ദുബായ്: ശൈഖ് സായിദ് റോഡില്‍നിന്ന് ഒരൊറ്റ ദിവസം നീക്കം ചെയ്തത് 30 കിലോ സിഗററ്റ് കുറ്റികള്‍. പുതുതായി രംഗത്തിറക്കിയ ശുചീകരണ ഉപകരണം ഉപയോഗിച്ചാണ് തൊഴിലാളികള്‍ ഇത്രയും സിഗററ്റ് കുറ്റികള്‍ നീക്കിയത്. ഇത്തരത്തിലുള്ള 40 ഉപകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കിയതായും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

സിഗററ്റ് കുറ്റികള്‍ക്ക് പുറമെ, ചെറുവലിപ്പത്തിലുള്ള ചവറുകളും ഇതുവഴി നീക്കം ചെയ്യാനാകും. പുല്‍ത്തകിടികള്‍, ഇടുങ്ങിയ മൂലകള്‍ തുടങ്ങിയവയില്‍ നിന്ന് എളുപ്പം ചവറുകള്‍ ശേഖരിക്കാനാകുമെന്നതാണ് പ്രത്യേകത. റോഡുകള്‍ക്ക് പുറമെ, മെട്രോ സ്റ്റേഷനുകളിലും ഗതാഗത സിഗ്നലുകളിലുമൊക്കെ ഇവ ഉപയോഗപ്പെടുത്താനാകും. എമിറേറ്റിലെ നിരത്തുകളിലെ സിഗററ്റ് കുറ്റികള്‍ പൂര്‍ണമായും നീക്കം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് ശൈഖ് സായിദ് റോഡില്‍ സിഗററ്റ് കുറ്റികള്‍ ശേഖരിച്ചത്.

സിഗററ്റ് വലിച്ച് കുറ്റികള്‍ പൊതുനിരത്തില്‍ തള്ളുന്ന രീതി ഒഴിവാക്കണമെന്ന് മുനിസിപ്പാലിറ്റിയിലെ 'സ്‌പെഷലൈസ്ഡ് ക്ലീനിങ്' വിഭാഗം മേധാവി യാഖൂബ് അല്‍ അലി പറഞ്ഞു. കുറ്റികള്‍ പൊതുസ്ഥലത്ത് വലിച്ചെറിയുന്നവര്‍ക്ക് 500 ദിര്‍ഹമാണ് പിഴ.