ദുബായ്: ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാരുള്ള വിമാനത്താവളമെന്ന പദവി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം നിലനിര്‍ത്തി. 2016-ലെ കണക്കുകള്‍പ്രകാരം 'എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍' (എ.സി.ഐ.) ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. യാത്രക്കാരുടെ മൊത്തം എണ്ണത്തില്‍ ദുബായിക്ക് മൂന്നാംസ്ഥാനമാണുള്ളത്.

8.3 കോടി അന്താരാഷ്ട്ര യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം ദുബായ് വിമാനത്താവളം വഴി കടന്നുപോയത്. 2015-നെ അപേക്ഷിച്ച് 7.2 ശതമാനത്തിന്റെ വര്‍ധന. ലണ്ടനിലെ ഹീത്രു, ഹോങ് കോങ്, സിങ്കപ്പൂര്‍ വിമാനത്താവളങ്ങളെ പിന്തള്ളിയാണ് ദുബായ് ഇന്റര്‍നാഷണല്‍ ഒന്നാംസ്ഥാനത്തെത്തിയത്. അന്താരാഷ്ട്ര വിമാനങ്ങളെ വിദേശരാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കേന്ദ്രമാണ് ദുബായ് എന്നും എ.സി.ഐ. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവുംകൂടുതല്‍ യാത്രക്കാര്‍ കടന്നുപോയ വിമാനത്താവളമെന്ന സ്ഥാനം ഹാര്‍ട്‌സ് ഫീല്‍ഡ് ജാക്‌സണ്‍ അറ്റ്‌ലാന്റ ഇന്റര്‍നാഷണലിനാണ്. ബീജിങ് വിമാനത്താവളമാണ് രണ്ടാംസ്ഥാനത്ത്. ഇരു വിമാനത്താവളങ്ങളിലും 2016-ല്‍ യഥാക്രമം 10.4 കോടി, 9.4 കോടിവീതം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ ചരക്കുനീക്കം നടന്നത് ഹോങ് കോങ് വിമാനത്താവളത്തിലാണ്. ഇക്കാര്യത്തില്‍ ദുബായിക്ക് അഞ്ചാം സ്ഥാനമാണ്. നേരത്തെ ആറാംസ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്.