അബുദാബി: യു.എ.ഇ.യിൽ ചിത്രീകരണം നടക്കുന്ന ബോളിവുഡ് താരം സൽമാൻഖാന്റെ സിനിമയായ ‘ടൈഗർ സിന്ദാ ഹേ’യുടെ സെറ്റിലേക്ക് അബുദാബിയിലെ ഉന്നത ഉദ്യോഗസ്ഥരെത്തി. അബുദാബിയിലെ ടു ഫോർ ഫിഫ്റ്റി ഫോറും യഷ് രാജ് ഫിലിമും സംഘടിപ്പിച്ച പരിപാടിയിലാണ് പ്രമുഖർ പങ്കെടുത്തത്.
 
എനർജി അതോറിറ്റി ചെയർമാൻ ശൈഖ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഹമദ്, എക്സിക്യുട്ടീവ് കൗൺസിൽ അംഗം ഡോ. ഫഹദ് മാത്തർ അൽ നയാദി, എക്സിക്യുട്ടീവ്  കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് ഡയറക്ടർ ജനറൽ സെയ്ഫ് അൽ ഹജേരി,  സാമ്പത്തിക വികസന വകുപ്പ് ചെയർമാനും എക്സിക്യുട്ടീവ്  കൗൺസിൽ അംഗവുമായ മുഹമ്മദ് നജം അൽ ഖുബൈസി, എക്സിക്യുട്ടീവ് കൗൺസിലിന്റെ വൈസ് ചെയർമാൻ ഓഫീസ്  ഡയറക്ടർ ഹുമൈദ് അൽ മൻസൂരി, ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫീസ് ഡയറക്ടർ  മറിയം അൽ മിഹിരി തുടങ്ങിയവർ സംബന്ധിച്ചു.
 
അലി അബ്ബാസ് സഫർ സംവിധാനംചെയ്ത ‘ഏക് താ ടൈഗർ’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ‘ടൈഗർ സിന്ദാ ഹേ’. അലി അബ്ബാസ് സഫർ തന്നെയാണ്  രണ്ടാംഭാഗത്തിന്റെയും സംവിധായകൻ. സൽമാൻ ഖാൻ, കത്രീന കൈഫ് എന്നിവരാണ്  പ്രധാന താരങ്ങൾ. അബുദാബിയിലെ ഏറ്റവുംദൈർഘ്യമേറിയ സിനിമാപദ്ധതിയാണിത്. 65 ദിവസത്തെ ഷെഡ്യൂളും ഇന്ത്യ, യു.എസ്, യു.കെ, മിന എന്നിവിടങ്ങളിൽനിന്ന് മുന്നൂറോളം  സാങ്കേതികപ്രവർത്തകരും അബുദാബിയിലുണ്ട്. 
 
പ്രമുഖ ഹോളിവുഡ്, ബോളിവുഡ് ഫീച്ചർ ഫിലിമുകളും ജനപ്രിയ ടി.വി. പരിപാടികളും നിർമിക്കാൻപറ്റിയ സ്ഥലമായി മാറുകയാണ് അബുദാബിയെന്ന് ടു ഫോർ ഫിഫ്റ്റി ഫോറിന്റെയും അബുദാബിയിലെ മീഡിയ സോൺ അതോറിറ്റിയുടെയും സി.ഇ.ഒ. ആയ  മറിയം അൽ മിഹിരി പറഞ്ഞു. ടൈഗർ സിന്ദാ ഹേയുടെ സെറ്റിലെ കൗതുകകരമായ കാഴ്ചകൾ അബുദാബിയിലെ ഉന്നത ഉദ്യോഗസ്ഥരെ കാണിക്കാൻകഴിഞ്ഞതിലും സൽമാൻ ഖാനെ അബുദാബിയിൽ കൊണ്ടുവരാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന്‌ മറിയം അൽ മിഹിരി കൂട്ടിച്ചേർത്തു. 
 
അബുദാബിയിൽ ചിത്രീകരിക്കുന്ന സിനിമകൾക്ക് അബുദാബി ഫിലിം കമ്മിഷന്റെ 30 ശതമാനം റിബേറ്റ് നൽകുന്നുണ്ട്. നിർമാണത്തിനാവശ്യമായ എല്ലാസഹായവും ഫിലിം ആൻഡ് ടി.വി. സർവീസസ് ഡിവിഷനും ടു ഫോർ ഫിഫ്റ്റി ഫോറും ചേർന്നുനൽകും. ഖലീഫ വ്യവസായമേഖലയിൽ 20,000 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ ടു ഫോർ ഫിഫ്റ്റി ഫോറും യാഷ് രാജ് ഫിലിംസും ചേർന്ന് ‘ടൈഗർ സിന്ദാ ഹേ’ എന്ന ചിത്രത്തിനുവേണ്ടി സെറ്റുകൾ പണിഞ്ഞിട്ടുണ്ട്.  ഡിസംബർ 22-ന് ചിത്രം റിലീസ് ചെയ്യും.