പുട്ടിന് പഴം തന്നെ വേണമെന്ന കൊച്ചുമോന്റെ വാശി കണ്ടിട്ടാണ്.....വല്യമ്മച്ചി ഒരു രൂപയുടെ ഒറ്റ നാണയം ഏടുത്ത് ആ വള്ളി നിക്കറുകാരന് കൊടുത്തത്. എന്റെ പൊന്നു മക്കളു പോയ് പഴം വാങ്ങിട്ടു വാ....എന്നു പറഞ്ഞു വിട്ടു.

അന്ന് ഒരു രൂപയ്ക്ക് നാലു പഴമെങ്കിലും കിട്ടുമായിരുന്നു.അതും വാങ്ങി ഒറ്റ ഓട്ടം ആയിരുന്നു....കുട്ടപ്പന്‍ ചേട്ടന്റെ കടയിലേയ്ക്ക്. നല്ല മഞ്ഞ നിറത്തിലുള്ള തൂക്കിയിട്ടിരുന്ന പൂവന്‍ പഴക്കുലയായിരിന്നു മനസ്സു നിറയെ. അത്‌കൊണ്ടാണ് കുട്ടപ്പന്‍ ചേട്ടന്റെ കടയ്ക്ക് മുന്നിലുള്ള സ്ലാബ് പാലത്തില്‍ കാല്‍ വഴുതിയത്.കൈലുണ്ടായിരുന്ന ആ ഒറ്റരൂപ നാണയം ഉരൂണ്ടുരുണ്ട് വെള്ളത്തിലേക്ക് പോകുന്നത് നോക്കി നില്‍ക്കാനെ ആ കുഞ്ഞു മനസ്സിനായുള്ളു.

കിടന്ന കിടപ്പില്‍ തന്നെ അവന്‍ ആര്‍ത്തു കരഞ്ഞു.ആദ്യംഓടി വന്നതും പിടിച്ചെഴുന്നേല്‍പ്പിച്ചതും വല്യമ്മച്ചി തന്നെയാണ്.പിന്നാലെ വന്ന അച്ഛന്‍ തല്ലാനായി പിടിച്ചതും ല്യമ്മച്ചി വട്ടം ചുറ്റിപിടിച്ചു പറഞ്ഞു..''എന്റെ കൊച്ചിനെ തല്ലരുത്!അമ്മയാണിവനെ വഷളാക്കുന്നത്..... അച്ഛന്റെ പതിവു പല്ലവി.പിന്നീട് കുട്ടപ്പന്റെ കടയില്‍ നിന്നും പഴവും വാങ്ങി തിരിച്ചുവരുമ്പോള്‍ അവന്‍ ചോദിച്ചു... വല്യമ്മച്ചീ....ഈ ആറ്റില്‍ പോയ പൈസ എല്ലാം എവിടെ പോകും.വല്യമ്മച്ചി പറഞ്ഞു..''മോനേ ഇതുപോലുള്ള പൈസാ എല്ലാം ദൈവം വന്നെടുത്തിട്ടു പോകും.

വല്യമ്മച്ചി മരിച്ച് സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ കമ്പിളിപ്പുതപ്പ് തരും... ആ പൈസക്ക്''.സ്വര്‍ഗത്തില്‍ എന്തിനാ കമ്പിളിപുതപ്പ്.!അവന്റെ കുഞ്ഞു മനസ്സിന്റെ സംശയം തീരുന്നില്ല.അവിടെ ഭയങ്കര തണുപ്പല്ലേ...അവനെ ഒരുവിധം പറഞ്ഞു സമാധാനിപ്പിച്ചു..... വല്യമ്മ. 

ദൈവം ആരെന്നോ സ്വര്‍ഗം എന്തെന്നോ കമ്പിളിപ്പുതപ്പ് എന്തന്നോ അവനന്ന് റിയില്ലായിരുന്നു.അറിയുന്നത് തണുപ്പ് മാത്രം....അതും വല്യമ്മച്ചിയെ കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍ മാറുന്ന തണുപ്പ്.പക്ഷേ വല്യമ്മച്ചി പോയി  അതുകൊണ്ടാണ് പഴത്തിനായി അച്ഛന്‍ തന്ന നാണയത്തുട്ടുകള്‍ അവന്‍ ആറ്റിലേയ്ക്ക് എറിഞ്ഞു കളഞ്ഞത്....വല്യമ്മച്ചിക്ക് നല്ലൊരു കമ്പളിപ്പുതപ്പ് കിട്ടാന്‍.....