അങ്കമാലി ആലുവ ഭാഗത്ത് എവിടെയെങ്കിലും ക്ലാസ്സുകളോ മറ്റു പരിപാടികളോ ഉണ്ടെങ്കിൽ ചന്ദ്രൻ ഒപ്പം വരാറുണ്ട്. ക്ലാസ്സുകൾ സംഘടിപ്പിക്കുന്ന കാര്യത്തിലും അതിനു വേണ്ട ഒരുക്കങ്ങളുടെ കാര്യത്തിലും ഒക്കെ ചന്ദ്രൻ മുന്നിലുണ്ടാവും. ഹൃദ്രോഗചികിത്സയുടെ ഭാഗമായി വിശ്രമത്തിലായിരുന്ന ദിവസങ്ങളിൽ ഒരിക്കൽ ചന്ദ്രൻ വന്നു. ഡോക്ടറേ.എനിക്ക് വലിയ വിഷമം തോന്നുന്നു. പല തരത്തിൽ ബുദ്ധിമുട്ടിച്ച് വിശ്രമിക്കാൻ പോലും സമയം തരാതെ ക്ലാസ്സുകൾക്കും ക്യാമ്പുകൾക്കുമൊക്കെ കൊണ്ടു പോകുമായിരുന്നത് ഡോക്ടറുടെ ആരോഗ്യത്തെത്തന്നെ ബാധിച്ചല്ലോ എന്നോർക്കുമ്പോൾ.

ഞാൻ ചിരിച്ചതേയുള്ളൂ. ക്ലാസ്സുകൾക്കും ക്യാമ്പുകൾക്കും മറ്റു പരിപാടികൾക്കുമൊക്കെ പങ്കെടുക്കാൻ വളരെയേറെ സമയം ചെലവാക്കുന്നതിനെക്കുറിച്ച് പലരും പറയാറുണ്ടായിരുന്നു. പക്ഷേ, അത്തരം പരിപാടികളിലൊക്കെ കഴിവതും പങ്കെടുക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. ചികിത്സിക്കുന്നതു പോലെ പ്രധാനമാണ് ആളുകൾക്ക് ശരിയായ ധാരണയും അവബോധവുമുണ്ടാക്കുക എന്നത്. അത് ഡോക്ടർമാരുടെ ധാർമിക ചുമതല കൂടിയാണെന്നാണ് എന്റെ അഭിപ്രായം. രോഗപ്രതിരോധത്തിന്റെ കാര്യത്തിലും രോഗം വന്നാൽ ഏറ്റവും നല്ല ചികിത്സ നേടുന്ന കാര്യത്തിലും ആളുകൾക്ക് ഏറ്റവും ശാസ്ത്രീയമായ ധാരണ ഉണ്ടാവുകയാണ് വേണ്ടത്. അതിനു വേണ്ട അറിവു പകരേണ്ടത് ഡോക്ടർമാരുടെ ചുമതല തന്നെയാണ്. ഇക്കാര്യങ്ങൾ സൂചിപ്പിച്ചപ്പോൾ ചന്ദ്രൻ പറഞ്ഞു- ഡോക്ടറേ, ക്ലാസ്സു കഴിയുമ്പോൾ പല ആളുകളും വന്ന് പറയാറുണ്ടല്ലോ... ഇനി താൻ മദ്യപിക്കില്ല എന്നും ഡോക്ടറുടെ നിർദേശം അനുസരിച്ച് പുകവലി നിർത്തുകയാണ് എന്നുമൊക്കെ. അത്തരം കാര്യങ്ങൾ തരുന്ന സന്തോഷം വളരെ വലുതാണ്. ആ ആഹ്ലാദം കൊണ്ടു കൂടിയാണ് ഡോക്ടറുടെ ക്ലാസ്സുകൾ നടത്താനായി ജോലി ഒഴിവാക്കിയിട്ടായാൽ പോലും ഞാൻ വരാറുള്ളത്.

ചന്ദ്രൻ വലിയ സമ്പന്നനൊന്നുമല്ല. മരപ്പണിക്കാരനാണ്. വീടും കുടുംബവും അതിന്റെ പ്രാരബ്ധങ്ങളുമൊക്കെയുണ്ട്. പലപ്പോഴും പണികൾക്കുള്ള മരം വാങ്ങാനും പെയിന്റും മറ്റു സാധനങ്ങളുമൊക്കെ വാങ്ങാനും ചന്ദ്രന് പല കച്ചവടക്കാരുടെയും അടുത്ത് പോകേണ്ടി വരാറുണ്ട്. അത്തരം ഇടപാടുകളിലൊക്കെ ഒരു നിശ്ചിത വിഹിതം ചന്ദ്രന് കമ്മീഷനായി കിട്ടും. അങ്ങനെ കിട്ടുന്ന കമ്മീഷൻ പൈസയൊന്നും ചന്ദ്രൻ വേണ്ടെന്നു വെയ്ക്കാറില്ല. കൃത്യമായി ആ പണം മാറ്റി വെയ്ക്കും. അത് ഒട്ടും വൈകാതെ കൊച്ചിൻ കാൻസർ സൊസൈറ്റിക്കോ ബുദ്ധിമുട്ടനുഭവിക്കുന്ന ഏതെങ്കിലും രോഗിക്കോ നൽകിയിരിക്കും. പണിയെടുത്തിട്ടല്ലാതെ കിട്ടാവുന്ന അത്തരം പൈസയൊക്കെ ഇങ്ങനെ നൽകാൻ കഴിയുന്നതിനാൽ എനിക്ക് സുഖമായി കിടന്നുറങ്ങാം ഡോക്ടറേ എന്നാണ് ചന്ദ്രൻ പറയാറുള്ളത്.

ഡോക്ടറെ ക്ലാസ്സുകൾക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴും അത്തരത്തിലൊരു സുഖമാണ് തോന്നാറുണ്ടായിരുന്നത്- ചന്ദ്രൻ പറയുന്നു. പഴയതു പോലെ ഇനിയും നമ്മൾ ക്ലാസ്സുകൾക്കും ക്യാമ്പുകൾക്കും അവബോധ-പ്രചാരണ പരിപാടികൾക്കും ഉണ്ടാകുമെന്ന് പറയുമ്പോഴും ചന്ദ്രന് ഒരു കുഴങ്ങിയ മട്ടുണ്ടായിരുന്നു.  ഇതുപോലെ ഒരു കുഞ്ഞു കൂട്ടുകാരിയുണ്ട്- ചിന്നു. ഇപ്പോൾ കുറച്ചു മുതിർന്ന കുട്ടിയായി. എത്രയോ വർഷങ്ങളായി എല്ലാ വർഷവും സ്കൂൾ അവധിക്കാലത്ത് ചിന്നു കാണാൻ വരാറുണ്ട്. കൈയിൽ ചിന്നുവിന്റെ കുഞ്ഞു കുടുക്കയുമുണ്ടാവും. പലപ്പോഴായി കിട്ടുന്ന പൈസയൊക്കെ കൂട്ടിവെച്ചുണ്ടാക്കിയ സമ്പാദ്യം പാവപ്പെട്ട കാൻസർ രോഗികൾക്കായി കൈമാറാനെത്തുന്നതാണവൾ. ഇപ്പോഴും ചിന്നു വരുന്നുണ്ട്. കുടുക്കയുടെ കുട്ടിത്തത്തിൽ നിന്ന് കുറച്ചൊന്നു മുതിർന്നിട്ടുണ്ട്. അതല്ലാതെ ആ മനസ്സിന്റെ തൂവെണ്മയ്ക്ക് മാറ്റമൊന്നുമില്ല.

ആശുപത്രിയിലെ ഒരു സ്റ്റാഫ് നഴ്‌സ് എല്ലാ മാസവും ശമ്പള ദിവസം ഒരു തുകയുടെ ചെക്ക് എഴുതി എനിക്കു തരാനായി ഏല്പിച്ചു പോകുന്നുണ്ട്. നേരിട്ട് അതു കൈമാറാൻ വേണ്ടിയോ അതിന്റെ പേരിൽ കൂടുതൽ ഒരടുപ്പമോ മറ്റെന്തെങ്കിലും പ്രിവിലേജുകളോ സ്വന്തമാക്കാൻ വേണ്ടിയോ ഒന്നും അവർ തരിമ്പും ശ്രമിച്ചിട്ടില്ല. അങ്ങനെ പണം കൈമാറുന്നത് അവരുടെ കടമയായി കണ്ടു ചെയ്യുകയാണ്. പേരു പുറത്തു പറയാൻ പോലും താത്പര്യം കാണിക്കാത്ത ഒരാൾ. ആദ്യമായി കിട്ടിയ ശമ്പളവുമായി ഫാർമസിയിൽ ജോലിക്കു ചേർന്ന ഒരു കുട്ടി വന്നപ്പോൾ അതിശയവും സന്തോഷവും തോന്നി. ആദ്യം കിട്ടുന്ന ശമ്പളത്തിന്റെ വൈകാരികതയെക്കാളൊക്കെ വലുതാണ് ആ മനസ്സിലെ കാരുണ്യം. 

ഇങ്ങനെ പറയാനാണെങ്കിൽ കുറച്ചൊന്ന് ഓർത്താൽ എത്രയോ ആളുകൾ! മറ്റുള്ളവരെ സഹായിക്കുക എന്നത് സ്വന്തം കടമയായി കാണുന്നവർ. അത്തരക്കാരെയാരെയും പക്ഷേ, നാം അറിയാറില്ല. ഇവരൊക്കെ ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്നവരാണ്. തങ്ങളുടെ വളരെ പ്രധാനപ്പെട്ട പല ആവശ്യങ്ങളും മാറ്റിവെച്ചിട്ടാണ് കൂടുതൽ വിഷമമനുഭവിക്കുന്നവരെ സഹായിച്ചേ തീരൂ എന്ന് അവർ തീരുമാനിക്കുന്നത്. അവർ ചെയ്യുന്ന ദാനമാണ് മഹത്വമേറിയ ദാനം. വൻ തുക കൈമാറുന്ന സമ്പന്നരെയും നിയമപരമായി നീക്കിവെയ്ക്കേണ്ട വിഹിതം സാമൂഹിക കടമകൾക്കായി മാറ്റിവെയ്ക്കുന്ന കമ്പനികളെയും കുറിച്ചൊക്കെ നാമെല്ലാം അറിയാറുണ്ട്. നൽകുന്ന കാര്യം അറിയിക്കാൻ അവരിൽ പലരും പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്.

സ്വന്തം പേര് എവിടെയെങ്കിലും പരാമർശിക്കപ്പെടണമെന്ന ആഗ്രഹം പോലുമില്ലാതെ, കഷ്ടപ്പാടുകൾക്കിടയിൽ നിന്ന് ഒരു പങ്കു നീക്കി വെയ്ക്കുന്ന അത്തരം ആളുകളുടെ മനസ്സിന്റെ നന്മയാണ് ഈ ലോകത്തെ ഇത്രയെങ്കിലുമൊക്കെ നന്മയുള്ളതായി നിലനിർത്തുന്നത് എന്ന് പലപ്പോഴും തോന്നാറുണ്ട്. ആ നന്മയാർന്ന മനസ്സുകൾ പ്രസരിപ്പിക്കുന്ന പ്രകാശം- അത് ഒന്നു വേറെ തന്നെയാണ്.