വനിതകളിൽ ഏറ്റവും സാധാരണമായി കാണുന്ന അർബുദരോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് ഗർഭാശയമുഖ അർബുദം (സെർവിക്കൽ കാൻസർ) എന്നതല്ല ഈ വിപത്തിനെ വ്യത്യസ്തമാക്കുന്നത്. വികസിതരാജ്യങ്ങളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ കാൻസർ രോഗമാണെന്നതുമല്ല ഈ വിപത്തിന്റെ പ്രത്യേകത. എളുപ്പത്തിൽ രോഗനിർണയം നടത്താനും പ്രതിരോധ കുത്തിവയ്പുകൾവഴി തടയാനും സാധ്യമായിട്ടും സ്ത്രീകളിലെ ബോധവത്കരണത്തിന്റെ കുറവുകൊണ്ടുമാത്രം ഏറ്റവുമധികം മാരകമായ കൊലയാളിയായി ഈ രോഗം മാറുന്നു എന്നതാണ് ദുരന്തം. 

യോനിയിൽനിന്നും ഗർഭപാത്രത്തിലേയ്ക്കുള്ള ഇടുങ്ങിയ ദ്വാരമാണ് ഗർഭാശയമുഖം. ഇവിടെയാണ് ഗർഭാശയകാൻസറിന്റെ തുടക്കം. ഇവയിൽ ഏതാണ്ട് 80 മുതൽ 90 ശതമാനവും സ്ക്വാമസ് കോശ അർബുദങ്ങളാണ്. ത്വക്കിലെ കോശങ്ങളിലേത് പോലെയുള്ള കോശങ്ങളാണ് സ്ക്വാമസ് കോശങ്ങൾ. അഡീനോ കാർസിനോമയാണ് രണ്ടാമതായി ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഗർഭാശയമുഖ അർബുദം. എൻഡോസെർവിക്‌സിൽ ശ്ലേഷ്മം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളിലാണ് അഡീനോ കാർസിനോമ വളർന്നുവരുന്നത്. യുവതികളിൽ അഡീനോ കാർസിനോമയുടെ തോത് വർദ്ധിച്ചുവരികയാണ്.
   തെക്കൻഏഷ്യയിൽ ഏറ്റവുമധികം ഗർഭാശയമുഖ അർബുദം കണ്ടെത്തിയിരിക്കുന്നത് ഇന്ത്യയിലാണ്. ഓരോ വർഷവും ഏതാണ്ട് 1,20,000 അർബുദരോഗികളിൽ പുതിയതായി ഗർഭാശയമുഖ കാൻസർ കണ്ടെത്തുന്നു. 

ഗർഭാശയമുഖ അർബുദരോഗികളിൽ ഒരു വർഷം ഏതാണ്ട് 70,000 സ്ത്രീകൾ മരണത്തിന് കീഴടങ്ങും. മറ്റ് കാൻസറുകളിൽനിന്ന് വ്യത്യസ്തമായി സ്ത്രീകളുടെ ഉത്പാദനകാലത്ത് മധ്യപ്രായത്തിലാണ് ഈ രോഗം ആക്രമിക്കുന്നത്. ഈ രോഗം കണ്ടെത്തിയവരിൽ പകുതിപ്പേർക്കും 35-നും 55-നും ഇടയിലാണ് പ്രായം. എന്നാൽ, പ്രായം ചെന്നവരിലും പ്രായം കുറഞ്ഞവരിലും ഈ രോഗം കാണാറുണ്ട്. 

ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) മൂലമാണ് ഗർഭാശയമുഖ അർബുദം ഉണ്ടാകുന്നത്. 99 ശതമാനം ഗർഭാശയമുഖ അർബുദരോഗികളിലും എച്ച്പിവി വൈറസ് കണ്ടെത്തിയിട്ടുണ്ട്. ചിലതരം എച്ച്പിവി വൈറസുകൾക്ക് സാധാരണ ഗർഭാശയമുഖ കോശങ്ങളെ ദീർഘകാലംകൊണ്ട് അസാധാരണമായ രീതിയിൽ മാറ്റിമറിക്കാൻ കഴിയും. ഇത്തരം കോശങ്ങൾ ചിലപ്പോൾ ഗർഭാശയമുഖ അർബുദമായി മാറാൻ സാധ്യതയുണ്ട്. എച്ച്പിവി - 16, എച്ച്പിവി - 18 എന്നിങ്ങനെ രണ്ട് തരം വൈറസുകളാണ് 70 ശതമാനം ഗർഭാശയമുഖ അർബുദത്തിനും കാരണമാകുന്നത്. 

എച്ച്പിവി വൈറസ് പടരുന്നത് ശാരീരികബന്ധത്തിലൂടെയാണ്. ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ മിക്ക പുരുഷന്മാരിലും സ്ത്രീകളിലും എച്ച്പിവി കാണപ്പെടാറുണ്ട്. ലൈംഗികമായി സജീവമായ 75 ശതമാനം പേരിലും ഏതെങ്കിലും തരത്തിലുള്ള എച്ച്പിവി ബാധ കണ്ടേക്കാം. എന്നാൽ, ഭൂരിഭാഗം അണുബാധകളും പെട്ടെന്ന് തന്നെ ശമിക്കുകയും ഒരു ശതമാനം മാത്രം എച്ച്പിവി ബാധ കാൻസറായി മാറുകയും ചെയ്യാം. ഭൂരിഭാഗം സ്ത്രീകളിലും എച്ച്പിവി വൈറസ് ബാധ ഗർഭാശയമുഖ കാൻസറായി മാറണമെന്നില്ല. മിക്ക സ്ത്രീകളിലും എച്ച്പിവി അണുബാധ ദീർഘനാൾ നീണ്ടുനിൽക്കാതെ 90 ശതമാനവും സ്വയം ഭേദമാകുകയാണ് പതിവ്. തുടർച്ചയായി എച്ച്പിവിമൂലമുള്ള അണുബാധയുണ്ടാകുന്നുണ്ടെങ്കിൽ അത് ഗർഭാശയമുഖ കോശങ്ങളിൽ അസാധാരണത്വം ഉണ്ടാക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുകയും അത് കാൻസറായി രൂപപ്പെടുകയും ചെയ്യുന്നു. 

അർബുദമുണ്ടാകുന്ന അവസ്ഥയ്ക്കു മുമ്പായി ഗർഭാശയമുഖ കോശങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളും കാൻസറിന്റെ പ്രാഥമിക ഘട്ടങ്ങളും ലക്ഷണങ്ങളൊന്നും പുറത്തുകാണിക്കണമെന്നില്ല. എന്നാൽ, സാധാരണയായി പിഎപി സ്മിയർ ടെസ്റ്റ് അഥവാ എച്ച്പിവി പരിശോധന എന്നറിയപ്പെടുന്ന പാപാനികോളോ ടെസ്റ്റിലൂടെ അർബുദ കോശങ്ങളെയും അർബുദമാകാൻ സാധ്യതയുള്ള കോശങ്ങളെയും തിരിച്ചറിയാൻ സാധിക്കും. കോശങ്ങളുടെ മാറ്റങ്ങൾ അറിയാനല്ല വൈറസിനെ കണ്ടെത്താനാണ് എച്ച്പിവി പരിശോധന സഹായിക്കുന്നത്. അർബുദാവസ്ഥയിലേയ്ക്ക് പോകുന്ന കോശങ്ങളിലെ മാറ്റങ്ങളെ കണ്ടെത്താനും ഗർഭാശയമുഖ കാൻസറായി മാറുന്നത് തടയാനും ഇതുവഴി കഴിയും. 

വാർഷിക ആരോഗ്യ പരിശോധനകൾക്കൊപ്പം 21 വയസ്സ് മുതൽ സ്ത്രീകൾ സ്ഥിരമായി പാപ് സ്മിയർ പരിശോധനകൾ നടത്തുന്നത് നല്ലതാണ്. മുപ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവർ തുടർച്ചയായി മൂന്ന് പാപ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെങ്കിൽ പിന്നീട് അഞ്ച് വർഷത്തിനുശേഷം തുടർപരിശോധനകളും എച്ച്പിവി നിർണയവും നടത്തിയാൽ മതിയാകും. വർഷങ്ങളോളം എച്ച്പിവി വൈറസുകൾക്ക് സുഷുപ്താവസ്ഥയിൽ ഇരിക്കാനും പെട്ടെന്ന് സജീവമാകാനും കഴിയുമെന്ന കാര്യം ഓർക്കുക. 
എച്ച്പിവിക്കെതിരേ ഇപ്പോൾ വാക്‌സിനുകൾ ലഭ്യമാണ്. ഗർഭാശയമുഖ അർബുദം തടയുന്നതിനുള്ള ഏറ്റവും മികച്ച മാർഗം വാക്‌സിനേഷനാണ്.

ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പുള്ള പ്രായത്തിൽ വാക്‌സിനേഷൻ നല്കുന്നതാണ് നല്ലത്. നേരത്തെ നല്കാൻ കഴിഞ്ഞില്ലെങ്കിലും ലൈംഗികമായി സജീവമായവർക്ക് എച്ച്പിവി ബാധ ഉണ്ടാകാം എന്നതിനാൽ എല്ലാ സ്ത്രീകൾക്കും വാക്‌സിനേഷൻ നല്കാവുന്നതാണ്. പത്തു മുതൽ 26 വയസ്സ് വരെയുള്ള പ്രായത്തിലാണ് എച്ച്പിവി വൈറസ് വരാൻ സാധ്യതയുള്ളത്. ഇത് 46 വയസ്സ് വരെയും നല്കാൻ കഴിയും. 

അവബോധം സൃഷ്ടിക്കുന്ന പരിപാടികൾ, പാപ് സ്മിയർ പരിശോധനകൾ, എച്ച്പിവി വാക്‌സിനേഷൻ തുടങ്ങിയവയിലൂടെ ഗർഭാശയമുഖ കാൻസർ എന്ന വിപത്തിനെ തടയാൻ സാധിക്കും. ഇത് വായിക്കുന്ന സ്ത്രീകൾ കാത്തിരിക്കാതെ വാക്‌സിനേഷൻ നേടാനും പാപ് സ്മിയർ പരിശോധന നടത്താനും മുന്നോട്ടുവരണം. ഓർക്കുക, ഇതുവഴി ഒരു ജീവനാണ് രക്ഷിക്കാൻ കഴിയുക. 

ആസ്റ്റർ മെഡ്‌സിറ്റി സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റാണ് ലേഖിക