ദുബായ്: ദുരിതമനുഭവിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് അവശ്യസഹായം ആകാശമാര്‍ഗം എത്തിക്കാന്‍ എയര്‍ബ്രിഡ്ജ് സ്ഥാപിച്ച് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയമാനം നല്‍കിയിരിക്കുകയാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
 
ഇതുപ്രകാരം ആദ്യവിമാനം തിങ്കളാഴ്ച പുറപ്പെട്ടു. ഒക്ടോബര്‍ 11, 13, 15 തീയതികളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഭക്ഷണമുള്‍പ്പെടെയുള്ള സാധനങ്ങളുമായി പറക്കും. സ്വകാര്യവിമാനവും സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കാന്‍ ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശിലെ അഭയാര്‍ഥികള്‍ക്ക് ഇതുവരെ 270 മെട്രിക് ടണ്‍ സാധനങ്ങള്‍ നല്‍കി യു.എ.ഇ. സഹായിച്ചു.

8000 എണ്ണായിരത്തിലധികം അഭയാര്‍ഥികള്‍ക്ക് താമസമൊരുക്കാന്‍ സഹായിക്കുന്ന സാമഗ്രികളും മരുന്നുള്‍പ്പെടെ 10 ലക്ഷം ദിര്‍ഹത്തിന്റെ സാധനങ്ങളും യു.എ.ഇ. നല്‍കി.

യു.എ.ഇ. റെഡ് ക്രെസെന്റ്, യു.എന്‍.എച്ച്.സി.ആര്‍. തുടങ്ങിയ അന്താരാഷ്ട്ര ജീവകാരുണ്യസംഘടനകള്‍ വഴിയാണ് സഹായം വിതരണംചെയ്യുക.