ദുബായ്: സ്വകാര്യമേഖലയ്ക്ക് ബസുകള്‍ വാടകയ്ക്ക് നല്‍കുന്ന 'തജീര്‍' സേവനം സജീവമായി തുടരുന്നു. പദ്ധതി നടപ്പിലാക്കിയത് മുതല്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) സ്വകാര്യ കമ്പനികളുമായി 960 വാടക കരാറുകള്‍ നടപ്പിലാക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 2012-ലാണ് അതോറിറ്റി തജീര്‍ സേവനത്തിന് തുടക്കമിട്ടത്.

സ്വകാര്യ, പൊതു, അര്‍ധ സര്‍ക്കാര്‍ മേഖലകളിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് യാത്ര ചെയ്യുന്നതിനാണ് പ്രധാനമായും വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത്. ടൂറിസ്റ്റ് കമ്പനികളും ഹോട്ടലുകളും ഇത്തരത്തില്‍ ബസുകള്‍ വാടകയ്ക്ക് എടുക്കാറുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ, ലോകോത്തര നിലവാരത്തിലുള്ള ബസുകളാണ് സേവനത്തിനായി വിട്ടുകൊടുക്കുന്നത്. ഒരുദിവസം മുതല്‍ ആറുമാസം വരെയും അതില്‍ കൂടുതല്‍ ഉള്ളവ ദീര്‍ഘകാല കരാറിലും നല്‍കും. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് വാഹനങ്ങളാണ് സാധാരണ ഗതിയില്‍ വാടകയ്ക്ക് നല്‍കാറ്.
 
ഡബിള്‍ ഡക്കറുകളും ഇവയില്‍ ഉള്‍പ്പെടും. ഇവയ്ക്ക് അതോറിറ്റി തന്നെ ഡ്രൈവര്‍മാരെയും നിയോഗിക്കും. ബസുകളെല്ലാം തന്നെ കേന്ദ്രീകൃത സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കും. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയാണ് ഇത്തരം സര്‍വീസുകളുടെ സവിശേഷതയെന്ന് ഡയറക്ടര്‍ ബാസില്‍ ഇബ്രാഹീം സഅദ് ചൂണ്ടിക്കാട്ടി.