റിയാദ്:  സൗദി അറേബ്യയില്‍ നാടക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലാഭേച്ഛയുമില്ലാതെ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തോട് കൂടി പ്രവര്‍ത്തിക്കുന്ന കലാസമിതിയായ '' റിയാദ് നാടക വേദി & ചില്‍ഡ്രന്‍സ് തിയറ്റര്‍'' ഏഴാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി റിയാദിലെ 17 ഇന്ത്യന്‍ സ്‌കൂളുകളെ പങ്കെടുപ്പിച്ച് കൊണ്ട്, മൂന്നാമത് ഇന്റര്‍-സ്‌കൂള്‍ നാടക മത്സരം സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 8, 9, 10 തിയ്യതികളില്‍ റിയാദില്‍ വെച്ച് ആയിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ 30 മിനിട്ടു നീണ്ടു നില്‍ക്കുന്നതായിരിക്കും ഓരോ നാടകങ്ങളും. 

വിജയികള്‍ക്ക് നോര്‍ക്ക നല്‍കുന്ന സമ്മാനവും, ക്യാഷ് പ്രൈസും, ട്രോഫികളും, മെഡലുകളും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഏറ്റവും നല്ല നടിയായി തിരഞ്ഞെടുക്കുന്ന കുട്ടിക്ക് ''പദ്മശ്രീ.സുകുമാരി അവാര്‍ഡും'', ഏറ്റവും നല്ല നടാനായി തിരഞ്ഞെടുക്കുന്ന കുട്ടിക്ക് ''പദ്മശ്രീ.തിലകന്‍ അവാര്‍ഡും'' നല്‍കുന്നതാണ്. ഈ വര്‍ഷത്തെ ഇന്റര്‍ സ്‌കൂള്‍ നാടക മത്സരത്തോടനുബന്ധിച്ച് ''നാടക ഫോട്ടഗ്രാഫി അവാര്‍ഡും'' ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്‍മറഞ്ഞ പ്രശസ്ഥ ഫോട്ടോ ഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ പേരില്‍ ഏര്‍പ്പെടുത്തുന്ന അവാര്‍ഡിന് അര്‍ഹത നേടുന്നത് ഇന്റര്‍-സ്‌കൂള്‍ നാടക മത്സരത്തില്‍ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളുടെ ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. 

''വിക്ടര്‍ ജോര്‍ജ്ജ് അവാര്‍ഡ് '' പ്രശസ്ഥി പത്രം, ക്യാഷ് അവാര്‍ഡ് എന്നിവയായിരിക്കും വിജയിക്ക് നല്‍കുക. വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക സാമൂഹിക മുന്നേറ്റത്തിന് വേണ്ടുന്ന ശക്തമായ ഇടപെടലുകള്‍ക്ക് സാഹചര്യങ്ങള്‍ കുറവായ പ്രവാസ ഭൂമിയില്‍ വളരുന്ന തലമുറയെ സുകുമാര കലകളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന നാടക കലയുമായി അടുപ്പിക്കുന്നതിനും, കുട്ടികളിലെ സര്‍ഗ്ഗവാസനകളെ ഉണര്‍ത്തുന്നതിനും സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടുകളെ അഭിനയത്തിലൂടെയും, കൂട്ടായ കലാപ്രവര്‍ത്തനങ്ങളിലൂടെയും സ്വയം, മനസ്സിലാക്കുകയും, മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുക എന്ന മഹത്തായ ലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ടുള്ള നാടകപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് കഴിഞ്ഞ കാലങ്ങളില്‍ സംഘടിപ്പിക്കപ്പെടാറുള്ള കുട്ടികളുടെ നാടകത്തിന് വീണ്ടും വേദിയൊരുക്കുന്നത്. 

തിയറ്റര്‍ CBSE സിലബസ്സിലെ ഒരു വിഷയമാണെന്നിരിക്കെ, ഈ വിഷയത്തെ വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിനുള്ള സഹായ സഹകരണങ്ങള്‍ ഏറ്റെടുത്ത് കൊണ്ട് റിയാദിലെ ഇന്ത്യന്‍ വിദ്യാലയങ്ങള്‍ക്ക് വേണ്ടി നാടകവേദി ഈ വര്‍ഷം മുതല്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. ഡിസംബര്‍ 10 നു നടക്കുന്ന സമാപന സമ്മേളനത്തോടനുബന്ധിച്ച് സമ്മാനദാനവും, സാംസ്‌കാരിക സമ്മേളനവും, വിവിധ കലാ പരിപാടികളും അരങ്ങേറുന്നു.

സെക്രട്ടറി: ശരത് അശോക് , ചെയര്‍മാന്‍: വിശ്വനാഥന്‍, പ്രസിഡണ്ട്: ഷാം പന്തളം , ട്രഷറര്‍: സെലിന്‍ പട്ടത്തില്‍, ഉപദേശക കമ്മറ്റി അംഗം: രാജു തൃശൂര്‍, സമിതിയുടെ സ്ഥാപകന്‍ : ദീപക് കലാനി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു സെക്രട്ടറി ശരത് അശോക് 0507069704 Riyadh, 11.10.2016