അബുദാബി: അബുദാബിക്കാര്‍ക്ക് ഏറെ സുപരിചിതമായ പേരും മുഖവുമാണ് ജെയിംസ് സൈമണ്‍ ഗോമസ് എന്ന ജെയിംസ് അച്ചായന്റേത്. അരനൂറ്റാണ്ട് പിന്നിടുന്ന പ്രവാസത്തിനുശേഷം തിരുവനന്തപുരം മുരിക്കുമ്പുഴി സ്വദേശിയായ ജെയിംസ് അച്ചായന്‍ നാട്ടിലേക്ക് മടങ്ങുകയാണ്.

1967-ല്‍ മുംബൈയില്‍നിന്ന് 'എസ്.എസ്.ദംറ' എന്ന കപ്പലില്‍ ദുബായ് തീരത്തെത്തിയതുമുതലുള്ള കഥകളുണ്ട് ജെയിംസിന്റെ ഓര്‍മകളില്‍ ഇന്നും മായാതെ. നാട്ടില്‍ പട്ടാളത്തില്‍ സേവനം കഴിഞ്ഞ് ഐ.ടി.ഐ.യില്‍ മാസം 97 രൂപ ശമ്പളത്തില്‍ ജോലിചെയ്യുമ്പോഴാണ് ഗള്‍ഫില്‍ പോകണമെന്ന ചിന്തയുണ്ടായത്. നാട്ടിലൊരുമാസം കിട്ടുന്ന പണം ഗള്‍ഫിലെ ജോലിക്ക് ഒരുദിവസം കിട്ടുമെന്ന സുഹൃത്തിന്റെ വാക്കായിരുന്നു പ്രചോദനം. തുടര്‍ന്ന് ഗള്‍ഫ് മോഹവുമായി മുംബൈയിലേക്ക്. കപ്പല്‍ കയറുന്നതിനായി ഒരുമാസത്തോളം കാത്തിരിക്കേണ്ടിവന്നു. കപ്പലില്‍ ആവശ്യത്തിന് യാത്രക്കാരാവാനുള്ള കാലതാമസമാണിത്.
 
ബസ്രയിലേക്കുള്ള കപ്പലായിരുന്നു അത്. യാത്രയാരംഭിച്ചപ്പോഴും കടല്‍ക്ഷോഭംമൂലം പാകിസ്താനോടുചേര്‍ന്ന ക്വറ്റ തീരത്ത് കപ്പലടുപ്പിക്കേണ്ടിവന്നു. വീണ്ടും യാത്ര. വര്‍ക്ഷോപ്പ്, ട്രാന്‍സ്‌പോര്‍ട്ട് കമ്പനി എന്നിവിടങ്ങളിലെല്ലാം ജോലി നോക്കി. അടുത്ത അഞ്ചുവര്‍ഷം അബുദാബി ഡിഫന്‍സില്‍ ഉദ്യോഗം. നാട്ടിലെ പട്ടാളത്തിലെ സേവനം ഇവിടെ ഡിഫന്‍സില്‍ ജോലി എളുപ്പത്തില്‍ ലഭിക്കാനുള്ള കാരണങ്ങളിലൊന്നായി. തുടര്‍ന്ന് അബുദാബി പെട്രോളിയം കമ്പനിയില്‍ 20 വര്‍ഷം ജോലിചെയ്തു. 25 വര്‍ഷമായി അബുദാബിയില്‍ ബിസിനസ് നടത്തുകയാണ്. ഭാര്യ നഴ്‌സായ പെട്രീഷ്യ ജെയിംസ്, മകള്‍ ഡോ. എഡ്‌ന, ബിസിനസ് നടത്തുന്ന മകന്‍ ബിജു ജെയിംസ്, മരുമകന്‍ ഡോ. സെബാസ്റ്റ്യന്‍, മരുമകള്‍ ഡോ. ബീന എന്നിവരടങ്ങുന്നതാണ് കുടുംബം.

അമ്പതുവര്‍ഷത്തിനിടയില്‍ യു.എ.ഇ.യിലെ ഒരുപാട് ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനായിട്ടുണ്ട് ജെയിംസിന്. സ്വദേശികളുടെ സ്‌നേഹവും ആതിഥ്യമര്യാദയും ഒരുപാടുതവണ അനുഭവിക്കാന്‍ കഴിഞ്ഞതായി ജെയിംസ് പറയുന്നു.

അക്കാലത്ത് പാസ്‌പോര്‍ട്ടോ താമസരേഖകളോ കൈയിലില്ലാതെ പോലീസ് പിടിയിലായ 300 പേരുടെ ജീവിതമറിയാം ജെയിംസിന്. ഇവരെ നാടുകടത്താനായിരുന്നു പോലീസിന്റെ നീക്കം. എന്നാല്‍, അവര്‍ മൂന്നുവര്‍ഷം ഇവിടെ താമസിക്കട്ടേയെന്നാണ് ശൈഖ് സായിദ് ഇതിനോട് പ്രതികരിച്ചത്. മൂന്നുവര്‍ഷത്തിനകം അവര്‍ക്ക് ആവശ്യമായ രേഖകള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍മാത്രം നാടുകടത്തിയാല്‍ മതിയെന്നും ഉത്തരവിട്ടു. അവിചാരിതമായി മുന്നില്‍പ്പെടുന്നവര്‍ക്ക് കൈയയച്ച് സഹായംചെയ്യുന്ന ഭരണാധികാരിയായിരുന്നു ശൈഖ് സായിദ്. രണ്ടുതവണ ജെയിംസിന് ശൈഖ് സായിദിന്റെ കൈയില്‍നിന്ന് അന്നത്തെ കറന്‍സിയായ 500 റിയാല്‍ ലഭിക്കാനും ഭാഗ്യമുണ്ടായി. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പേരില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു സംവിധാനം നാട്ടിലൊരുക്കലാണ് 83 വയസ്സുള്ള ജെയിംസിന്റെ പദ്ധതി. നല്ല ആശയങ്ങളുമായെത്തുന്നവര്‍ക്ക് അതിനായി തന്റെ അരയേക്കര്‍ സ്ഥലം നല്‍കാനും ഒരുക്കമാണ്. മാര്‍ച്ച് 20-ന് ജെയിംസ് നാട്ടിലേക്ക് മടങ്ങും.