'മാഷേ... നാളെ തൊട്ടു ഞാന്‍ വരൂല .. ന്റെ കല്യാണാണ്'... തല താഴ്ത്തി കൊണ്ട് അവളത് പറയുമ്പോള്‍ അബു മാഷിന്റെ മുഖത്ത് അത്ഭുതം . ഇന്നലെ വരെ ഈ ക്ലാസ്സില്‍ തുള്ളി ചാടി നടന്ന കുട്ടിയാണ് . ഇതിനകം നാലാമത്തെ കുട്ടിയാണ് ഏഴാം ക്ലാസ്സില്‍ വെച്ച് പഠനം നിര്‍ത്തി കുടുംബ ജീവിതത്തിലേക്ക് കടക്കാന്‍ പോകുന്നത്. കുട്ടികളെല്ലാം അവളെ നോക്കി ചിരിക്കുന്നുവെങ്കിലും അവളുടെ മുഖത്ത് ഭയം കലര്‍ന്ന ആശങ്കയായിരുന്നു നിഴലിച്ചിരുന്നത്.

എന്താണ് കല്യാണം ...വീട്ടില്‍ കളിച്ചു നടന്ന ഞാന്‍ നാളെ ഇനി മറ്റൊരു വീട്ടില്‍ .. കഴിഞ്ഞ മാസം അമ്മായിയുടെ മകന്റെ കല്യാണമായിരുന്നു . മണവാട്ടിയെ തേടി പോയ കൂട്ടത്തില്‍ ഞാനും പോയിരുന്നു . അന്ന് അവിടെ നിന്നും കുടിച്ച കളര്‍ വെള്ളം നിറച്ച പ്ലാസ്റ്റിക്ക് ഗ്ലാസ് പെറുക്കി കൂട്ടുന്നതിനിടെ അവിടെ നടക്കുന്ന ചടങ്ങിലൊന്നും എന്റെ ശ്രദ്ധ പോയിരുന്നില്ല.

 നിലത്തു അങ്ങിങ്ങായി കിടക്കുന്ന പ്ലാസ്റ്റിക് ഗ്ലാസ്സുകള്‍ ശേഖരിക്കുകയും , കൈ കഴുകാനായി കെട്ടി വെച്ചിരിക്കുന്ന പത്ര കഷണങ്ങള്‍ ചിത്രമുള്ളത് നോക്കി കയ്യില്‍ കരുതുകയും ചെയ്തു .പിന്നീട് എല്ലാവരും തിരികെ പോകുന്ന സമയം ജീപ്പിനുള്ളിലെ തിരക്കിലേക്ക് ഒതുങ്ങി ഇരുന്നു വീടെത്തുമ്പോഴും അറിഞ്ഞില്ല നാളെ ഞാനും ഒരു കല്യാണ പെണ്ണാണെന്ന്.

സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് കൂട്ടുകാരുമൊത്ത് കളിയും ചിരിയും തമാശയും പറഞ്ഞു കൈയ്യില്‍ വഴിയില്‍ നിന്നും പൊട്ടിച്ച മഷി തണ്ടുമായി വീടെത്തുമ്പോള്‍ അവിടെ അപരിചിതരായ രണ്ടു മൂന്ന് പേര്‍ ഉമ്മറത്തെ കോലായില്‍  ഇരിക്കുന്നു. 

എന്നെ കണ്ടതും അവര്‍ അടക്കി എന്തൊക്കെയോ പറയുന്നു .. ഞാന്‍ അതൊന്നും ശ്രദ്ധിക്കാതെ തല താഴ്ത്തി അകത്തേക്ക് പോയി . വാതിലിനു മറ പറ്റിയുമ്മ നില്പുണ്ട് . ഉമ്മയുടെ സ്ഥാനം എപ്പോഴും ആ വാതിലിനു ഇപ്പുറമാണ്. അതാണവരുടെ ലോകം. 

അന്നെ കെട്ടാന്‍ വന്നോനാ അത് .... അടുത്ത ആഴ്ച അന്റെ കല്യാണാണ് .... ഓലൊക്കെ ഇപ്പൊ അതാ അവിടെ പറയണത് ''  കല്യാണോ .. ഇന്‍ കോ ? '' ഞെട്ടല്‍ മാറാതെ ഞാന്‍ ഉമ്മയോട് ചോദിച്ചു . '' ഹാ അനക്കന്നെ .. അല്ലാണ്ടാര്‍ക്ക '' ഉമ്മ പിറു പിറുത്തു കൊണ്ട് അകത്തേത് പോയി.

നാളിതു വരെ കണ്ടിട്ടില്ലാത്ത ഒരാള്‍. അയാള്‍ക്കൊപ്പം ആയിരിക്കുമത്രേ ഇനിയുള്ള കാലമെന്റെ ജീവിതം ..... ഉമ്മ അങ്ങനെയാണ് പറഞ്ഞത് ... '' എന്തിനാണുമ്മാ കല്യാണം കഴിക്കുന്നത് ? '' ഒരിക്കല്‍ ഉമ്മയോട് അങ്ങനെ ഞാന്‍ ചോദിച്ചതാണ് . അന്നുമ്മ പറഞ്ഞു കുട്ടികള്‍ ഉണ്ടാകാനാണ് കല്യാണം കഴിക്കുന്നത് എന്ന്.

എന്റെ കുഞ്ഞു മനസ്സില്‍ നൂറു നൂറു സംശയങ്ങള്‍ നിറഞ്ഞതല്ലാതെ ഒന്നിനും ഒരു വ്യക്തമായ ഉത്തരം ലഭിച്ചില്ല ... കല്യാണം എന്തിനാണ് എന്നറിയാത്ത ഞാന്‍ കുറച്ചു ദിവസം കഴിഞ്ഞാല്‍ നവ വധുവായി മറ്റൊരു വീട്ടിലേക്കു കടന്നു ചെല്ലേണ്ടവളാണ് . ഉമ്മ അതിനു പ്രാപ്തമാക്കാനെന്നോണം വീട്ടിലെ പണികള്‍ ഓരോന്നായി പഠിപ്പിച്ചു തരാന്‍ തുടങ്ങി. ജോലി കഴിഞ്ഞു ക്ഷീണിച്ചു വീടിന്റെ പിറകു വശത്ത് മണ്ണ് കൊണ്ട് പടുത്തുയര്‍ത്തിയ ചെറിയ മതിലിനു മുകളില്‍ ഇരിക്കുകയായിരുന്നു ഞാന്‍ . പെട്ടെന്ന് പിറകില്‍ നിന്നും കിതച്ചു കൊണ്ടൊരു ശബ്ദം . '' എടീ നീ വാ ഞമ്മക്ക് കള്‍ച്ചാം '' അടുത്ത വീട്ടിലെ സുഹ്‌റയാണ് വിളിക്കുന്നത് .. കൂടെ കളിക്കാനാണ് .. കളിക്കാനായി കയ്യില്‍ കല്ലുകളുമായാണ് അവളുടെ വരവ് .... കൊത്ത കല്‍ കളിയിലെ കേമിയാണ് അവള്‍.

 ഓരോ ദിവസവും എന്റെ മഞ്ചാടി ചെപ്പിലെ മഞ്ചാടി കുരുവിനു വേണ്ടി ഞങ്ങള്‍ പന്തയം വെച്ച് കളിക്കും . പക്ഷെ എന്റെ മഞ്ചാടി ചെപ്പിന്റെ കനം കുറയുന്നത് മിച്ചം . ഇടയ്ക്കിടയ്ക്ക് കള്ള കളിയുമുണ്ട് അവള്‍ക്ക് ... കളം വരച്ചു ഓടിന്‍ കഷണമിട്ടു കളത്തില്‍ ചവിട്ടാതെ കളിക്കുന്ന കളിക്കിടെ അവള്‍ ഇടയ്ക്കു ഒളി കണ്ണിട്ടു നോക്കും. അവളെയും ഇനി പിരിയേണ്ടി വരും.

 എടീ ഇന്റെ കല്യാണാണ് ... നാളെ കൂടെ സ്‌കൂളില് പോണം .. മാഷിനോട് പറയണം ഇഞ്ഞ് വരൂലാന്ന് . ഇഞ് കളിഛാനൊന്നും പറ്റൂല ..... '' എന്റെ വിഷമം സുഹറയോട് പറയുമ്പോള്‍ തെളിഞ്ഞു നിന്ന അവളുടെ മുഖത്തു കരി നിഴല്‍ വീഴുന്നത് കാണാമായിരുന്നു 
അവളൊരു നിമിഷം മൂകമായി എന്റെ അരികില്‍ ആ കളിമണ്‍ തിട്ടയില്‍ ചേര്‍ന്നിരുന്നു. 

അവളുടെ ഉത്സാഹമെല്ലാം ചോര്‍ന്നു പോയിരിക്കുന്നു . എന്റെ അഭാവം അവളെ ഏകാന്തതയിലേക്കു തള്ളി വിടുമെന്ന കാര്യത്തില്‍ സംശയമില്ല . ഉള്ളിലെ സങ്കടങ്ങളെല്ലാം പരസ്പരം പങ്കു വെച്ച് തൊടിയിലേക്കു കണ്ണ് നട്ടിരിക്കുമ്പോള്‍, തൊടിയുടെ മൂലയില്‍ അടുപ്പിലെ ചാരം സൂക്ഷിക്കാന്‍ ഉണ്ടാക്കിയിരിക്കുന്ന കുഴിയില്‍ നിന്നും ഒരു കോഴി കൂവി കൊണ്ട് എങ്ങോട്ടോ പോയി.

ഞങ്ങള്‍ ഇരുവരും ആ കുഴിയുടെ സമീപത്ത് ചെല്ലുമ്പോള്‍ അതിനകത്തു ഒരു മുട്ട . കോഴി മുട്ടയിട്ടു അതറിയിക്കാന്‍ വിളിച്ചു കൂവിയതാകണം . മുട്ടയെടുത്തു കൈ വെള്ളയില്‍ വെക്കുമ്പോള്‍ നല്ല ഇളം ചൂടുണ്ട് അതിന് . '' എങ്ങനാടി ഈ കൊഴിയൊക്കെ മുട്ടയിടുന്നെ ?..ചോദ്യം സുഹറയുടേതാണ് .... ഇതേ ചോദ്യം എന്റെയും മനസ്സില്‍ കുറേ നാളായി ഉണ്ടായിരുന്നു .... അത് പോലെ ഒരിക്കല്‍ ഉമ്മയോട് ഞാന്‍ ചോദിക്കേം ചെയ്തു എങ്ങനാ ഉമ്മ എന്നെ പ്രസവിച്ചത് .. ഉമ്മ മുഖം കറുപ്പിച്ചു തിരിഞ്ഞു പോകുമ്പോള്‍ എന്റെ ചോദ്യം അത്ര മാത്രം വെറുക്കപ്പെടേണ്ടതാണോ എന്ന് ഞാന്‍ മനസ്സില്‍ ചോദിച്ചു . 

'' എടീ .. അനക്കറിയോ .. എങ്ങനാ കോഴി മുട്ടയൊക്കെ ഇടണത് ന്ന് ? '' സുഹ്റ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു . '' ആ .. അതിപ്പോ പെട കോഴി ആണേല്‍ ഇടും .. പൂവന്‍ ആണേല്‍ ഇടൂല ... '' എന്റെ നിഷ്‌കളങ്കമായ മറുപടിയില്‍ അവള്‍ തൃപ്തയായിരുന്നില്ല . ഞാനോ അവളോ ഇത്തരം കാര്യങ്ങളില്‍ അജ്ഞരായിരുന്നു . അല്‍പ സമയം എന്റെ കൂടെ ചിലവഴിച്ചു കളിയും കഴിഞ്ഞു സുഹ്റ മടങ്ങിയ ശേഷം മദ്രസയിലേക്ക് പോകാന്‍ പുസ്തകവുമായി ഞാന്‍ ഒരുങ്ങി നടക്കുമ്പോള്‍ പിറകില്‍ നിന്നും വീണ്ടും സുഹറയുടെ ശബ്ദം . '' എടീ ... നിക്ക് ... ഞാനും ഇണ്ട് '' . അവള്‍ കിതച്ചു കൊണ്ട് എന്റെ അരികിലേക്ക് ഓടി വന്നു . അവളെ ഒറ്റക്ക് കണ്ട സംശയത്തില്‍ ഞാന്‍ ചോദിച്ചു . '' സുഹറാ .. അന്റെ ഒപ്പം മദ്രസക്കു പോണ കദീജ എബടെ ?  '' ആ ഓളോട് ഓള്‍ടെ ഇമ്മ പോണ്ടാന്ന് പറഞ്ഞു .. ഓള്‍ക്ക് മുസ്ഹഫ് തൊടാന്‍ പറ്റൂലത്രേ ... ഓള്‍ക് വയസ്സറീച്ചെന്നു ഓള്‍ടെ ഇമ്മ പറഞ്ഞു .. എത്താ അങ്ങനെ പറഞ്ഞാല് ? .. '' '' ആ .. ഇനിക്കെങ്ങനെ അറിയാ ... ഇജ്ജ് ബേം ബാ .. ഇപ്പ തന്നെ നേരം കൊറേ ആയി .

'കുട്ടിനെ കെട്ടിച്ചോടത്തിന്നു സ്‌കൂള്‍ക്ക് പോകോ' അബു മാഷാണ് . ഇന്നലെ നടന്ന കല്യാണ നിശ്ചയത്തെ കുറിച്ചും മറ്റും ചിന്തിച്ചു നിശബ്ദയായി ഇരുന്ന ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത് മാഷിന്റെ ഗംഭീരമായ ശബ്ദം കേട്ടാണ് . ക്ലാസ്സിലെ പെണ്‍ കുട്ടികളുടെ എണ്ണം കുറയുന്നത് തെല്ലാശങ്കയോടെയാണ് മാഷ് നോക്കി കാണുന്നത് . വീട്ടിലെ പട്ടിണിയില്‍ നിന്നും , സ്‌കൂളിലെ ഉച്ച കഞ്ഞി കൊണ്ട് ഒരു വയറെങ്കിലും രക്ഷിക്കാമെന്നു കരുതിയാണ് മിക്ക മാതാപിതാക്കളും മക്കളെ സ്‌കൂളിലേക്ക് അയക്കുന്നത്.

മാഷിന്റെ ചോദ്യം കേട്ട് ഇന്നലെ നടന്ന എന്റെ കല്യാണ നിശ്ചയത്തെ കുറിച്ചുള്ള ചിന്തകളില്‍ നിന്നും ഞാന്‍ ഉണര്‍ന്നു. '' അറിയൂല മാഷെ ... എന്നോട് ആരും ഒന്നും പറഞ്ഞീല .. ചോയ്ച്ചീല '' എന്റെ നിസ്സഹമായ മറുപടി കേട്ടാകണം മാഷ് മറുത്തൊന്നും പറഞ്ഞില്ല . കൂട്ടുകാരികളോടെല്ലാം യാത്ര പറഞ്ഞു അവരെ കല്യാണത്തിന് ക്ഷണിച്ചു ഞാന്‍ മടങ്ങും നേരം ഒരിക്കല്‍ കൂടി ഞാന്‍ എന്റെ ക്ലാസ് മുറിയിലേക്കും സ്‌കൂളില്‍ മുറ്റത്തേക്കും കണ്ണ് പായിച്ചു . ഇന്നലെ വരെ ഓടി നടന്ന ഈ അങ്കണത്തിലെ വൃക്ഷങ്ങള്‍ക്കും , ചെടികള്‍ക്കും അതിലെ അഥിതികളായ പക്ഷികള്‍ക്കും ഇനി മുതല്‍ ഞാന്‍ ഒരു അപരിചത മാത്രം . കൂട്ടത്തില്‍ ഞാന്‍ നട്ട ചെടിയുമുണ്ട് . അതിന്റെ കവിളില്‍ തലോടി ഞാന്‍ മടങ്ങുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയുണ്ട് . കളിപ്പാട്ടം നഷ്ടപ്പെട്ട കുരുന്നിന്റെ വേദന പോലെ .


വീട്ടില്‍ കല്യാണ പന്തല്‍ ഒരുങ്ങി . മുള വടികള്‍ നാട്ടിയും, ഓല മെടഞ്ഞതു കൊണ്ട് മേച്ചും തണല്‍ വിരിച്ച മുറ്റത്തിനകത്ത് അങ്ങിങ്ങായി മേശകളും കസേരകളും നിരത്തി വെച്ചിരിക്കുന്നു . കുട്ടികളെല്ലാം ഓടി നടക്കുന്നുണ്ട് അവിടെയെല്ലാം . മണവാട്ടിയായ എന്റെ കയ്യിന്റെ ഉള്ളനടിയില്‍ മയിലാഞ്ചി കൊണ്ട് കനത്തില്‍ കളം വരച്ചിട്ടുണ്ട് . വിരലില്‍ മയിലാഞ്ചി കൊണ്ട് തന്നെ പുതച്ചു വെച്ചിട്ടുമുണ്ട് . പക്ഷെ മുഖത്തു മണവാട്ടിയുടെ ഭാവം വരുന്നില്ലത്രേ ... അതെങ്ങനെയെന്ന് അറിയില്ല ... ശ്രദ്ധിച്ചിട്ടില്ല ..... സ്‌കൂള്‍ ദിവസം തന്നെ ആയത് കൊണ്ട് ഉച്ച സമയത് സ്‌കൂളില്‍ നിന്നും കുട്ടികളും മാഷുമാരുമൊക്കെ കല്യാണത്തിന് പങ്കെടുക്കാന്‍ വന്നിട്ടുണ്ട് . പുത്തന്‍ സാരിയുടുത്ത് അണിഞ്ഞു നില്‍ക്കുന്ന എന്നെ കണ്ടു അവരില്‍ പലര്‍ക്കും അസൂയ തോന്നുന്നുവെന്ന് പറയുമ്പോഴും ആ സ്‌കൂള്‍ യൂണിഫോമില്‍ അവരുടെ കൂടെ സ്‌കൂളിലേക്ക് ഓടി പോകുവാനാണ് മനസ്സ് പറഞ്ഞത് .

സുഹറയും അവര്‍ക്കിടയിലുണ്ട് . പന്തലിനകത് നിന്ന് കിട്ടുന്ന വസ്തുക്കളെല്ലാം ഒക്കത്തെടുത്ത് കൊണ്ട് അവള്‍ അവിടെയെല്ലാം ഓടി നടക്കുന്നു. കൂടെ എന്റെ മനസ്സും ...... പുതിയ വീട്ടിലെത്തി ...ഭര്‍ത്താവിന്റെ വീട് .... കാഴ്ച ബംഗ്ലാവില്‍ വന്ന കുട്ടിയുടെ കൗതുകത്തോടെയാണ് ഞാന്‍ അവിടെ വീക്ഷിച്ചത് .. ആരൊക്കെയോ വന്നു പരിചയപ്പെടുന്നുണ്ട് . അവര്‍ പരിചയപ്പെടുത്തുമ്പോഴും എന്റെ കണ്ണില്‍ എല്ലാവര്‍ക്കും ഒരേ രൂപം . ചിലര്‍ എന്റെ അണിഞ്ഞ ആഭരണങ്ങള്‍ കുറിച്ച് സംവാദത്തിലാണ് . ചിലര്‍ക്ക് എന്റെ സൗന്ദര്യത്തെ കുറിച്ചുമാണ് സംസാരിക്കാനുള്ളത് . ആളുകളെല്ലാം പോയി തിരക്കൊഴിഞ്ഞു .. മണവാട്ടിയായി എന്നെ ഒരു മുറിയില്‍ കൊണ്ടിരുത്തി എല്ലാവരും പിരിഞ്ഞു പോയി.

ഭയമാണ് ഉള്ളില്‍ .... ഓര്‍മ വെച്ച നാളിനിപ്പുറം ഉമ്മയുടെ ചൂട് പറ്റാതെ ഞാന്‍ കിടന്നിട്ടില്ല . ആ മുറിക്കപ്പുറമൊരു ലോകവും എനിക്ക് സമാധാനം നല്‍കിയിരുന്നില്ല . ഇന്നിപ്പോള്‍ മറ്റൊരു വീട്ടില്‍ മറ്റൊരു മുറിയില്‍ ഉമ്മയില്ലാതെ ... '' ഉറങ്യോ ?.. '' കതകിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ അവിടെ നിന്നും അയാള്‍ .. ഭര്‍ത്താവ് ... പുയ്യാപ്ല ... അയാള്‍ അടുത്തേക്ക് വരുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടി . ഭയം കൊണ്ട് വിറച്ചു നില്‍ക്കുന്ന എന്നരികില്‍ അയാള്‍ വന്നിരുന്നു .. ഒന്നോ രണ്ടോ നോട്ടമേ കണ്ടിട്ടുള്ളു ഞാന്‍ ... ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല ഇത് വരെ .... '' കെടന്നോളു ..... '' എന്നോട് കിടക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് അയാള്‍ മുറിക്കകത്തു എരിഞ്ഞിരിക്കുന്ന റാന്തല്‍ വിളക്കൂതി കെടുത്തി. 

ഇരുട്ടിന്റെ മറവില്‍ അയാള്‍ വസ്ത്രം മാറുന്നത് ഞാന്‍ കണ്ടു . കട്ടിലിന്റെ ഒരു ഭാഗത്ത് ചുരുണ്ടു കൂടി കിടക്കുന്ന എന്റടുക്കലേക്ക് അയാള്‍ വരുന്നത് ഇരുട്ടിലും ഞാന്‍ കണ്ടു .... അയാളുടെ കൈകള്‍ എന്നെ പുണര്‍ന്നു .. കുതറി മാറാന്‍ ശ്രമിക്കുമ്പോഴും അത് കൂടുതല്‍ ശക്തിപ്പെടുന്നതായി തോന്നി ... അയാളുടെ മീശ രോമങ്ങള്‍ എന്റെ കവിളില്‍ തറക്കുമ്പോള്‍ ബീഡിയുടെ രൂക്ഷ ഗന്ധം. ഇടക്ക് അടി വയറ്റില്‍ അസഹ്യമായ വേദനയില്‍ ഞാന്‍ പുളയുമ്പോള്‍ കൈകള്‍ കൊണ്ട് എന്റെ ശബ്ദം തടയാന്‍ അയാള്‍ കവചം സൃഷ്ടിച്ചു .

 ഇടക്കെപ്പോഴോ എന്നെ വിട്ടു അയാള്‍ തളര്‍ന്നുറങ്ങുമ്പോള്‍ അസഹ്യമായ വേദനയില്‍ ശബ്ദം പുറമെ കേള്‍പ്പിക്കാതെ കരയുകയായിരുന്നു ഞാന്‍. ക്ഷീണം കാരണമാകാം കണ്ണുകള്‍ അടഞ്ഞു നിദ്രയിലാണ്ടത് ഞാന്‍ അറിഞ്ഞത് പുലര്‍ച്ചെ പള്ളിയില്‍ നിന്നുമുള്ള ബാങ്ക് വിളി കേട്ടാണ് . ഉമ്മ പറഞ്ഞു തന്നത് പോലെ കുളിച്ചു പ്രാര്‍ഥനയെല്ലാം കഴിഞ്ഞു ചൂലുമെടുത്ത് മുറ്റത്തിറങ്ങി മുറ്റമടിച്ചു.

 അടുക്കളയില്‍ ഭര്‍ത്താവിന്റെ ഉമ്മയെ സഹായിച്ചു .വീടിനകം തുടക്കാന്‍ വേണ്ടിയാണ് വീണ്ടും ഞാന്‍ മണിയറയിലേക്ക് ചെന്നത് .. ഇന്നലെ രാത്രി സമ്മാനിച്ച ഭീതി പെടുത്തുന്ന ഓര്‍മ്മകള്‍ കാരണം അതിനകത്തേക്ക് കയറാന്‍ തന്നെ വല്ലാത്ത ഭയം. കട്ടിലില്‍ അയാള്‍ കിടന്നുറങ്ങുകയാണ് ... മനസ്സ് കൊണ്ട് ഇന്നും ഒരു അപരിചിതനെ പോലെയാണ് അയാള്‍ . അയാളുടെ ഉറക്കം നഷ്ടപ്പെടുത്താതെ അവള്‍ പതുക്കെ ശബ്ദം ഉണ്ടാക്കാതെ മുറി തൂത്തു വൃത്തിയാക്കുന്നതിനിടെ അവളുടെ കയ്യിലൊരു കൈ അമര്‍ന്നു അവളെ പിടിച്ചു വലിച്ചു.

 അയാള്‍ ..... ഇന്നലെ രാത്രി തന്നെ വേദനിപ്പിച്ച കാട്ടാളന്‍ ... ഭര്‍ത്താവാണത്രേ ....... എന്നാല്‍ ഇപ്പോള്‍ ആ കണ്ണുകളില്‍ സിനിമകളില്‍ കാണുന്ന നായകന്റെ തിളക്കം .. ചുണ്ടില്‍ പുഞ്ചിരി അലങ്കരിച്ചിരിക്കുന്നു .കഴിഞ്ഞയാഴ്ച ടി വി യില്‍ കണ്ട സിനിമയിലെ നടന്‍ വിന്‍സന്റിനെ പോലെ ... ഇയാള്‍ തന്നെയാണോ അയാള്‍ ?... ഇന്നലെ രാത്രി കണ്ട ആ മുഖത്തിനെന്ത് പറ്റി ... എന്നെ കെട്ടി പുണര്‍ന്നു കൊണ്ട് ചുംബിക്കുമ്പോള്‍ ആദ്യമായി എന്റെ മുഖത്തു നാണം വിരിഞ്ഞിരിക്കുന്നു... നാണം കൊണ്ട് ആ കണ്ണുകളിലേക്കു നോക്കാന്‍ എനിക്ക് കഴിഞ്ഞി ... ആ കൈകളില്‍ നിന്നും കുതറി മാറി ഞാന്‍ ഓടുമ്പോള്‍ ഒളി കണ്ണിട്ടു ഞാന്‍ ആ മുഖത്തേക്ക് നോക്കി.

ദിവസങ്ങള്‍ മാസങ്ങളോട് കിന്നാരം പറഞ്ഞു പോയി . എന്റെ അടി വയറ്റില്‍ ഒരു പുതു നാമ്പ് മൊട്ടിട്ടു . നിറവയര്‍ ചുമന്നു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്കു ബസ്സിറങ്ങുമ്പോള്‍ അപ്പുറത്തുള്ള സ്‌കൂളില്‍ നിന്നും കുട്ടികളുടെ ശബ്ദം കേള്‍ക്കാം . എന്റെ ക്ലാസ്സിന്റെ ജനലിനു ചേര്‍ന്ന വഴിയിലൂടെ വീട്ടിലേക്കു നടക്കുമ്പോള്‍ അബു മാഷിന്റെ ശബ്ദം ക്ലാസ്സില്‍ മുഴങ്ങുന്നത് കേള്‍ക്കാം . കുട കൊണ്ട് മുഖം മറച്ചു ആ വഴിയിലൂടെ ഞാന്‍ പോകുമ്പോഴും എന്റെ കണ്ണും മനസ്സും ആ ക്ലാസ്സിലെ എന്റെ ബെഞ്ചിലായിരുന്നു .