modiറോയ് പാനികുളം 2016 നവംബര്‍ 8 ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യദിനം. കള്ളപ്പണക്കാരെ തുടച്ചു നീക്കി നവഭാരതം കെട്ടിപ്പടുക്കുവാനുള്ള ആദ്യ കാല്‍ വെയ്പ്പ്. അന്നേ ദിവസം ഏതാണ്ട് പാതിരാത്രിക്ക് ശേഷം ഉറങ്ങികിടന്നിരുന്ന എല്ലാ ഇന്ത്യാക്കാരുടെയും ദേശഭക്തി സടകുടഞ്ഞെഴുന്നേറ്റു. റേഡിയോ,ടിവി ഇത്യാതി കുണ്ട്രാമണ്ടി വാര്‍ത്താവിനിമയ സാമഗ്രികളില്‍ ദേശഭക്തി ഗാനങ്ങള്‍ അലയടിച്ചുയര്‍ന്നു. ഉടന്‍ മൈക്കിലൂടെ പുതിയ പ്രഖ്യാപനം വന്നു. ഇന്ത്യാമഹാരാജ്യം വളര്‍ന്ന് അമേരിക്കയുടെ തൊട്ടടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു.ഇന്ത്യയും അമേരിക്കയുമായി കേവലം കുറച്ചു ഇഞ്ചുകളുടെ വ്യത്യാസം മാത്രം. അതിനു മുന്നോടിയായി ആദ്യം നമ്മള്‍ ചെയ്യേണ്ടത് സമയക്രമം മാറ്റുക എന്നുള്ളതാണ്. അതുകൊണ്ട് ഇനിമുതല്‍ പാതിരാത്രി ഇന്ത്യയില്‍ സൂര്യനുദിക്കുമെന്നും ആ നിമിഷം മുതല്‍ ഇന്ത്യയില്‍ ഇരുട്ട് നീങ്ങി വെളിച്ചം വീശുമെന്നും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

(എന്ന് സ്വന്തം വിധേയന്‍ പ്രധാനമന്ത്രി ഒപ്പ്). നൂറുകോടിയില്‍പ്പരം വരുന്ന ഭാരതീയര്‍ക്ക് ആനന്ദലബ്ധിക്കിനിയെന്തുവേണം?. അവരുടെ ആത്മാഭിമാനം ആകാശസീമകള്‍ ചാടിക്കടന്ന്,ഉദിച്ചു നില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രന്റെ കിറിക്കിട്ടു കുത്തി തിരിച്ചു വന്നു. ഇന്ത്യയുടെ ജനപെരുപ്പം കുറയ്ക്കുവാനും ,ഇന്ത്യ അതിവേഗം വളര്‍ന്ന് ഒരു വികസിത രാഷ്ട്രമെന്ന പദവിയില്‍ എത്തിച്ചേരുവാനും ഈ പാവം പയ്യന്‍സിന്റെ ബുദ്ധിയില്‍ ഉരുത്തിരിഞ്ഞു വന്ന കുറച്ചു ക്ഷേമരാഷ്ട്രസങ്കല്പങ്ങള്‍ വായനക്കാരായ നിങ്ങളുമായി പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നു. ഫീസായി കുറച്ചു ചില്ലറ തന്നാല്‍ മതി.

അപ്പോള്‍ കാര്യത്തിലേക്ക് കടക്കാം .... ഒന്ന്. ഈ ഇന്ത്യാമഹാരാജ്യത്തെ ഒരു കോര്‍പ്പറേറ്റു കമ്പനിയായി പ്രഖ്യാപിക്കുക.ഉണ്ടും തിന്ന്,മുണ്ടും കീറി നടക്കുന്ന എല്ലാ കൊപ്പിരാട്ടി ദരിദ്ര നാരായണന്മാരുടെയും വസ്തുവഹകള്‍ ജപ്തിചെയ്ത് കമ്പനിയിലേക്ക് മുതല്‍ക്കൂട്ടുക. പ്രഖ്യാപനം പതിവുപോലെ പാതിരാത്രി കഴിഞ്ഞ് മതി. അപ്പോഴാവുമ്പോള്‍ പ്രതിഷേധവും,ചാനല്‍ ചര്‍ച്ചയും നഹി.... നഹി. നേരം ഇരുട്ടി വെളുക്കുമ്പോള്‍ ഓരോ ഭാരതീയനും ആ കമ്പനിയിലെ ജോലിക്കാരായി മാറുന്നു.എല്ലാവര്‍ക്കും ജോലി,എല്ലാവര്‍ക്കും വരമ്പത്ത് തന്നെ കൂലി.

ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ്.ഇടതുപക്ഷം സ്വപ്നം കണ്ട സോഷ്യലിസം,BJPയുടെ രാമരാജ്യം,ക്രിസ്ത്യാനികളുടെ ദൈവരാജ്യം എന്നിങ്ങനെ എല്ലാ വിഭാഗത്തിന്റെയും സ്വപ്നങ്ങള്‍ ഒറ്റ രാത്രികൊണ്ട് പൂവണിയും. ഇടതുപക്ഷവും വലതുപക്ഷവും നാമാവശേഷമാകും. 

ഇന്ത്യാക്കാരെല്ലാം അവരുടെ സ്ഥാവരജങ്കമവസ്തുക്കളെല്ലാം ചുമലിലേറ്റി വില്ലേജോഫീസില്‍ വന്നു ക്യൂ നില്‍ക്കട്ടെ. ക്യൂ നില്‍ക്കാന്‍ ആദ്യമേ പരിശീലിപ്പിച്ചതുകൊണ്ട് ക്യൂ നിന്നു ദയവായി ആരും മരിക്കരുത്. ഇനിയും ജപ്പാനില്‍ പോയി കുഴലൂതി രസിപ്പിക്കാന്‍ വയ്യ..വയ്യാഞ്ഞിട്ടാണ്....അതുകൊണ്ടാ... ക്യൂ നില്‍ക്കുവാന്‍ വരുന്നവര്‍ മനസ്സില്‍ ദേശസ്‌നേഹം ആവോളം കരുതിയിരിക്കണം.അങ്ങനെയെങ്കില്‍ അവര്‍ കൊള്ളുന്ന മഴയും വെയിലും അവര്‍ക്ക് പുഷ്പവൃഷ്ടിയായി അനുഭവപ്പെടും. 

അങ്ങനെ ക്യൂ നില്‍ക്കുന്നവര്‍ അവരവരുടെ വീടിന്റെ ആധാരം കയ്യില്‍ കരുതേണ്ടതാണ്. ആധാരവും മറ്റു കൊസ്രാകൊള്ളി രേഖകളും ആപ്പീസിലെ ഏമാന്മാര്‍ ഒത്തുനോക്കി ശരിയാണെങ്കില്‍,അതെല്ലാം പുതിയ കമ്പനിയിലേക്ക് വസൂലാക്കുന്നതാണ്. ദമ്പിടി കയ്യിലില്ലാത്ത അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണി ക്കാരും രാജ്യത്തിന് വേണ്ടി തീയില്‍ ചാടിയോ,വെള്ളത്തില്‍ ചാടിയോ, നാടിനുവേണ്ടി ജീവത്യാഗം ചെയ്യട്ടെ.... അങ്ങനെ വരുമ്പോള്‍ പിച്ചക്കാരും, തെണ്ടികളും,പട്ടിണിപ്പാവങ്ങളും ഒറ്റയടിക്ക് ഇഹലോകവാസം വെടിയും. 

പിച്ചക്കാരില്ലാത്ത ഇന്ത്യ...പട്ടിണിപ്പാവങ്ങള്‍ ഇല്ലാത്ത ഇന്ത്യ.ഓരോ ഭാരതീയനും സ്വപ്നം കണ്ട ഇന്ത്യ. ഓര്‍ക്കുമ്പോള്‍ ശരീരത്തിലെ ഓരോ രോമകൂപങ്ങളും എഴുന്നേറ്റുനിന്നു സല്യുട്ടടിക്കുന്നത് പൊലെ തോന്നുന്നുണ്ടോ?. മൂന്ന്. അങ്ങനെ നമ്മള്‍ തൊഴിലില്ലായ്മ തുടച്ചു നീക്കി,പട്ടിണിപ്പാവങ്ങളെ തുടച്ചു നീക്കി. ഇനി വേണ്ടത്,രാഷ്ട്രപുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിത്തും വളവും പാകുന്ന ജോലിയാണ്. വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടുന്ന ജോലിയാണ് അത്.അതിനു നമ്മള്‍ ആദ്യം കുടുംബം ഉപേക്ഷിക്കണം. കുടുംബം ഉപേക്ഷിക്കുമ്പോള്‍ നമുക്ക് ഒത്തിരി ഗുണങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും തരമാകുന്നതാണ്.ജീവിതചെലവ് ചുരുങ്ങും, ചിന്താശേഷി വളരും.

പിന്നെയുമുണ്ട് പരോക്ഷമായ നിരുപദ്രവകരങ്ങളായ ഒത്തിരി ഒത്തിരി ഗുണങ്ങള്‍. അതെല്ലാം എണ്ണി...എണ്ണിപ്പറയാന്‍ സമയമില്ല. ഇന്നത്തെ നിത്യനിദാന ചിലവുകള്‍ക്കായി ദേശസ്‌നേഹത്തോടെ ക്യൂ നിന്ന് കുറച്ച് അഞ്ഞൂറും ആയിരവും മാറ്റി ചില്ലറയാക്കണം. അത് കൊണ്ട് പറഞ്ഞു വന്നത് എന്താണെന്നുവച്ചാല്‍,ഇനിമുതല്‍ ഒരറിയിപ്പുണ്ടാകുന്നത് വരെ നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ രാഷ്ട്രത്തിന്റെ പൊതു സ്വത്തായിരിക്കും. ആ പൈസ ലഭിക്കണമെങ്കില്‍ നിങ്ങള്‍ ക്യു നില്‍ക്കണം. ബിവറേജസിനു മുന്നിലും നിങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമ കാണുവാനും നിങ്ങള്‍ ക്യു നില്‍ക്കുന്നില്ലേ?. അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ക്ഷമയോടെ നമുക്കുവേണ്ടി കാവല്‍ നില്‍ക്കുന്നില്ലേ?. ഇനിമുതല്‍ ഓരോ ഭാരതീയനും ദേശസ്‌നേഹിയായിരിക്കണം. 

ഇനിയുമുണ്ട് നെടുനെടുങ്കന്‍ നിത്യനൂതന ആശയങ്ങള്‍... ദേശസ്‌നേഹമില്ലാത്തവരെ തെരഞ്ഞു പിടിച്ചു ചാട്ടവാറു കൊണ്ട് അടിക്കാം.അടി കൊണ്ട് മുറിഞ്ഞ സ്ഥലത്ത് ഉപ്പു തേച്ചു കൊടുക്കാം.അറുത്ത കൈക്ക് ഉപ്പു തേക്കാത്തവന്‍ എന്ന ചീത്തപ്പേരു ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഇതോടെ അത് മാറികിട്ടും. കയ്യില്‍ ചാപ്പ കുത്തിയത് മായ്ച്ചു കളഞ്ഞു വീണ്ടും പൈസ എടുക്കാന്‍ വരുന്നവരുടെ കാല് തല്ലി ഒടിക്കാം. 

ക്യു നില്‍ക്കുന്നവരുടെ ചെവിയില്‍ വേദം ഓതാം.(പട്ടാളക്കാരന്റെ വിഷമങ്ങള്‍,സിനിമ കാണാന്‍ ക്യു നില്‍ക്കുന്നവരുടെ മനോവ്യാപാരങ്ങള്‍ അങ്ങനെ എന്തുമാകാം) വെയിലത്ത് ക്യു നിന്നു ക്ഷീണിച്ചവര്‍ക്ക് ഗോമൂത്രം കൊടുക്കാം. ക്യു നില്‍ക്കുമ്പോള്‍ തിക്കിത്തിരക്ക് ഉണ്ടാക്കുന്നവരുടെ മുഖത്തേക്ക് ചാണകവെള്ളം തളിക്കാം. ക്യു നിന്നു മടുക്കുമ്പോള്‍ അടുത്തു നില്‍ക്കുന്നവന്റെ കിറിക്കിട്ടു കുത്താം, ജാതി തിരിച്ചു ക്യു നിര്‍ത്തി സാമുദായിക സ്പര്‍ദ്ധ വളര്‍ത്താം. തമ്മില്‍ത്തല്ലി ചവുന്നവര്‍ക്ക് സൌജന്യമായി സാരോപദേശം നല്‍കാം. ക്ഷേമരാഷ്ട്രസങ്കല്പങ്ങള്‍ ഇനിയുമുണ്ട് കയ്യില്‍ .... ആദ്യം ഇത് നടപ്പിലാക്കി പൊതുജനങ്ങളെ ഒരു വഴിക്കാക്കട്ടെ....കൂടിയാല്‍ അമ്പതു ദിവസം.അതുമതി. അതിനുശേഷം അടുത്ത കളികള്‍ തുടങ്ങാം... സോഷ്യലിസം നീണാള്‍ വാഴട്ടെ. പ്രധാനമന്ത്രി നീണാള്‍ വാഴട്ടെ.