ഉപവാസം ശരീരകോശങ്ങളെ  പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സുരക്ഷിത ഉപായമാണ്. വ്രതാനുഷ്ഠാനം പതിനാലു മണിക്കൂറില്‍ കവിയാറില്ല എന്നതിനാല്‍ ശരീരത്തിന്റെ സാധാരണഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവും ഉണ്ടാവില്ല.

ഉപവാസസമയത്ത് ശരീരപ്രക്രിയയില്‍ വരുന്ന മാറ്റങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊഴുപ്പ്, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കുന്നു. അതിനാല്‍ പ്രമേഹം, അമിതവണ്ണം, രക്താതിമര്‍ദം എന്നീ രോഗങ്ങള്‍ക്ക് വ്രതാനുഷ്ഠാനം ഉത്തമപ്രതിവിധിയായി കണക്കാക്കാം.
ഉപവാസകാലത്ത് ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ അളവ് കൂടുന്നത്രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നതിനെ  തടയുകയും അലിയിച്ചുകളയുകയും ചെയ്യും. ഇത് ഹൃദയാഘാതം, മസ്തിഷ്‌കാഘാതം  എന്നിവയില്‍നിന്ന് ശരീരത്തെ സംരക്ഷിക്കുകയും പുനരുജ്ജീവന പ്രക്രിയകളെ സഹായിക്കുകയും ചെയ്യുന്നു.

Fruit

ഉപവസിക്കുമ്പോള്‍  പീയുഷഗ്രന്ഥിയില്‍നിന്ന് വളര്‍ച്ചാഹോര്‍മോണ്‍ കൂടുതലായി സ്രവിക്കുന്നു. ശരീരനിര്‍മാണപ്രക്രിയയെ സഹായിക്കുന്ന ഈ ഹോര്‍മോണ്‍ പ്രോട്ടീന്‍, കൊളാജന്‍ എന്നിവ ഉല്‍പാദിപ്പിക്കും. ഇത്  ശരീരത്തിലെ നൈട്രജന്‍  തുലനത്തെ അനുകൂലമാക്കുകയും മറ്റു ധാതു നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

റംസാനിലെ ഉപവാസം, പ്രാര്‍ഥനകള്‍,   ആധ്യാത്മികാനുഭവങ്ങള്‍  എന്നിവ തലച്ചോറില്‍നിന്നും സുഷുമ്‌നാനാഡിയില്‍ നിന്നും ഓപ്പിയോയിഡ്സ് എന്ന പദാര്‍ഥം സ്രവിക്കുന്നതിന് ഇടയാക്കുന്നു. എന്‍ഡോര്‍ഫിന്‍, എന്‍കെഫാലിന്‍ എന്നീ ഓപ്പിയോയിഡ്സുകളാണ്  റംസാനിലെ സന്തോഷാധിക്യം, പ്രശാന്തത എന്നിവയ്ക്ക് കാരണമാകുന്നത്. ഈ ഓപ്പിയോയിഡ്സുകള്‍  പ്രകൃതിദത്തമായ വേദനസംഹാരികള്‍ കൂടിയാണ്. മോര്‍ഫിനേക്കാള്‍  ഇരുപതുമടങ്ങ്  വീര്യമുള്ളതാണ്  ബീറ്റാ എന്‍ഡോര്‍ഫിന്‍.

വേദനസംഹാരക്ഷമതയോടൊപ്പം ഇവ സന്തോഷപ്രധാനമായ അനുഭൂതി ഉണ്ടാക്കുന്നു. ഇതാണ് ഉപവാസമെടുക്കുന്ന  ചില വ്യക്തികളെയെങ്കിലും മാനസികമായ ചില പ്രത്യേകാവസ്ഥകളിലേക്ക് എത്തിക്കുന്നത്. വേദനയുടെ സംവേദനങ്ങളില്‍ വ്യത്യാസം  വരുത്തുന്നതിനായി തലച്ചോറും സുഷുമ്‌നാനാഡിയും പുറപ്പെടുവിക്കുന്ന  പ്രത്യേകതരം ന്യൂറോട്രാന്‍സ്മിറ്ററുകളാണ്  എന്‍ഡോര്‍ഫിനുകളും എന്‍കെഫാലിനുകളും.

ഈ  രാസഘടകങ്ങള്‍ നാഡീകോശങ്ങളുടെ  സ്വീകരണികളിലിരുന്ന്  വേദന സംവേദനങ്ങളുടെ കാര്യക്ഷമത കുറയ്ക്കുകവഴി വേദന എന്ന അനുഭവത്തെ കുറയ്ക്കുന്നു. അങ്ങേയറ്റം അപകടകരമായ സന്ദര്‍ഭങ്ങളില്‍ വളരെ മാരകമായമുറിവുകളുടെ  വേദന കുറയ്ക്കാന്‍പോലും ഇവയ്ക്ക് കഴിയും.
കൃത്യമായി ഉപവാസം ശീലമാക്കിയാല്‍  ഒരുവാര്‍ഷിക ചന്ദ്രമാസത്തിലുണ്ടാകുന്ന ഉറങ്ങല്‍, ഉണരല്‍, ഇരുട്ട്, വെളിച്ചം എന്നീ ചക്രങ്ങളുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ അവസരം ലഭിക്കുകയും  വളരെ പ്രയാസമുള്ള സാഹചര്യങ്ങളില്‍പോലും വളരെ എളുപ്പത്തില്‍ അതുമായി ഇണങ്ങിച്ചേരാന്‍ സാധിക്കുകയും ചെയ്യുന്നു.

ramzan

രാത്രിയില്‍ നീണ്ടുനില്‍ക്കുന്ന  പ്രാര്‍ഥനകളും  ആത്മീയാനുഷ്ഠാനങ്ങളും  ജീവിതചക്രത്തിന്  താളം നിലനിര്‍ത്തുന്ന  ഒരു അച്ചുതണ്ടായി പ്രവര്‍ത്തിക്കുന്നു. രാത്രിയിലുള്ള നമസ്‌കാരങ്ങള്‍  ശരീരത്തിലെ എല്ലാ മാംസപേശികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വ്യായാമങ്ങള്‍ നല്‍കുന്നു. കൂടാതെ  പ്രാര്‍ഥനാവേളയിലുള്ള വിവിധതരം ചേഷ്ടകള്‍ യോഗയിലെന്നപോലെ ശാരീരികക്രിയാത്മകതയെ സമീകരിച്ച് ജൈവികതാളം നിലനിര്‍ത്താന്‍ സഹായിക്കുന്നു. പ്രാര്‍ഥനാവേളയില്‍ ശരീരത്തില്‍  ഉദ്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളായ  എന്‍ഡോര്‍ഫിന്‍, എന്‍കെഫാലിന്‍ എന്നിവ  ഊര്‍ജ്വസ്വലതയും  പ്രശാന്തതയും മാനസികമായ ഉന്മേഷവും പ്രദാനംചെയ്യുന്നു.

മുപ്പതുദിവസം  നീളുന്ന വ്രതാനുഷ്ഠാനങ്ങളിലൂടെ  പ്രായമായവരില്‍ കണ്ടുവരുന്ന  അസ്ഥിക്ഷയജന്യരോഗങ്ങള്‍ക്ക് ഒരു പരിധിവരെ ശമനംകിട്ടി കണ്ടിട്ടുണ്ട്. ഇതുകൂടാതെ ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനക്ഷമതയെയും സന്ധികളുടെ ആരോഗ്യത്തെയും മസ്തിഷ്‌കകോശങ്ങളെ ഉത്പാദിപ്പിക്കുകവഴി  ഓര്‍മശക്തിയെയും  വ്രതാനുഷ്ഠാനം വര്‍ധിപ്പിക്കുന്നു.

വിരുദ്ധ ആഹാരങ്ങള്‍ ഏറ്റവുംകൂടുതല്‍ കഴിക്കുന്നത് നോമ്പു തുറക്കുമ്പോഴാണ്. 14 മണിക്കൂര്‍ പട്ടിണികിടന്ന് ഒടുവില്‍ മുട്ടയും ഇറച്ചിയും മീനുമെല്ലാം ഒരുമിച്ചുകഴിക്കുന്നത് നിങ്ങളെ രോഗിയായി മാറ്റും. മണിക്കൂറുകളോളം ഒഴിഞ്ഞുകിടക്കുന്ന വയറിലേക്കാണ് എണ്ണയില്‍ ഉണ്ടാക്കിയ ഭക്ഷണം ചെല്ലുന്നത്. ആവിയില്‍ വേവിച്ചെടുത്ത ആഹാരമാണ് നോമ്പുതുറക്കാന്‍ ഏറ്റവും നല്ലത്. ചെമ്മീന്‍, കല്ലുമ്മക്കായപോലുള്ള ഷെല്‍ഫിഷുകളും ഇറച്ചി (റെഡ്മീറ്റ്) യും പൂര്‍ണമായി ഒഴിവാക്കണം. ഇത് ദഹനപ്രക്രിയയെ ബാധിക്കും.

ഭക്ഷണത്തില്‍ ഒഴിവാക്കേണ്ടവ

 • കാര്‍ബോഹൈഡ്രേറ്റ് അമിതമായി അടങ്ങിയവ
 • അധികം മധുരമുള്ളവ
 • അധികം എരിവുള്ളവ
 • ചായ, കാപ്പി എന്നിവയുടെ അമിതോപയോഗം
 • സോഫ്റ്റ് ഡ്രിങ്ക്സ്
 • എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍
 • ബേക്കറി പലഹാരങ്ങള്‍
ഉറക്കം നിയന്ത്രിക്കണം
അത്താഴവും പ്രഭാതനമസ്‌കാരവും കഴിഞ്ഞ് ഉറങ്ങുന്നത് നല്ല ശീലമല്ല. കഫം, തുമ്മല്‍, തലവേദന, സൈനസൈറ്റിസ് എന്നിവയ്ക്ക് ഇത് കാരണമാവും. പൊണ്ണത്തടിയുമുണ്ടാക്കും. പകല്‍ പതിനൊന്നിനും പന്ത്രണ്ടരയ്ക്കുമിടയില്‍ ഉറങ്ങാം. അതില്‍ കുഴപ്പമില്ല. സമയം നീളരുതെന്നുമാത്രം.   

ആഹരത്തില്‍ ഉള്‍പ്പെടുത്തേണ്ടവ

 • അരി, ഗോതമ്പ് മുതലായ ധാന്യങ്ങള്‍
 • മാംസാഹാരം
 • മത്സ്യം 
 • പാല്‍
 • പച്ചക്കറികള്‍
 • പുളിയില്ലാത്ത പഴവര്‍ഗങ്ങള്‍
അത്താഴം
അരിഭക്ഷണമാണ് അത്താഴത്തിനു നല്ലത്. ചപ്പാത്തികഴിച്ചാല്‍ ദാഹംകൂടും. പ്രമേഹമുള്ളവര്‍ക്ക് ഗോതമ്പുദോശ നല്ലതാണ്. പുട്ടുകഴിച്ചാല്‍ നെഞ്ചെരിച്ചിലിന് സാധ്യതയുണ്ട്. അവലും പഴവും അത്താഴത്തിന് കഴിക്കുന്നവരുണ്ട്. ഇതു നല്ലതല്ല. ദഹിക്കാതെ കിടക്കും. നാടന്‍ ഏത്തപ്പഴം പുഴുങ്ങിക്കഴിക്കാം. ദാഹംകുറയാന്‍ ഗുണം ചെയ്യും. അത്താഴത്തിന് പപ്പടവും വറുത്തമീനും അരുത്. 

അരുത് അമിതഭക്ഷണം 
രാത്രിയിലെ നമസ്‌കാരം(തറാവീഹ്)കഴിഞ്ഞ് നന്നായി ഭക്ഷണംകഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതൊഴിവാക്കി ജീരകക്കഞ്ഞി കഴിക്കാം. ജീരകക്കഞ്ഞി ക്ഷീണംമാറ്റുന്നതിനും ദഹനത്തിനും ഗുണം ചെയ്യും. ബിരിയാണിയും പൊറോട്ടയും നോമ്പുതുറയ്ക്ക് നല്‍കുന്നത് നോമ്പുകാരോട് ചെയ്യുന്ന ദ്രോഹമാണ്.  നോമ്പുവഴി ശരീരത്തിനുകിട്ടുന്ന ഗുണം  ഈ രണ്ടുവിഭവങ്ങളും ഇല്ലാതാക്കും.

ചായയും നിയന്ത്രിക്കണം. തലവേദന ഒഴിവാക്കാന്‍ ഒരുഗ്ലാസ് കഴിക്കാം. ഗ്രീന്‍ടീ ആണ് ഏറ്റവും ഉത്തമം. രാത്രിയില്‍ നാലുലിറ്റര്‍ വെള്ളംകുടിക്കണം. അപ്പോഴേ വൃക്കയുടെ പ്രവര്‍ത്തനം സുഗമമാവൂ. കബാബ്, പിസ, ചീസ്, ബര്‍ഗര്‍, സാന്‍ഡ് വിച്ച് ഉള്‍പ്പെടെയുള്ളവയും നോമ്പുകാലത്ത് യോജിച്ചതല്ല. പ്രമേഹവും യൂറിക് ആസിഡുമൊക്കെയുള്ളവര്‍ക്ക് ആശങ്കയില്ലാതെ നോമ്പെടുക്കാം. യൂറിക് ആസിഡുള്ളവര്‍ ഇറച്ചി, മത്സ്യം, ഇലക്കറികള്‍, കടല, ഗ്രീന്‍പീസ് എന്നിവ കഴിക്കരുത്. പ്രമേഹമുള്ളവര്‍ക്ക് നിലവിലെ ഭക്ഷണനിയന്ത്രണം തുടരാം.

(തൃപ്പുണിത്തറ ഗവ. ആയുര്‍വേദ കോളജിലെ പ്രൊഫസറാണ് ലേഖകന്‍)