ദുബായ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ്ഖലീഫക്ക് ശേഷം മോഹിപ്പിക്കുന്ന മറ്റൊരു കെട്ടിട ഘടന യാഥാര്‍ത്ഥമ്യമാക്കാനൊരുങ്ങി ദുബായ്. കറങ്ങുന്ന കെട്ടിടമാണ് ദുബായുടെ പുതിയ പദ്ധതി. 2006ല്‍ ഡൈനമിക് ടവര്‍ എന്ന പേരില്‍ വരുന്ന പ്രഖ്യാപനം നടത്തിയ ഈ പദ്ധതി 2020 ഓടെ യാഥാര്‍ത്ഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ നിര്‍മ്മാണം നടത്തുന്ന ഡൈനമിക് ആര്‍കിടെക്ച്ചര്‍ എന്ന കമ്പനിയാണ് കെട്ടിടം 2020 ല്‍ തുറന്ന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 360 ഡിഗ്രിയില്‍ കറങ്ങാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. സ്വതന്ത്രമായി തിരിയുന്നതോടൊപ്പം നിര്‍ദ്ദേശങ്ങള്‍ നല്‍കി ഏത് ഭാഗത്തേക്കാണോ അപ്പാര്‍ട്ട്‌മെന്റ് തിരിയേണ്ടതെന്ന് അഡ്ജസ്റ്റ് ചെയ്ത് വെക്കാനും സാധിക്കും.

കെട്ടിടം സ്വന്തമായി വൈദ്യുതിയും ഉത്പാദിപ്പിക്കും. ഓരോ നിലകള്‍ക്ക് താഴേയും വിന്റ് ടര്‍ബൈനുകളുണ്ട്. ഈ  ടര്‍ബൈനുകളാണ് കെട്ടിടത്തിന് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കുക. സ്വിമ്മിംഗ് പൂളുകള്‍, പൂന്തോട്ടങ്ങള്‍, അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്യാനുള്ള ലിഫ്റ്റ് തുടങ്ങിയവയെല്ലാം ഈ ടവറിലുണ്ടാകും.

ഇതിന്റെ ഓരോ യൂണിറ്റിനും ഏകദേശം 3 കോടി ഡോളര്‍ ചിലവാണ് കണക്കാക്കുന്നത്. 80 നിലയുള്ള കെട്ടിടത്തിന് 1.2 മില്ല്യന്‍ സ്‌ക്വര്‍ ഫീറ്റ് വിസ്തൃതിയും 420 മീറ്റര്‍ ഉയരവുമാണ് ഉണ്ടാവുക. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ആദ്യത്തെ 4 ഡി അംബരചുംബിയായി ഇത് മാറും.