ഷാര്‍ജ: സംഗീതത്തിന്റെ അകമ്പടിയോടെ വര്‍ണവിസ്മയമൊരുക്കി ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ തുടങ്ങി. ഏറ്റവും പുതിയ സാങ്കേതികതയുപയോഗിച്ച് വെളിച്ചത്തോടൊപ്പം സംഗീതവും വിന്യസിച്ച് എമിറേറ്റിന്റെ സ്വത്വവും പാരമ്പര്യവും വിളിച്ചോതുന്ന ദൃശ്യങ്ങളാണ് ആദ്യ ദിവസം ലൈറ്റ് ഫെസ്റ്റിവെല്‍ നല്‍കിയത്. ഡോ. സുല്‍ത്താന്‍ ആല്‍ ഖാസിമി സെന്റര്‍ ഫോര്‍ ഗള്‍ഫ് സ്റ്റഡീസിലായിരുന്നു ഉദ്ഘാടനപരിപാടി.

അറിവ്, ശാസ്ത്രം, സാംസ്‌കാരികം എന്നീ മേഖലകളില്‍ ഷാര്‍ജയുടെ പ്രാമുഖ്യം വിളിച്ചോതുന്നതാണ് ലൈറ്റ് ഫെസ്റ്റിവെലിലെ ഓരോ കാഴ്ചയും. മിന്നിത്തിളങ്ങുന്ന ലക്ഷക്കണക്കിന് ദീപങ്ങളാണ് ഷാര്‍ജയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വര്‍ണമഴ ചൊരിയുന്നത്. സായിദ് വര്‍ഷാചരണം പ്രമാണിച്ച് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ അപൂര്‍വചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്. 10 രാജ്യങ്ങളില്‍ നിന്നുള്ള 24 കലാകാരന്മാരാണ് ഈ വര്‍ഷം വെളിച്ചത്തിന്റെ മേള ചമയിച്ചൊരുക്കിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം 700,000 പേരാണ് ലൈറ്റ് ഫെസ്റ്റിവെല്‍ കാണാനെത്തിയത്. മേള എട്ടാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ സാംസ്‌കാരിക നഗരമെന്ന നിലയിലും വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലും ഷാര്‍ജ ലോകശ്രദ്ധ നേടുകയാണെന്ന് ഷാര്‍ജ ടൂറിസം വിഭാഗം ചെയര്‍മാന്‍ ഖാലിദ് ജാസിം അല്‍ മിദ്ഫ പറഞ്ഞു. എമിറേറ്റിലെ 18 സ്ഥലങ്ങളിലായാണ് മേള നടക്കുന്നത്. യൂണിവേഴ്‌സിറ്റി സിറ്റി ഹാള്‍, പോലീസ് അക്കാദമി, ഖാലിദ് ലഗൂണ്‍, ഖോര്‍ഫക്കാന്‍ മുനിസിപ്പാലിറ്റി, ദി ഹൗസ് ഓഫ് ജസ്റ്റിസ്, ദി ഹാര്‍ട് ഓഫ് ഷാര്‍ജ, ഷാര്‍ജ അല്‍ ഹിസന്‍ ഫോര്‍ട്ട് എന്നിവിടങ്ങളെല്ലാം വെളിച്ചവിസ്മയം ആസ്വദിക്കാം. ഈ മാസം 17 വരെയാണ് ലൈറ്റ് ഫെസ്റ്റിവെല്‍.

പ്രവൃത്തിദിനങ്ങളില്‍ വൈകീട്ട് ആറുമുതല്‍ രാത്രി പതിനൊന്നുവരെയും വാരാന്ത്യങ്ങളില്‍ വൈകീട്ട് ആറുമുതല്‍ അര്‍ധരാത്രി 12 വരെയുമാണ് വര്‍ണക്കാഴ്ചകള്‍ അരങ്ങേറുക.