നടത്തിയെങ്കിലും കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ല. എന്നാല്‍, ഭര്‍ത്താവ് ഡോക്ടറുടെ പുസ്തകങ്ങള്‍ വായിച്ചു കൊണ്ടിരുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ അതിലെ ജീവിതാനുഭവങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. അങ്ങനെ പറയുന്ന കൂട്ടത്തില്‍ ഞങ്ങള്‍ സ്വന്തം ജീവിതാനുഭവങ്ങളും പറഞ്ഞു കൊണ്ടിരുന്നു. ഒരു വെളിപാടു പോലെ ഭര്‍ത്താവ് ഒരു ദിവസം പറഞ്ഞു ശരി. ഇനി ഞാന്‍ മദ്യം കൈകൊണ്ട് തൊടില്ല. ഭര്‍ത്താവ് വാക്കു പാലിച്ചു. എത്രയോ നാളായി അദ്ദേഹം പൂര്‍ണമായും മദ്യം ഉപേക്ഷിച്ചു. ഡോക്ടറുടെ എഴുത്തും വാക്കുകളുമാണ് ഞങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവന്നത്. 

സന്തോഷിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളാണ്. ചില പ്രത്യേക നിമിഷങ്ങളിലാണ് നമ്മുടെയൊക്കെ ജീവിതം മാറി മറിയുന്നത്. അത് പലപ്പോഴും നമ്മുടെ പൂര്‍ണ നിയന്ത്രണത്തിലോ ചിലപ്പോള്‍ ബോധത്തില്‍ പോലുമോ ഉള്ള കാര്യം ആയിക്കൊള്ളണമെന്നില്ല. ജീവിതത്തില്‍ നമുക്ക് നേടിയെടുക്കാവുന്ന വലിയ കാര്യം സന്തോഷമാണ്. പഴയൊരു സിനിമാ പാട്ടുണ്ടല്ലോ. ചിരിക്കാം ചിരിക്കാം ചിരിച്ചു കൊണ്ടിരിക്കാം...

കരഞ്ഞിട്ടു മരിച്ചാലും നരകത്തിലാണെങ്കില്‍ കുലുങ്ങിച്ചിരിച്ച് മരിച്ചൂടേ...കരച്ചിലിന്റെ വേളകളില്‍ ഒരല്പനേരം ഇരുന്ന് ഒന്നാലോചിച്ചാല്‍ നമുക്കു തന്നെ വെളിപ്പെടും എത്ര നിസ്സാരമാണ്, അല്ലെങ്കില്‍ എങ്ങനെ മറികടക്കാവുന്നതാണ് കരച്ചിലിന്റെ കാരണങ്ങള്‍ എന്ന്. ചിരിച്ച് ജീവിക്കുക എന്നത് വലിയൊരു കാര്യമാണ്. നമുക്ക് ഒരു ചിരി ഉള്ളിലുണ്ടെങ്കില്‍ അതിന്റെ പ്രകാശം ലോകത്തിനു തന്നെ വെളിച്ചമാകും.  ഇന്നസെന്റ് പലപ്പോഴും പറയാറുണ്ട് നമുക്ക് ചിരിയോടെ ജീവിക്കാന്‍ കഴിഞ്ഞാല്‍ വലിയ കാര്യമാണ്. മറ്റുള്ളവരെ കൂടി ചിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതിനേക്കാള്‍ വലിയ എന്തു നേട്ടമാണ് ഡോക്ടറേ ജീവിതത്തിലുള്ളത്....