മസ്കറ്റ്: ഒമാനില്‍ ആസ്ബസ്റ്റോസ് ഇറക്കുമതി നിരോധിച്ച് വാണിജ്യവ്യവസായ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ആസ്ബസ്റ്റോസ് ഉപയോഗം ആരോഗ്യപ്രശ്നങ്ങളും സുരക്ഷാകുറവും ഉണ്ടാക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. നിയമലംഘകര്‍ 500 ഒമാനി റിയാല്‍ പിഴയടക്കേണ്ടിവരും. കുറ്റകൃത്യം ആവര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷ ഇരട്ടിയാകും.
സിലിക്കേറ്റ് ധാതുക്കളുടെ വിഭാഗത്തില്‍പ്പെടുന്ന ആസ്ബസ്റ്റോസിന്റ സ്ഥിരമായ സാമീപ്യം വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് പഠന റിപ്പോര്‍ട്ടുകളുണ്ട്. ആസ്ബസ്റ്റോസ് ഉപയോഗം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാനും സുരക്ഷാക്കുറവിനും ഇടയാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂനിയന്‍, ആസ്ത്രേലിയ, ഹോങ് കോങ്, ജപ്പാന്, ന്യൂസീലന്‍ഡ് എന്നീ രാഷ്ട്രങ്ങള്‍ നേരത്തെതന്നെ ആസ്ബസ്റ്റോസ് ഉപയോഗം നിരോധിച്ചിരുന്നു.
രാജ്യത്തെ താത്കാലിക കെട്ടിടങ്ങളിലടക്കം വലിയ തോതില്‍ ആസ്ബസ്റ്റോസ് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. താരതമ്യേന ചെലവുകുറഞ്ഞ ആസ്ബസ്റ്റോസ് ഷീറ്റുകളാണ് നിര്‍മാണ കമ്പനികള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമായ ധാതുക്കളുടെ സാന്നിധ്യമുള്ളതിനാല്‍ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നതല്ല ഈ ഉത്പന്നങ്ങളെന്ന് വ്യവസായ, വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.