ദുബായ്: രണ്ട് ദിവസമായി രാജ്യത്ത് തുടരുന്ന പൊടിക്കാറ്റ് തിങ്കളാഴ്ചയോടെ ശക്തിപ്പെട്ടു. ദൂരക്കാഴ്ച കുറച്ചുകൊണ്ട് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞത് വാഹന ഗതാഗതത്തെയും കാര്യമായി ബാധിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലും പൊടിക്കാറ്റ് തുടരുമെന്നും പലയിടങ്ങളിലും ചെറിയ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ദുബായില്‍ ഗ്ലോബല്‍ വില്ലേജ് അടച്ചിട്ടു. സന്ദര്‍ശകരുടെയും ജീവനക്കാരുടെയും സുരക്ഷ മാനിച്ചാണിതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ വിശദീകരിച്ചു. എന്നാല്‍, ചൊവ്വാഴ്ച നാല് മണിയോടെ പഴയപോലെ സന്ദര്‍ശകരെ സ്വീകരിച്ചുതുടങ്ങും.
 
പൊടിക്കാറ്റിനെത്തുടര്‍ന്ന് ദൂരക്കാഴ്ചാ പരിധി കുറയുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാണിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞദിവസം മുന്നറിയിപ്പ് ഇറക്കിയിരുന്നു. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാല്‍ ആളുകള്‍ വാദികളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും തിരകള്‍ ശക്തിപ്പെടുമെന്നതിനാല്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 25 മുതല്‍ 35 കി.മീറ്റര്‍ വരെ വേഗതയില്‍ തിങ്കളാഴ്ചപകല്‍ കാറ്റ് വീശിയടിക്കുമെന്നും രാത്രിയോടെ ഗതിമാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

ചൂട് അല്‍പം കൂടിയിരുന്നെങ്കിലും കാലാവസ്ഥാമാറ്റം കാരണം ചൊവ്വാഴ്ചയോടെ തണുപ്പ് വീണ്ടും അനുഭവപ്പെട്ടു തുടങ്ങും. താപനില നാല് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനിടയുണ്ട്. തിങ്കളാഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് റാസല്‍ഖൈമയിലെ ജബലുല്‍ ജെയ്‌സിലാണ്. 14.5 ഡിഗ്രി സെല്‍ഷ്യസ്. ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണ് രാജ്യത്ത് കാലാവസ്ഥാ മാറ്റത്തിന് ഇടയാക്കുന്നത്. അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്നിട്ടുണ്ട്. അബുദാബി നഗര പരിസരത്തും വടക്കന്‍ എമിറേറ്റുകളിലും മഴ ചാറിയിരുന്നു.