ചികിത്സ പൂർത്തിയാക്കി അഞ്ചാറു വർഷം പിന്നിട്ടവരായിരുന്നു അവർ. പ്രത്യേകം അനുവാദമൊക്കെ ചോദിച്ച് എത്തിയപ്പോഴാണ് രണ്ടു പേരും കൂടിയാണ് വരുന്നതെന്ന് അറിഞ്ഞത്. എന്തോ അപകടം പറ്റിയതുപോലൊരു വിഷാദ ഭാവത്തിലായിരുന്നു ഇരുവരും. പൂർണമായും രോഗം ഭേദമായി വർഷങ്ങൾ കഴിഞ്ഞ ഇവർക്ക് പിന്നീടെന്താണ് പറ്റിയത് എന്ന് ചെറിയൊരു ആശങ്ക തോന്നാതിരുന്നില്ല.

രണ്ടുപേരും പഴയ രോഗ-ചികിത്സാ കാര്യങ്ങളെല്ലാം പറഞ്ഞു. നല്ല ഓർമയുണ്ടെന്ന് അവരോടു പറഞ്ഞു.  ഇപ്പോൾ ഡോക്ടർ അവർക്ക് പറഞ്ഞുതുടങ്ങാൻ ഒരു സ്റ്റാർട്ടിങ് ട്രബിൾ. അവരുടെ ചില പൊതുസുഹൃത്തുക്കൾ പറഞ്ഞ് വീട്ടുകാർ കൂടി താത്പര്യപ്പെട്ട് കല്യാണാലോചനയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ. അതു കേട്ടതും തികഞ്ഞ സന്തോഷത്തോടെ അവരോട് കൺഗ്രാജുലേഷൻസ് പറഞ്ഞ് ഞാൻ ചിരിച്ചു. കല്യാണം ക്ഷണിക്കാൻ വന്നതായിരിക്കുമോ എന്നു തോന്നി.അല്ല. കല്യാണാലോചന തുടങ്ങിയിട്ടേ ഉള്ളൂ. എന്തു ചെയ്യണം അതുമായി മുന്നോട്ടു പോകണോ, പോകാമോ എന്നാണ് അവരുടെ സംശയം. അല്ലെങ്കിൽ പേടി.

രോഗം വന്നപ്പോൾ മുതൽ പല പല കാര്യങ്ങളിൽ പല ഭാഗത്തു നിന്നും ഉയരാറുള്ള വിലക്കുകൾ ഇപ്പോഴും അവരെ സ്വസ്ഥജീവിതത്തിൽ നിന്ന് തടയുകയാണ്. രണ്ടു പേർക്കും മുപ്പതിനടുത്താണ് പ്രായം. ആൺകുട്ടിക്ക് രണ്ടോ മൂന്നോ വയസ്സ് കൂടുതലുണ്ടെന്നു തോന്നുന്നു. രണ്ടുപേരും എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശത്ത് പിറവം ഭാഗത്തു നിന്നുള്ളവരാണ്. വീടുകൾ തമ്മിൽ പത്തോ പന്ത്രണ്ടോ കിലോമീറ്റർ അകലമേയുള്ളു. അതു കൊണ്ടാണ് ഇരുവർക്കും ചില പൊതു സുഹൃത്തുക്കളുണ്ടായത്. ആ നല്ല സുഹൃത്തുക്കളുടെ നന്മയിലാണ് കല്യാണാലോചന മുളയെടുത്തത്. കൂട്ടുകാർ ആദ്യം ഇവരോട് കാര്യങ്ങൾ പറഞ്ഞു. ഇരുവരും പറഞ്ഞത് വീട്ടുകാർ ആലോചിക്കട്ടെ എന്നാണ്.ഭാഗ്യം. ഇവിടെ ജാതിയും മതവുമൊന്നും ഒരു പ്രശ്നവുമുണ്ടാക്കിയില്ല. കാൻസർ രോഗം വന്നവർക്ക് എന്തു ജാതിയും മതവും എന്ന് ചുറ്റുമുള്ളവർ ചിന്തിക്കുന്നതിനാലാണോ അതെന്നറിയില്ല. അങ്ങനെയെങ്കിൽ അതും രോഗത്തിന്റെ നേട്ടമായിത്തന്നെ കാണാം!

 രോഗംവന്ന കാലം മുതൽ കേട്ടുതുടങ്ങിയ വിലക്കുകൾ വീണ്ടും സടകുടഞ്ഞെണീക്കാൻ തുടങ്ങി. പഠിക്കുന്ന കാലത്താണ് ഇരുവരും ചികിത്സയിലായത്. ആശുപത്രിക്കും കോളേജിനുമിടയിൽ അവളുടെ പഠനം മുടങ്ങിപ്പോയി. കോളേജിൽ പോയി പഠിക്കണമെന്ന അവളുടെ താത്പര്യത്തെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെത്തന്നെയാണ് എതിർത്തത്. ഇനി എത്രകാലം എന്നു കരുതിയാണ്... കിട്ടുന്ന ദിവസം വീട്ടിൽ സമാധാനമായി കഴിയാൻ നോക്ക്... കോളേജിലൊക്കെ പോകാനും വരാനുമൊക്കെ എന്തു പാടാണ്... അതുമല്ല, പഠിച്ചിട്ട് ഇനി എന്താണ്.

പല പല ആളുകൾ പല പല വാദങ്ങൾ പല കോണുകളിൽ നിന്നുയർത്താൻ തുടങ്ങിയതോടെ ആ പെൺകുട്ടിയുടെ പഠനം മുടങ്ങി. ചികിത്സ പൂർത്തിയായി വർഷങ്ങൾ പിന്നിട്ടു. രോഗം കൊണ്ടുള്ള ഒരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതായി. രോഗം വീണ്ടും വരാനുള്ള സാധ്യതയില്ല എന്നുറപ്പിക്കാനായി വർഷത്തിലൊരിക്കലോ രണ്ടു വർഷത്തിലൊരിക്കലോ മറ്റോ നടത്താറുള്ള ഒരു പരിശോധന മാത്രമേ ഇപ്പോൾ ഉള്ളൂ. എന്നിട്ടും പക്ഷേ, കാൻസർ രോഗി എന്ന ലേബൽ ആ ജീവിതത്തിനു മേൽ നിന്നുനീക്കാൻ പൊതുസമൂഹവും സുഹൃത്തുക്കളും ബന്ധുക്കളുമൊന്നും തയ്യാറാകുന്നില്ല. ജീവിതത്തോടുതന്നെ അവർക്ക് മടുപ്പു തോന്നിയത് രോഗം മൂലമല്ല, രോഗത്തോട് മറ്റുള്ളവർ പുലർത്തുന്ന ആ മനോഭാവം മൂലമായിരുന്നു.  ആൺകുട്ടിയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. പഠനം മുടങ്ങി.

അങ്ങനെയൊരു ജോലി നേടാനുള്ള സാധ്യത ഇല്ലാതായി. എന്നാൽ, സ്ത്രീയെ അപേക്ഷിച്ച് ആണിന് ഇന്നും നമ്മുടെ സമൂഹത്തിൽ കിട്ടുന്ന ചില മുൻഗണനകൾ മൂലം ചെറിയൊരു ബിസിനസ് സ്വന്തം നിലയ്ക്ക് തുടങ്ങാൻ അദ്ദേഹത്തിനു കഴിഞ്ഞു. രണ്ടു മൂന്നു വർഷംകൊണ്ട് അത് ഒരുവിധം മെച്ചപ്പെട്ടു. സാമാന്യം ഭേദപ്പെട്ട നിലയിൽ സ്വന്തമായി ഒരു കുടുംബം പുലർത്താവുന്ന സാമ്പത്തിക ശേഷിയിലേക്ക് അദ്ദേഹം എത്തി. എന്നാൽ, വിവാഹം, കുടുംബം, ദാമ്പത്യജീവിതം തുടങ്ങിയ കാര്യങ്ങളിൽ നിന്നൊക്കെ സമൂഹവും ബന്ധുക്കളുമൊക്കെ നേരിട്ടും അല്ലാതെയും അദ്ദേഹത്തെ പിന്തിരിപ്പിച്ചുകൊണ്ടേയിരുന്നു. നിനക്ക് ഇപ്പോൾ കിട്ടിയ ജീവിതംതന്നെ വലിയ നേട്ടമല്ലേ... കുടുംബജീവിതമൊക്കെ കാൻസർ വന്നവർക്ക് പറഞ്ഞിട്ടുള്ളതാണോ... വെറുതേ ഒരാളുടെ ജീവിതം കൂടി അവതാളത്തിലാക്കണോ... ചോദ്യങ്ങളും പിറുപിറുക്കലുകളും പലപാടായപ്പോൾ അതൊക്കെ തനിക്കു വിധിച്ചിട്ടില്ലാത്തവയാണെന്ന് അദ്ദേഹവും കരുതാൻ തുടങ്ങി. അതിനിടെയാണ് അങ്ങനെയെങ്കിൽ നിങ്ങൾക്കൊരുമിച്ചുകൂടേ... അതുകൊണ്ട് ആർക്കും അസ്വസ്ഥതപ്പെടേണ്ട കാര്യമില്ലല്ലോ എന്ന് അവരുടെ നല്ല കൂട്ടുകാർ പറയാൻ തുടങ്ങിയത്. അപ്പോഴും വന്നു വിലക്കുകളുമായി ചില വലിയ ഉപദേശക്കാർ. നിങ്ങൾക്ക് വേണമെങ്കിൽ കല്യാണം കഴിക്കാം. ഒരുമിച്ചു ജീവിക്കുകയുമാവാം. പക്ഷേ, രതിജീവിതവും മക്കളും ഒന്നും വേണമെന്ന് ആഗ്രഹിച്ചേക്കരുത്... അത് ഇല്ലാത്ത ബുദ്ധിമുട്ടുകളൊക്കെയുണ്ടാക്കും.

ഇത്തരം സംശയങ്ങളും മറ്റുള്ളവരുയർത്തുന്ന പലതരം വാദങ്ങളും കേട്ട് സഹികെട്ട്, എന്തു വേണമെന്ന് ഒരുപദേശം തേടിയാണ് അവർ വന്നത്. പറയുന്നതിനിടയ്ക്ക് പെൺകുട്ടി പലപ്പോഴും കരഞ്ഞു പോയി. ഒരിക്കൽ ഒരസുഖം വന്നതിന്റെ പേരിൽ വർഷങ്ങൾ കഴിഞ്ഞിട്ടും നേരിടേണ്ടിവരുന്ന അസ്പർശ്യതയുടെ കാഠിന്യമോർത്ത്. നിങ്ങൾ രണ്ടു പേരും ധൈര്യമായി കല്യാണം കഴിക്കുക. അച്ഛനുമമ്മയും കാൻസർ രോഗികളായിരുന്നു എന്ന് ധൈര്യമായി പറയാൻ നിങ്ങളുടെ മക്കളെ പ്രാപ്തരാക്കുക. നിങ്ങളും നിങ്ങളുടെ മക്കളും ലോകത്തിന്റെ മുഖത്തു നോക്കി പുഞ്ചിരിയോടെ അതു പറയണം. അപ്പൊഴേ ഇത്തരം അവഗണനകൾക്കും പിറുപിറുക്കലുകൾക്കുമുള്ള മധുര പ്രതികാരമാവുകയുള്ളൂ.

കല്യാണാലോചനകൾ തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനുമുമ്പേ കിട്ടുന്ന പ്രണയമധുരത്തിന്റെ ദിനങ്ങളിൽ തികച്ചും സന്തോഷത്തോടെ പരസ്പരം കൂടുതലറിയുക. നിങ്ങളുടെ പരസ്പര സ്നേഹത്തിന്റെ ബലംകൊണ്ടു മാത്രം നിങ്ങൾക്ക് മറ്റെല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാനാവും. കല്യാണത്തീയതി നേരത്തേ അറിയിക്കണം... കുട്ടികളുടെ വിവരങ്ങളും അറിയിക്കണം...ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞപ്പോൾ അവർക്കും ചിരിക്കാതിരിക്കാനായില്ല. പ്രണയത്തിന്റെ നാണം, നിറംപകർന്ന നനുത്ത ചിരി. കാൻസർ മനുഷ്യരിൽ പ്രണയവുമുണർത്തും.