ദുബായ്: മലപ്പുറത്ത് വി.കെ. കുഞ്ഞാലിക്കുട്ടിയുടെ മിന്നുന്ന വിജയം ആഘോഷമാക്കി പ്രവാസലോകത്തെ അനുഭാവികളും. കെ.എം.സി.സി, ഇന്‍കാസ് എന്നിവയുടെ നേതൃത്വത്തില്‍ യു.എ.ഇ.യിലെ വിവിധ കേന്ദ്രങ്ങളിലായി മധുര വിതരണവും ആഘോഷവും നടന്നു. പതിവുപോലെ, പ്രത്യേകം പറഞ്ഞ് തയ്യാറാക്കിച്ച പച്ച ലഡുതന്നെയായിരുന്നു കെ.എം.സി.സി.ക്കാര്‍ വിതരണം ചെയ്തത്.

പച്ചനിറത്തിലുള്ള വസ്ത്രവും തലയില്‍കെട്ടുമായി എത്തിയ ലീഗ് അനുഭാവികള്‍ മാര്‍ക്കറ്റുകളിലടക്കം ലഡു വിതരണം ചെയ്തു. ദുബായ് കറാമ മാര്‍ക്കറ്റിലെ ലീഗ് അനുഭാവികള്‍ സ്വദേശികള്‍ അടക്കമുള്ളവര്‍ക്ക് പച്ച ലഡു നല്‍കി. 1,300 ലഡ്ഡുവാണ് ഇവിടെ വിതരണത്തിനെത്തിയിരുന്നത്.

ദുബായ് കെ.എം.സി.സി.യുടെ അല്‍ ബറാഹ ആസ്ഥാനത്തും സന്തോഷസൂചകമായി ലഡ്ഡുവിതരണം ഉണ്ടായിരുന്നു. മലപ്പുറത്ത് ഐക്യജനാധിപത്യമുന്നണിയുടെ വിജയം കേരളത്തിന്റെ മതേതര മഹിമയുടെ വിളംബരമാണെന്ന് ആക്ടിങ് പ്രസിഡന്റ് എന്‍.കെ. ഇബ്രാഹിം, ആക്ടിങ് ജന. സെക്രട്ടറി ഇസ്മയില്‍ അരൂക്കുറ്റി എന്നിവര്‍ പറഞ്ഞു. ഷാര്‍ജ, ഫുജൈറ തുടങ്ങിയയിടങ്ങളിലും മധുരവിതരണമുണ്ടായിരുന്നു. ഇന്‍കാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ.സി. അബൂബക്കറിന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചു. ഷാര്‍ജ റോളയില്‍ കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ പച്ചലഡ്ഡു വിതരണം ചെയ്തു.

മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയം മോദിക്കും പിണറായിക്കുള്ള 'ഷോക്ക് ട്രീറ്റ്‌മെന്റ്' ആണെന്ന് ഇന്‍കാസ് യു.എ.ഇ. സെക്രട്ടറി ജനറല്‍ പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. മതേതരത്വത്തിനും ജനാധിപത്യത്തിനും ലഭിച്ച ഉജ്ജ്വല വിജയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.