ദുബായ്: രണ്ടു പതിറ്റാണ്ടായി യു.എ.ഇയിലെ മാധ്യമ സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന വി.എം. സതീഷ് (54) അന്തരിച്ചു. ബുധനാഴ്ച രാത്രി അജ്മാനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ എത്തിയ സതീഷിന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവന്റെയും തങ്കമ്മയുടെയും മകനായ സതീഷ്  ബോംബേ  ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒമാന്‍ ഒബ്‌സര്‍വര്‍ പത്രത്തില്‍ നിന്നാണ് യു.എ.ഇയില്‍ എത്തുന്നത്. എമിറേറ്റ്‌സ് ടുഡേ, സെവന്‍ ഡേയ്‌സ്, എമിറേറ്റ്‌സ്, 24*7, ഖലീജ് ടൈംസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. 

ഏതാനും മാസമായി മലയാളം പോര്‍ട്ടലുകള്‍ ആരംഭിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഗള്‍ഫിലെ തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ ഒട്ടനവധി വാര്‍ത്തകളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. 

റിപ്പോര്‍ട്ടുകള്‍ 'ഡിസ്‌ട്രെസ്സിങ് എന്‍കൗണ്ടേഴ്‌സ്' എന്ന പേരില്‍ സമാഹരിച്ച് പുസ്തകമാക്കിയിരുന്നു. ഭാര്യ: മായ. മക്കള്‍: ശ്രുതി, അശോക് കുമാര്‍.  മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും.