കോഴിക്കോട്: ആയുര്‍വേദത്തിന്റെ ആധുനികവത്കരണത്തിന് ആര്യവൈദ്യശാലയെപ്പോലുള്ള സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം അഭിപ്രായപ്പെട്ടു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല കോഴിക്കോട് ശാഖയുടെ ശതവത്സരാഘോഷവും പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആയുര്‍വേദത്തിന്റെ ഗുണനിലവാരവും ആധികാരികതയും ഉറപ്പാക്കാനുള്ള നടപടികളുണ്ടാവണം. വിനോദസഞ്ചാരമേഖലയില്‍ വിദേശികളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ആയുര്‍വേദത്തിന്റെ പേരില്‍ പലതും നല്‍കുന്നുണ്ട്. 

ആര്‍ക്കൊക്കെ ആയുര്‍വേദചികിത്സ നടത്താമെന്നതിന് വ്യവസ്ഥയുണ്ടാവണം. എല്ലാവരും വീട്ടില്‍ രണ്ടോമൂന്നോ ഔഷധച്ചെടികള്‍ നട്ടുപിടിപ്പിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.

ആയുര്‍വേദത്തെ സാമാന്യജനങ്ങളിലെത്തിക്കാനുള്ള ദൃഢനിശ്ചയത്തിന്റെ ഫലമായാണ് കോഴിക്കോട് ശാഖയുണ്ടായത്. വൈദ്യത്തില്‍ മാത്രമല്ല, സാഹിത്യസാംസ്‌കാരിക മേഖലകളിലും ആര്യവൈദ്യശാലയുടെ സംഭാവനകള്‍ ശ്രദ്ധേയമാണ് ഗവര്‍ണര്‍ പറഞ്ഞു.

ടാഗോര് സെന്റിനറി ഹാളില് നടന്ന ചടങ്ങില് ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയര്‍ ഗവര്‍ണര്‍ക്ക് ഉപഹാരം നല്‍കി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി.