ദുബായ്: പതിനായിരങ്ങള്‍ വിലവരുന്ന വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായി രണ്ടാമത് മോഡേണ്‍ വിമന്‍ ഷോ ദുബായില്‍ ആരംഭിച്ചു. പരമ്പരാഗത വസ്ത്രങ്ങള്‍ മുതല്‍ പുതിയ കാലത്തെ ഫാഷന്‍ തരംഗങ്ങള്‍ വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ സബീല്‍ ഹാള്‍ നാലില്‍ അണിനിരത്തിയിരിക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് ഈ വസ്ത്രങ്ങളുമായി പ്രശസ്ത ഡിസൈനര്‍മാര്‍ അവതരിപ്പിക്കുന്ന ഫാഷന്‍ ഷോയും അരങ്ങേറുന്നു. ഓരോ മണിക്കൂര്‍ ഇടവിട്ടാണ് ഫാഷന്‍ ഷോ.

ഇന്ത്യയില്‍നിന്നുള്ള വസ്ത്രങ്ങളും മേളയില്‍ ഏറെ ശ്രദ്ധ നേടുന്നു. ബെംഗളൂരുവില്‍ നിന്നുള്ള ഡിസൈനര്‍ സക്കീന അഹമ്മദ് ഇത് രണ്ടാംവര്‍ഷമാണ് മേളയ്ക്ക് എത്തുന്നത്. 60,000 ദിര്‍ഹം വരെ വിലയുള്ള വസ്ത്രങ്ങളാണ് സക്കീന ഡിസൈന്‍ ചെയ്ത് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മേള നല്‍കിയ ആത്മവിശ്വാസമാണ് ഇത്തവണയും എത്താനുള്ള പ്രേരണയെന്ന് അവര്‍ പറയുന്നു. ഇന്ത്യയിലും വിവാഹത്തിനും വിശേഷാവസരങ്ങള്‍ക്കുമെല്ലാമായി പത്ത് ലക്ഷവും അതിന് മുകളിലുമൊക്കെയുള്ള വസ്ത്രങ്ങള്‍ ഇപ്പോള്‍ ഇഷ്ടം പോലെ വിറ്റുപോകുന്നുണ്ടെന്ന് സക്കീന പറയുന്നു. നോയിഡയില്‍ നിന്നുള്ള രാജ്ദീപ് റാണാവത്തും ഇന്ത്യയുടെ വസ്ത്ര പെരുമ ദുബായില്‍ അവതരിപ്പിക്കുന്നുണ്ട്.

സുമാന്‍സാ എക്‌സിബിഷന്‍സിന്റെ നേതൃത്വത്തിലുള്ള മേള ദുബായ് മീഡിയാ ഓഫീസിലെ ഡയറക്ടര്‍ ജനറല്‍ മോണാ അല്‍ മര്‍റി ഉദ്ഘാടനംചെയ്തു. റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ആന്‍ഡ് പ്രമോഷന്‍ സെന്റര്‍ മേധാവി മജീദാ അലി റാഷിദും ചടങ്ങില്‍ സംബന്ധിച്ചു. മേള 22-ന് ശനിയാഴ്ച സമാപിക്കും. രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെയാണ് സമയം. പ്രവേശനം സൗജന്യം.