ദുബായ്: ദുബായില്‍ ആംബുലന്‍സ് സേവനങ്ങള്‍ക്ക് പണം ഈടാക്കാന്‍ തീരുമാനം. അടിസ്ഥാന പ്രവര്‍ത്തന ചെലവുകള്‍ ഉള്‍പ്പെടുംവിധം 600 ദിര്‍ഹം മുതല്‍ അടിയന്തരഘട്ടങ്ങള്‍ക്ക് 1200 ദിര്‍ഹം വരെയാണ് ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസിന്റെ (ഡി.സി.എ.എസ്. ) സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്ക്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത് സംബന്ധിച്ച ഉത്തരവിറക്കി.

രോഗിയുടെ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. ആംബുലന്‍സ് സേവനങ്ങള്‍ക്ക് കോ-പേയ്‌മെന്റ് പോലുള്ള സാമ്പത്തിക ബാധ്യതപോലും രോഗികള്‍ക്ക് വരരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും ഇന്‍ഷുറന്‍സിന്റെ കാലാവധി കഴിഞ്ഞവര്‍ക്കും വേണ്ട സേവനങ്ങള്‍ ഡി.സി.എ.എസ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ആസ്​പത്രിയിലേക്കു കൊണ്ടുപോകാതെ പരിക്കേറ്റ സ്ഥലത്തുതന്നെ വേണ്ട ചികിത്സ നല്‍കി വിട്ടയക്കുന്നതിന് 600 ദിര്‍ഹമാണ് ഫീസ്.

സംഭവസ്ഥലത്തുനിന്ന് ആസ്​പത്രിയിലേക്ക് കൊണ്ടുപോകുന്നതിനു നല്‍കേണ്ടത് 800 ദിര്‍ഹമാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ മോക്ക് ഡ്രില്ലുകള്‍ പോലുള്ള പരിശീലന പരിപാടികള്‍ക്ക് 400 മുതല്‍ 2150 ദിര്‍ഹം വരെ നല്കണം. എന്നാല്‍ വാഹനാപകടങ്ങളിലാണ് പരുക്കേറ്റിരിക്കുന്നതെങ്കില്‍ സേവനങ്ങളുടെ ഫീസ് ബാധകമല്ല. മറിച്ച് ദുബായ് പോലീസിനും ഡി.സി.എ.എസിനും 6770 ദിര്‍ഹം അപകടത്തിന് കാരണക്കാരായവരുടെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഈടാക്കാം.