ഏഴാം കടലിനക്കരെയും ഗൃഹാതുരത്വത്തിന്റെ തീവ്രതയില്‍ നിന്നുയിരെടുത്ത മലയാണ്മയുടെ സജീവസാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന പുതുമയാര്‍ന്ന കലാപരിപാടികളുമായാണ് ഇത്തവണയും ഹാള്‍ട്ടന്‍ മലയാളീസ് കേരളപ്പിറവി കൊണ്ടാടിയത്. അസോസിയേഷന്റെ അഞ്ചാം വാര്‍ഷികവും കേരളപ്പിറവിയും വിഭവസമൃദ്ധമായ സദ്യയോടെ തുടക്കം കുറിച്ചത് ബര്‍ലിംഗ്ടനിലെ കോര്‍പ്പസ് ക്രിസ്റ്റി കാത്തലിക് സെക്കന്‍ഡറി സ്‌കൂള്‍ വേദിയിലായിരുന്നു. 

കഥകളി, കളരിപ്പയറ്റ്, വേലകളി, ഭരതനാട്യം തുടങ്ങിയ വേഷങ്ങളുടെ അകമ്പടിയോടെ നടന്ന പരമ്പരാഗത ചെണ്ടമേളത്തോടെയായിരുന്നു ആഘോഷങ്ങളുടെ തുടക്കം. 

ആരാധ്യനായ ബര്‍ലിംഗ്ടന്‍ നഗരപിതാവ് റിക് ഗോള്‍ഡ്റിംഗ് ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഹാല്‍ട്ടന്‍ മലയാളീസ് അസോസിയേഷന്‍ നടത്തിയ സമൂഹ്യപ്രവര്‍ത്തനങ്ങളേയും സേവനപദ്ധതികളേയും ശ്ലാഘിച്ചുകൊണ്ട് പ്രസംഗിച്ച അദ്ദേഹം നഗരാധികൃതരുടെ പേരില്‍ നന്ദിയും അറിയിക്കുകയുണ്ടായി. 

സുപ്രസിദ്ധ സിനിമാതാരം മാതു ആയിരുന്നു പരിപാടികളിലെ വിശിഷ്ടാതിഥി. അവര്‍ അവതരിപ്പിച്ച കുച്ചിപ്പുഡി നൃത്തം കാണികളുടെ മനം കവര്‍ന്നു. കാര്‍ത്തിക് രാമലിംഗത്തിന്റെ നേതൃത്വത്തില്‍, അന്തരിച്ച സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന്റെ സംഗീതസപര്യയെ ആദരിച്ചുകൊണ്ടു നടത്തിയ പരിപാടിയിലെ യുവഗായകര്‍ അവരുടെ സ്വരമാധുരിയാല്‍ ശ്രദ്ധേയരായി. 

സ്വരമുദ്ര ഡാന്‍സ് അക്കാഡമിയിലെ സുജാതാ സുരേഷ് ചിട്ടപ്പെടുത്തിയ, കേരളത്തനിമയാര്‍ന്ന നൃത്തവിഭവം കലാപരിപാടികളിലെ മികച്ച ഇനങ്ങളിലൊന്നായിരുന്നു. റോയ് പിള്ളയുടെ നേതൃത്വത്തില്‍ റോസ്മി ബിന്‍സ്, രാഖി പിള്ള, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പാടിയ മ്യൂസിക്കല്‍ മെഡ്ലി കാണികളെ പുതിയ വിസ്മയങ്ങളിലേക്കെത്തിച്ചു. 

ലേഡീസ് ഡാന്‍സ്, കുട്ടികളുടെ സ്‌കിറ്റ്, ആണ്‍കുട്ടികളുടെ ചില്ലര്‍ പാര്‍ട്ടി, പെണ്‍കുട്ടികളുടെ ബോളിവുഡ് ഡാന്‍സ്, ശ്രീകുമാര്‍ ശിവന്‍ സംവിധാനം ചെയ്ത സ്‌കിറ്റ് എന്നിവയും കലാപരിപാടികളിലെ ശ്രദ്ധേയമായ ഇനങ്ങളായിരുന്നു. അസോസിയേഷന്‍ നടത്തുന്ന മലയാളം ക്ലാസ്സുകളില്‍ മികച്ച നേട്ടം കൈവരിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ മുതിര്‍ന്ന അംഗം ജോയ് ഉടുമ്പന്നൂര്‍ വിതരണം ചെയ്തു. 

സുനില്‍ നായരും പ്രിജി തല്‍വാറുമായിരുന്നു പരിപാടികളെ കാണികള്‍ക്കു പരിചയപ്പെടുത്തിയത്. റീമാക്സ് റിയാല്‍റ്റിയിലെ മനോജ് കരാത്തയായിരുന്നു പരിപാടികളുടെ പ്രധാന പ്രായോജകന്‍. ഹാല്‍ട്ടന്‍ മലയാളീസ് അസോസിയേഷന്‍ പ്രസിഡന്റ് ബിന്‍സ് മണ്ഡപം നേരത്തെ സ്വാഗതമാശംസിച്ച സദസ്സിനു നന്ദി പറഞ്ഞത് സെക്രട്ടറി ശിവ ചാക്കോളിയാണ്. 

 സുരേഷ് നെല്ലിക്കോട്