പഴയൊരു സിനിമയുണ്ട്- സ്കൂൾ മാസ്റ്റർ. പ്രായമായ അച്ഛനമ്മമാരെ മക്കൾ പങ്കിട്ട് രണ്ടു വഴിക്കു കൊണ്ടുപോകുന്നതിന്റെ സംഘർഷങ്ങളാണ് സിനിമയിൽ. സിനിമ ഇന്ന് പലർക്കും ഓർമയുണ്ടാവില്ല. എന്നാൽ അതിലെ പാട്ട് കേട്ടിട്ടുണ്ടാവും- നിറഞ്ഞ കണ്ണുകളോടെ... നിശ്ശബ്ദ വേദനയോടെ... എന്ന ഹൃദയത്തിൽ തൊടുന്ന ഗാനം.

പ്രായമായ ഒരച്ഛനും അമ്മയും നിറഞ്ഞ കണ്ണുകളോടെ അവരുടെ ജീവിതാവസ്ഥ പറഞ്ഞപ്പോൾ അറിയാതെ ഓർമയിൽ വന്നുപോയതാണ് ആ പാട്ട്. നിറഞ്ഞ കണ്ണുകളോടെ... നിശ്ശബ്ദവേദനയോടെ. 30 - 35 വർഷമായി ന്യൂസിലൻഡിലായിരുന്നു ഈ അച്ഛനുമമ്മയും. മറ്റെല്ലാം മാറ്റിവെച്ച് മക്കൾക്കായി അവർ അവിടെ കഴിഞ്ഞു. രണ്ടു മക്കൾ. ഒരാണും ഒരു പെണ്ണും. രണ്ടു പേരും പഠിച്ചു. നല്ല ജോലിയിലായി. കല്യാണം കഴിഞ്ഞു. രണ്ടു പേരും മക്കൾക്കൊപ്പം സകുടുംബം സുഖമായി കഴിയുന്നു. അവരുടെ ജീവിതത്തിരക്കുകൾക്കിടയിൽ അച്ഛനുമമ്മയും ഒരു ബാധ്യതയായി. അതിനിടെയാണ് അമ്മയ്ക്ക് അസുഖം വന്നത്. അവിടെ ചികിത്സിക്കുന്നത് അത്രയെളുപ്പമായിത്തോന്നിയില്ല അവർക്ക്. അവരൊരു നിർദേശം വെച്ചു- അമ്മ നാട്ടിലേക്കു പോയി ചികിത്സിക്കൂ. അച്ഛൻ ഇവിടെ നിൽക്കട്ടെ... നാട്ടിൽ അമ്മയുടെ ആളുകളൊക്കെ ഉണ്ടല്ലോ.

അമ്മയ്ക്ക് അസുഖമായി. ഇനിയും കൂടെ നിർത്തിയാൽ തൊന്തരവാണെന്ന് അറിയാവുന്ന മക്കൾ അമ്മയെ ഒഴിവാക്കുകയാണെന്ന് നേരത്തേ തന്നെ അറിയാമായിരുന്നതിനാൽ അവർക്ക് വിഷമം സഹിക്കാനായി. അച്ഛന്‌ ആരോഗ്യമുള്ളതു കൊണ്ട് ഒപ്പം നിന്നാൽ വീട്ടിലൊരു സെക്യൂരിറ്റി ഗാർഡിന്റെ പ്രയോജനമെങ്കിലും കിട്ടും. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ചെലവഴിച്ച മണ്ണിൽ നിന്ന് ആ അച്ഛനുമമ്മയും ഒരുമിച്ചു തന്നെ പോന്നു നാട്ടിലേക്ക്. രണ്ടുപേർക്കും ഇപ്പോൾ 65-70 വയസ്സ് പ്രായമുണ്ട്. അച്ഛനും ഹൃദയസംബന്ധമായ ചില ബുദ്ധിമുട്ടുകളുണ്ട്. എന്നാലും പരസ്പരം ഊന്നുവടികളായി അവർ മക്കളെക്കുറിച്ചും ജീവിതാവസ്ഥകളെക്കുറിച്ചും അമ്മയ്ക്ക് കണ്ണീരടക്കാനായില്ല. അച്ഛനാകട്ടെ, നിറഞ്ഞ കണ്ണുകളോടെ, നിശ്ശബ്ദവേദനയുമായി ഇരുന്നതേയുള്ളൂ. പിന്നെ, അദ്ദേഹം പറഞ്ഞു- എനിക്കൊരാഗ്രഹമേ ഉള്ളൂ ഡോക്ടർ- ഇവളുടെ അവസാനം വരെ ഒപ്പം നിൽക്കണം. ഞാൻ നേരത്തേ മരിച്ചു പോയാൽ ആരും തുണയില്ലാതെ ഇവൾ വിഷമിച്ചു പോകും.

1993-94 കാലത്താണ്. ഞാൻ അന്ന് അമേരിക്കയിൽ പ്രത്യേക പരിശീലനത്തിലായിരുന്നു. അവിടെ വെച്ച് പരിചയപ്പെട്ടതാണ്. കോട്ടയത്തു നിന്നുള്ള ഒരാൾ. അച്ഛനും മകളും മാത്രമേയുള്ളൂ. ചെറുപ്പം മുതൽ മകളെ വളർത്തിയത് അദ്ദേഹമാണ്. കഷ്ടപ്പെട്ടിട്ടാണെങ്കിലും സ്വന്തമായി വീട് സമ്പാദിക്കാനായി. മകൾ വളർന്നതോടെ അവരുടെ രീതികൾ അച്ഛന് ഉൾക്കൊള്ളാനാവാതായി. രാത്രി വൈകിയുള്ള പാർട്ടികളും മറ്റ് ആഘോഷങ്ങളുമൊക്കെ പതിവായതോടെ അച്ഛൻ മകളെ ശാസിക്കാൻ തുടങ്ങി. ഒരു ദിവസം പാർട്ടി കഴിഞ്ഞു വന്ന മകൾ അച്ഛന്റെ ശാസന കേട്ടതും നേരേ പോലീസിൽ വിളിച്ചു പരാതി പറഞ്ഞു- ഇയാൾ തന്നെ ഉപദ്രവിക്കുകയാണ്... എന്നെ രക്ഷിക്കണം.

പാഞ്ഞെത്തിയ അമേരിക്കൻ പോലീസ്, പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ ആ അച്ഛനെ പിടികൂടി. ജയിലിലടച്ചു. അവിടെയുണ്ടായിരുന്ന മറ്റു ചില മലയാളികളും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമൊക്കെക്കൂടി വിഷമിച്ചാണ് അദ്ദേഹത്തെ പുറത്തിറക്കിയത്. ഇനി മകളുടെ അടുത്തു നിന്ന് മാറിത്താമസിക്കുകയോ നാട്ടിലേക്കു പോവുകയോ ചെയ്യാമെന്നു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു- ഏയ്... മോളെ വിട്ടു പോയാൽ ശരിയാവില്ല. എനിക്ക് ഇവിടെ ഒരു പ്രശ്നവുമില്ല. ഒരിക്കൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ഈ കഥകളൊക്കെ പറഞ്ഞ് അദ്ദേഹം ദീർഘനിശ്വാസത്തോടെ കുറച്ചു നേരം ഒന്നും പറയാനാവാതെ ഇരുന്നുപോയി. നിറഞ്ഞ കണ്ണുകളോടെ.. നിശ്ശബ്ദ വേദനയോടെ..

കൊല്ലത്തു നിന്നു വന്ന ആ അമ്മയ്ക്ക് മക്കളെക്കുറിച്ച് പരാതികളൊന്നുമില്ലായിരുന്നു. നമുക്കു പ്രായമായി. അവരുടെ രീതികളൊക്കെ വേറേയല്ലേ! അപ്പോൾ അക്കാര്യം പറഞ്ഞ് മക്കൾ നമ്മളെ കുറച്ചൊന്നു ശാസിച്ചെന്നൊക്കെയിരിക്കും. അതിൽ വിഷമിക്കാനൊന്നുമില്ല. അതും പറഞ്ഞ് ആ അമ്മ കുറച്ചു നേരം നിശ്ശബ്ദയായിരുന്നു. ഉള്ളിൽ വേദന തിളച്ചപ്പോൾ കണ്ണുകൾ നിറഞ്ഞു. പേരക്കുട്ടികൾ ശകാരിക്കുന്നതായിരുന്നു അവർക്ക് സഹിക്കാൻ കഴിയാതിരുന്നത്. അതും അവരുടെ അച്ഛനമ്മമാരുടെ മുന്നിൽ വെച്ച്!

നമുക്കറിയാം, വീട് ഒരഭയമാണ്. ഏറെക്കാലം നമ്മൾ കഴിഞ്ഞ പരിസരങ്ങൾ, പെരുമാറിയ മുറിയകങ്ങൾ, കണ്ണീരും വേദനകളും ഇറക്കിവെച്ച കട്ടിലും കിടക്കയും... മുൻപിൻ നോക്കാതെ പാറി നടക്കാനാവുന്ന ചെറുപ്പകാലത്തും യൗവനത്തിന്റെ പ്രസരിപ്പിലും അതൊക്കെ നമുക്ക് പ്രിയപ്പെട്ട ചില ഇടങ്ങൾ മാത്രമായിരിക്കും. എന്നാൽ, കാലക്രമേണ ജീവിതം ആ പരിസരങ്ങളിലേക്ക് നമ്മെ പതുക്കെപ്പതുക്കെ ഒട്ടിച്ചു ചേർക്കും. എവിടെപ്പോയി കിടന്നാലും ഉറക്കത്തിൽ, ഒരു കിനാവിൽ നമ്മൾ നമ്മുടെ ആ പഴയ കിടക്കയുടെ ഓർമച്ചൂടിലേക്ക് ആണ്ടു പോകും.പ്രായമായ അച്ഛനമ്മമാരെ അവരുടെ ജീവിതത്തോട് ഒട്ടിച്ചേർന്ന ആ പരിസരങ്ങളിൽ നിന്ന് പറിച്ചു മാറ്റുമ്പോൾ അവർക്ക് നിറഞ്ഞ കണ്ണുകളോടെ തീരാത്ത വേദനയോടെ അതൊക്കെ ഉള്ളിലടക്കാനല്ലേ കഴിയൂ...