ദുബായ്: 2018-ല്‍ മേഖലയില്‍ ഏറ്റവും സ്വാധീനം ചെലുത്തുമെന്ന് കരുതുന്ന അറബ് വ്യക്തിത്വങ്ങളുടെ പട്ടികയില്‍ യു.എ.ഇ. ഭരണാധികാരികളും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമാണ് ഈജിപ്തിലെ അല്‍ അഹ്‌റം അല്‍ അറബി മാസിക പുറത്തുവിട്ടിരിക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഒരു യഥാര്‍ഥ നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും തികഞ്ഞ ഭരണാധികാരിയാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് എന്ന് ലേഖനത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ നയങ്ങളുടെ നേട്ടങ്ങള്‍ ഒരു വര്‍ഷത്തേക്കല്ല ദീര്‍ഘകാലത്തേക്കു സമൂഹത്തില്‍ ചലനമുണ്ടാക്കുമെന്നും ലേഖനത്തില്‍ പ്രതിപാദിക്കുന്നു. യു.എ.ഇ.യുടെ പരിചയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ മാസിക വിശേഷിപ്പിച്ചിരിക്കുന്നത്. സാംസ്‌കാരികമായി വലിയ മുന്നേറ്റമാണ് ശൈഖ് സുല്‍ത്താന്‍ രാജ്യത്തിനും അറബ് മേഖലയ്ക്കും സംഭാവന ചെയ്യുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് രാജകുമാരന്‍ അടക്കമുള്ള പ്രമുഖരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.