നീണ്ട ഒരു യാത്രയുടെ പരിസമാപ്തിയെന്നോണം നേത്രാവതി എക്‌സ്പ്രസ്സ് കാസര്‍കോട്‌ സ്റ്റേഷനില്‍ കിതച്ചു നിന്നു. ഇനി കേരളത്തിന്റെ മണ്ണിലൂടെയുള്ള യാത്ര, സുബലക്ഷ്മിയുടെ സുപ്രഭാതം കേട്ടുണരുന്ന ചില വീടുകളില്‍ വെളിച്ചം തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. മഞ്ഞു വീണ വയല്‍ ശേഖരങ്ങളിലൂടെ നെല്ലോലകള്‍ വഴഞ്ഞു മാറ്റി നടന്നു നീങ്ങുന്ന കര്‍ഷകര്‍. 

അകലെ ഏതോ ഗ്രാമത്തില്‍ നിന്നും ഒഴുകിയെത്തുന്ന തേക്കു പാട്ടിന്റെ ഈണം. വിഷുവിന്റെ വരവറിയിച്ച് കൊണ്ട് അമ്പല പറമ്പുകളിലും വഴിയരികിലും ഇലകൊഴിഞ്ഞ കൊന്നമരങ്ങളില്‍ മഞ്ഞപ്പൂക്കള്‍ പുഞ്ചിരിച്ചു നില്‍ക്കുന്നു. ഒരു അവധിക്കാലത്തിന്റെ ദുഖങ്ങളും സന്തോഷവും കൂടിച്ചേരലും പിരിമുറുക്കങ്ങളും എല്ലാം ട്രെയിനിലെ പല കോച്ചുകളിലായി ഇരിക്കുന്നവരുടെ മുഖങ്ങളില്‍ മിന്നി മറയുന്നു. 

നാട്ടിലേക്കുള്ള ഓരോ യാത്രയും നല്‍കുന്നത് ഗൃഹാതുരത്വതിന്റെ പുത്തന്‍ നോവുകളാണ്. ''ഹാവൂ, നാടൊക്കെ മാറിപ്പോയി, ഇനി നാട്ടിലൊന്നും പോയി ജീവിക്കാന്‍ പറ്റില്ലേ,'' എന്ന് ആത്മഗതം നടത്തുന്ന നഗര ജീവിക്കും ഉഴുതു മറിച്ച മണ്ണിന്റെ ഗന്ധം തരുന്നത് വല്ലാത്തോരു നൊമ്പരമാണ്, ഓടിക്കളിച്ച വഴികളിലെ പൊടിപടലങ്ങള്‍ ഇപ്പോഴും വിയര്‍പ്പില്‍ കുതിര്‍ന്നു മേനിയില്‍ പറ്റിപ്പിടിച്ച് കിടക്കുന്ന പോലെ ഒരു തോന്നല്‍.

വണ്ടി ഓരോ സ്റ്റേഷന്‍ പിന്നിടുമ്പോഴും ഓര്‍മ്മയില്‍ മിന്നിമറയുന്ന ഓരോ മുഖങ്ങളിലും പരിചിതത്വതിന്റെ ഒരു നറു പുഞ്ചിരി ഒളിഞ്ഞു നില്‍ക്കുന്നു, 'എന്താ കുട്ട്യേ, സുഖല്ലേ, കുട്ട്യോളൊക്കെ സുഖായിരിക്കുണൂലോ', അപരിചിതമായ ഒരു മുഖത്ത് നിന്നും കേള്‍ക്കുന്ന ആ സുഖാന്വേഷണത്തിന് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു സ്‌നേഹത്തിന്റെ നനവുണ്ട്. ആ മുഖങ്ങളില്‍ ഹൃദയത്തില്‍ എവിടെയോ കോറി വലിക്കുന്ന നഷ്ടപ്പെട്ട ഒരു സന്ധ്യയുടെ കണ്ണീര്‍ ചാലുകളുണ്ട്. വണ്ടിയേക്കാള്‍ വേഗത്തില്‍ പായുന്ന ചിന്തകളുടെ ചക്രങ്ങള്‍ മീനത്തിലെ വരണ്ട കാറ്റേറ്റ് സിരകളില്‍ പൊടിപടലം ഉയര്‍ത്തുന്നു.

തിരൂര്‍ കഴിഞ്ഞ് കുറ്റിപ്പുറം വരെയുള്ള യാത്രക്ക് ഒരു വേനല്‍ കുളിരുണ്ട്. സ്വന്തം മണ്ണിനെ സ്പര്‍ശിക്കാന്‍ പോകുന്ന ഒരു പ്രവാസിയുടെ നെഞ്ചിടിപ്പുകള്‍. പരീക്ഷാ ഹാളില്‍ ചോദ്യപേപ്പര്‍ കയ്യില്‍ കിട്ടിയാല്‍ അനുഭവിക്കുന്ന ഉത്ക്കണ്ഠ പോലെ ,  അല്ലെങ്കില്‍ വഴിക്കണ്ണുമായി അമ്മയെ കാത്തിരിക്കുന്ന ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയിലേക്ക് മനസ്സ് കൂപ്പു കുത്തുന്ന അവസ്ഥ. അങ്ങും ഇങ്ങും മുട്ടാത്ത കുറ്റിപ്പുറം സ്റ്റേഷനില്‍ നേത്രാവതി നിന്നു കിതക്കുമ്പോള്‍ ജീവിതം പരസ്പരം കൂട്ടി മുട്ടിക്കാന്‍ കഴിയാതെ നഗരത്തിലെ ചുട്ടുപഴുത്ത കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കിടയില്‍ ജീവിതം ഹോമിക്കാന്‍ വിധിക്കപ്പെട്ട പ്രവാസിയുടെ ഹൃദയ താളം പോലെ.

പ്ലാറ്റ്‌ഫോമില്‍ പെട്ടിയുമായി ഇറങ്ങി നില്‍ക്കുമ്പോള്‍ നഷ്ടപ്പെട്ടെന്ന് കരുതിയ രാജ്യം വെട്ടിപ്പിടിച്ച രാജാവിനെപ്പോലെ മുഖത്ത് സ്ഫുരിക്കുന്ന അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും സംതൃപ്തിയുടെയും കിരണങ്ങള്‍. 30 മിനുട്ട് ബസ്സില്‍ യാത്ര ചെയ്താല്‍ വീടെത്താമെങ്കിലും ആ അരമണിക്കൂറിന് 30 വര്‍ഷത്തിന്റെ ദൈര്‍ഘ്യമാണ്. അതിനാല്‍ കാറോ റിക്ഷയോ ആണ് അഭികാമ്യം. എത്രയും പെട്ടെന്ന് വീടെത്തണം, ഷര്‍ട്ടും പാന്റ്‌സും ഊരിയെറിഞ്ഞു തനി നാട്ടിന്‍ പുറത്തുകാരനായി ഒരു ലുങ്കിയും ഉടുത്ത് തൊടിയിലൂടെ ചുറ്റി നടക്കണം.

വെള്ള തോര്‍ത്ത് തലയില്‍ കെട്ടി വിളഞ്ഞു നില്‍ക്കുന്ന കവുങ്ങിന്‍ തോപ്പിലൂടെ  താളം പിടിച്ച് മൂവാണ്ടന്‍ മാവിലേക്ക് കല്ലെറിഞ്ഞ് മല്‍സ്യങ്ങള്‍ പുളയുന്ന പറമ്പിലെ കുളത്തില്‍ പോയി മുങ്ങി കുളിക്കണം. ''കുട്ട്യേ, നീ ഒരുപാട് യാത്ര ചെയ്തു വന്നതല്ലേ, ചായ കുടിച്ചിട്ടു പോരെ ഇനി കുളിയും തേവാരവും ഒക്കെ. ക്ഷീണല്ല്യേ കുട്ട്യേ നിനക്ക്''. ഉത്തരം കിട്ടിയില്ലെങ്കിലും വീണ്ടും വീണ്ടും അമ്മയുടെ വായില്‍ നിന്നു കേള്‍ക്കുന്ന ആ സ്‌നേഹപ്പകര്‍ച്ചകള്‍ നഗരത്തിന്റെ അസ്തിത്വ മത്സരത്തില്‍ കരിഞ്ഞുണങ്ങിയ വാത്സല്യങ്ങളുടെ പുനര്‍ജനി പോലെ. ആ വാക്കുകളുടെ നിഴല്‍കാറ്റില്‍ വീണ്ടും വീണ്ടും അലിയാനാണ് ടീപ്പോയില്‍ വച്ച ചായ ഗൗനിക്കാതെ അമ്മയുടെ മുണ്ടില്‍ തിരുപ്പിടിച്ച് നിന്നത്. 

ആ മടിയില്‍ അങ്ങിനെ എല്ലാം മറന്നു കിടക്കുമ്പോഴാണ് വീണ്ടും ചോദ്യം, ''എന്താ കുട്ട്യേ, നിന്റെ മുഖത്തൊക്കെ ഒരു കറുത്ത കുത്തുപോലെ, അമ്മക്ക് തോന്നുന്നതാണോ, കണ്ണൊന്നും ശരിക്കു കാണുന്നില്ല, ' കണ്ണ് കാണില്ലെങ്കിലും അമ്മ അത് തിരിച്ചറിഞ്ഞിരിക്കുന്നു, നഗര ജീവിതം താന്‍ പോലും അറിയാതെ കരിനിഴല്‍ വീഴ്ത്തിയ മുഖത്തെ കറുത്ത പാടുകളില്‍ ഒരമ്മയുടെ നിശ്വാസങ്ങള്‍ പതിയുന്നത് ഞാനറിയുന്നു. 'കാളിയെ കണ്ടില്ലല്ലോ അമ്മെ' വിഷയം മാറ്റാനാണ് ചോദിച്ചത്. 'നീയറിഞ്ഞില്ലേ, കാളി മരിച്ചിട്ട് ഒരു മാസാവാറായി മോനെ. രാവിലെ ഇവിടെ നിന്നും ചായ കുടിച്ച് പോയതാ, പെട്ടെന്നെന്തോ വയ്യായ്ക തോന്നി. ഹോസ്പിറ്റലില്‍ എത്തീല്ല' . ഉതിര്‍ന്നു വീഴുന്ന കണ്ണീര്‍ തുള്ളികള്‍ എന്റെ മേല്‍ പതിയാതിരിക്കാന്‍ അമ്മ മുഖം മുണ്ടിന്റെ കോന്തല കൊണ്ട് തുടക്കുന്നത് ഞാനറിഞ്ഞു.

 വീട്ടില്‍ മുറ്റമടിക്കുന്ന കാളി തള്ള, ഒരു വീട്ടുകാരിയെപ്പോലെ തന്നെ ആയിരുന്നു. അമ്മയെ പോലെ തന്നെ വീട്ടിലെ ഓരോ അംഗത്തെയും സ്‌നേഹിച്ച കാളി. രാവിലെ മൂന്നു മണിക്ക് അച്ഛനോടൊപ്പം പതിര് കുട്ടയും ചുമന്ന് അഞ്ചും ആറും കിലോമീറ്റര്‍ നടന്നു പോട്ടൂര്‍ക്കാവിലും ചമ്മിണിക്കാവിലും വേങ്ങശ്ശേരിയിലും ഒക്കെ ഉത്സവത്തിന് പോയിരുന്ന കാളിത്തള്ള. തിരിച്ചു വരുമ്പോള്‍ മത്സ്യകുട്ടയില്‍ പൊതിഞ്ഞു വച്ച ആറാം നമ്പറും പൊരിയും ഞങ്ങള്‍ കുട്ടികള്‍ക്ക് എടുത്ത് തരുമ്പോള്‍ ആ മുഖത്തെ നിര്‍വൃതിക്ക് പകരം വയ്ക്കാന്‍ ജീവിതത്തില്‍ വേറെയൊന്നിനും ആയിട്ടില്ല. ആ കാളി തള്ളയും പോയിരിക്കുന്നു, ഇനി വടക്കോറത്തെ അമ്മിക്കല്ലു പിടിച്ച് കൂനി നിന്നു കാളിത്തള്ള ചോദിക്കില്ല, 'എവടെ എന്റെ തമ്പ്രാന്‍ കുട്ടി, വല്യ ആളായല്ലോ, ആ മുഖം ഒന്ന് കാണട്ടെ' എത്ര കാലായി പോയിട്ട്, ഇവടയുള്ള വയസായോരെ ഒന്നും കാണാന്‍ തോന്നനില്ലെ? . ഞങ്ങക്ക് അങ്ങട് വന്നു കാണാന്‍ പറ്റില്ലല്ലോ, നിങ്ങളൊക്കെ വരുമ്പളല്ലേ ഞങ്ങക്കൊരു സന്തോഷം, അപ്പളല്ലേ വീടിനൊരു അനക്കൊക്കെ ഉണ്ടാവൂ.' സ്‌നേഹമുള്ള പരിഭവങ്ങളുടെ കെട്ടഴിക്കാന്‍ ഇനി കാളിത്തള്ളയില്ല. 

കിഴക്കേ പറമ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന നാലുകെട്ട്, കങ്കത്ത് വളപ്പിലെ. 'അവിടെ ഇപ്പൊ ആരാ അമ്മെ ഉള്ളത്, ' നാട്ടിലെ ഓരോ മനുഷ്യനെ കുറിച്ചും അറിയാനുള്ള ഉത്ക്കണ്ഠയായിരുന്നു. മഴക്കാലത്ത് കൈ പിടിച്ച് ഇട വഴി കടത്തിയ, പുസ്തകക്കെട്ടുകള്‍ ചുമന്ന് സ്‌കൂളില്‍ എത്തിച്ച ഓരോ മുഖങ്ങളും മനസ്സില്‍ മിന്നി മറയുകയാണ്. 'അവിടെ ആരും ഇല്ല, കുട്ട്യേ, തങ്കം എപ്പോഴെങ്കിലും ഒന്ന് വരും, വീടൊക്കെ അടിച്ച് തുടച്ച് പോകും, അപ്പുഞ്ഞന്‍ മാത്രല്ലേ ഉണ്ടായിരുന്നുള്ളൂ, അവനും പോയില്ലേ.' 'അമ്മ നെടുവീര്‍പ്പിട്ടു. ഓഹോ, അപ്പോള്‍ അപ്പുഞ്ഞേട്ടനും പോയിരിക്കുന്നു, ആര്‍ക്കും ഒരു ഭാരമാകാതെ. കല്യാണം കഴിക്കാത്ത അപ്പുഞ്ഞേട്ടന്‍. ദിവസത്തില്‍ രണ്ട് ചായയും ഒരു പാക്കറ്റ് സിഗരറ്റും അത് മാത്രമേ വേണ്ടിയിരുന്നുള്ളു. 

ആ വലിയ നാലുകെട്ടില്‍ അപ്പുഞ്ഞേട്ടന്‍ മാത്രം, പണിക്കാര്‍ ആരെങ്കിലും എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ടെങ്കില്‍ അതെടുത്ത് സ്വയം കഴിക്കും. നല്ല നിലയില്‍ കഴിയുന്ന പെങ്ങന്മാര്‍ ആരെങ്കിലും എപ്പോഴെങ്കിലും വരുമെന്നും എന്തെങ്കിലും പൈസ കൊടുക്കുമെന്നും കരുതി എന്നും ഉമ്മറത്തിണ്ണയില്‍ വഴിക്കണ്ണുമായി കാത്തിരിക്കുന്ന അപ്പുഞ്ഞേട്ടനും ആരെയും കാത്തു നില്‍ക്കാതെ പോയിരിക്കുന്നു. ഓരോ അവധിക്കാലവും നല്‍കുന്നത് നഷ്ടങ്ങളുടെ കണക്കുകളാണ്, എല്ലാവരും പിരിയുകയാണ്. മനസ്സില്‍ പൂവിട്ടു പൂജിച്ചവര്‍, ഒരു വിങ്ങലായി മനസ്സില്‍ കുടിയേറിയ ചില മുഖങ്ങള്‍, ഒരു നോട്ടത്തിലൂടെ, ഒരു തലോടലിലൂടെ സ്‌നേഹത്തിന്റെ ഒരു മഹാ സമുദ്രം മനസ്സില്‍ തീര്‍ത്തവര്‍, കിണറ്റിങ്കര കുട്ട്യോള്‍ ലീവില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞു പുഴമീനുമായി വരുന്ന ഉമ്മറിക്കയും, കാദറും, എല്ലാവരും യാത്രയായിരിക്കുന്നു. 

''വയ്യ കുട്ട്യേ, അമ്മക്ക് തീരെ, ഇരിക്കുമ്പോള്‍ കിടക്കാന്‍ തോന്നും, കിടക്കുമ്പോള്‍ തോന്നും ഇരിക്കാന്‍.' തൊണ്ണൂറിലും ഓടി നടക്കുന്ന അമ്മയുടെ സ്വകാര്യ ദുഖങ്ങളുടെ കെട്ടഴിക്കുമ്പോള്‍ എവിടെയോ ഒരു തേങ്ങല്‍ അറിയാതെ, വയ്യ, അതറിയാനുള്ള കെല്‍പ്പ് ഈ മനസ്സിനില്ല, ഈ ആയുസ്സിന്റെ പകുതി നല്‍കിയാലും ഈ മടിയില്‍ എന്നും എനിക്കിങ്ങനെ കണ്ണുമടച്ച് കിടക്കണം. 'കുട്ട്യേ, പോയി ഭക്ഷണം കഴിക്ക്, നിനക്ക് ക്ഷീണല്ല്യേ' , എന്ന ആ ഒരു ചോദ്യം ഒരായുസ്സിന്റെ മുക്കാലും നഗര സ്വാര്‍ത്ഥങ്ങളില്‍ കരിഞ്ഞുണങ്ങിയ എന്റെ മനസിന്റെ ചില്ലകളില്‍ വീണ്ടും തളിരുകളാവണം. മുഷിഞ്ഞ മുണ്ടിന്റെ കോന്തലകൊണ്ട് തുടച്ച പ്‌ളേറ്റില്‍ ഇനിയും പുത്തിരിചോറുണ്ണണം. അലസമായ മുടിയിലൂടെ വിരലോടിച്ച് 'എന്താടാ, നീ മുഴുവനും നരച്ചല്ലോ, അമ്മയേക്കാള്‍ കഷ്ടാലോ നിന്റെ മുടി' എന്ന് പറയുമ്പോള്‍ ആ മുഖത്തെ നിഷ്‌കളങ്ക ചിരി കാണണം. 

പിന്നെ ചുളിവ് വീണ ആ വയറ്റില്‍ വിരലോടിക്കണം, തന്നെ പത്തു മാസം ചുമന്ന ആ സ്‌നേഹക്കൂട്ടിലിലേക്ക് മനസ്സ് കൊണ്ട് തിരിച്ചു നടക്കണം. അപ്പോള്‍ അതുകണ്ട് കാളിത്തള്ള ദൂരെയെവിടെയോ ഇരുന്നു പറയും, ''മക്കളെ കെട്ടിച്ചു കൊടുക്കാറായി, ഇപ്പളും ഇള്ള കുട്ടിയാന്നാ വിചാരം''. അപ്പോള്‍ ഞാന്‍ അമ്മയുടെ മടിയിലേക്ക് ഒന്നുകൂടി മുഖം പൂഴ്ത്തി കണ്ണുപൊത്തി ചിരിക്കും.